29 Apr 2009

അഭിസാരിക

സ്ത്രീയായ് ജന്മമെന്നില്‍ ജനിപ്പിച്ചു ബ്രഹ്മദേവന്‍,
പഞ്ചബാണന്‍ കാമം കുറിക്കും കുറിസ്ഥലം തേടുന്നവള്‍,
എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും,
വിധിച്ചുവെനിക്കായ് എട്ടു അഭിക്രീഡാസ്ഥാനങ്ങൾ,


ശരീരം വിരിക്കും, നെല്‍ക്കതിരിന്‍ നിറം വയലില്‍.
ലത രാജികള്‍ നിറയും, പുണ്യമാം പൂങ്കാവില്‍.
ജീര്‍ണിച്ചുവാ തിരുനടയും, വിളക്കണഞ്ഞരാ ദേവാലയം.
വനം വന്യമായ്, ഭവനം ദൂതിമാരുമയ് സല്ലപിച്ചതും.
താപം കെടും ചുടുകാടും, തണുപ്പിന്‍ നീര്‍വറ്റിയ നദീതീരവും.
പിന്നെ നിശ്ശബ്ദമാം ആ‍ വിധിയിലെ വഴിയമ്പലവും.

വര്‍ണ്ണിച്ചു എന്നിലെ ആഡ്യത്തം പിന്നെയും മൂവിധം.

ഒതുക്കിയൊരുക്കിയോരാ അവയവങ്ങളും,
നിശ്ശബ്ദമാം അംഗോപാംഗ ആഭരണവും,
വസ്ത്രം നിറയും മേനിയില്‍ പൂമാല്യവും കുറിയും,
അഭിസാരിക പക്ഷെ അവള്‍ കുലസ്ത്രീ.

വര്‍ണം വിവിധം വിള‍ങ്ങും വേഷവും,
കാതില്‍ കൊരുക്കും കാല്‍ച്ചിലമ്പിന്‍ കിലുക്കം,
ആഭരണഭൂഷിതം മന്ദസ്മിതം സഹിതം,
അവള്‍ കാമം കിനിയും വേശ്യയായി.

മദം കൊണ്ടു് സ്ഖലിതമാം മൊഴികളും,
വിലാസം ഹേതുവായ് വിടരും അക്ഷികള്‍,
തട്ടി ത്തടയും ഗതി യോഗവും പദചലനവും,
അഭിസാരിക പക്ഷെ അവള്‍ ദാസി.

എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും,
എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും.

ഘനം

മേഘമായൊഴുകിയൊളിച്ചുവാ താപം ഹനിച്ചു,
വാദ്യമായ് ഓടിന്‍ ചേങ്ങില താളം പിടിച്ചു,
ഇടമട്ടിലായൊരാ നാട്യ മുദ്രാ ചലനം,
മൂര്‍ഛയേറിയൊരാ ഇരുമ്പുലക്കയോ, അതോ ഗദയോ, മുള്‍ത്തടിയോ?
അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

ഇടതൂര്‍ന്നതോ നിബിഡമോ ? അതോ ബഹുമാനമോ?
കഠിനം ഉരുക്കോ അതോ അഭ്രകമോ?
മുത്തങ്ങയൊ? മുളകോ? മരവുരിയോ?
ശരീരമോ? കൂടമോ? ഗുണനഫലമോ?
അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

നീ തന്നെ രൂപനിര്‍ണയത്തിലെ ആപേക്ഷികത
പറയൂ അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

3 Apr 2009

വളരുന്ന ജീവിത ചക്രം.

പിതാവറിയാതെ, കുരങ്ങന്‍ ജെനിച്ചു.
കാശിന്റെ കയ്കള്‍ വിലപേശി.
വിലാപത്തിന്‍ നീര്‍കണം മേഘത്തില്‍ ലയിച്ചു.
പണമരത്തില്‍ ചാടിക്കയറിയ കുരങ്ങന്‍ പിടി വിട്ടു.
വന്നു പതിച്ചതോ ആ അമ്മത്തൊട്ടിലില്‍.
ആടിയുലഞ്ഞ തൊട്ടിലിനേക്കാള്‍ നല്ലത്
ആടിയുലയുന്ന പണമരത്തിന്‍ ചില്ലയെന്നു തോന്നി.
വിലകുറഞ്ഞ തെരുവുകള്‍ ചില്ലറകള്‍ വിശാലമാക്കി.
വിശപ്പ് നാണത്തെ മറച്ചപ്പോള്‍ കയ്യില്‍ കഠാര.
കഠാര കയ്കള്‍ നനച്ചപ്പോള്‍ കമ്പിയഴികള്‍ കൂട്ടുകാരായി.
പണമരത്തിന്റെ അവശ്യമോ, അതോ പേടിയൊ?
കറുത്തകോട്ടിട്ട വാചാലന്‍ പണമരത്തിനു തണലായി.
കൂട്ടിലെ പാപത്തിന്‍ കിളി പറന്നുതുടങ്ങി.
പണമരം കുലുങ്ങി. ചില്ലറകളുടെ ഭാരം കുറഞ്ഞു.
പണമരം വീണ്ടും കുലുങ്ങി.
പച്ച നോട്ടുകള്‍ പഴുത്തു തുടങ്ങി.
കണ്ടവരില്ല. കമ്പിയഴികള്‍ അന്യമായി.
കാക്കികള്‍ കദറിനു കഞ്ഞിപ്പശയായി.
വെളുത്ത കദറിനു പിന്നില്‍ കറുപ്പ് നിഴലിച്ചു.
കറുപ്പ്, കദറു ധരിച്ചുതുടങ്ങി. കറുപ്പ് വെളുപ്പായോ?
പണമരം പൂത്തു കായ്പൊഴിച്ചു.
കറുത്തുരുണ്ട് കുരങ്ങന്‍ വീണ്ടും ജെനിച്ചു.
കാശിന്റെ കയ്കള്‍ വിലപേശി.
കറുത്ത വെളുത്ത, കദറിനു പിന്നില്‍ കറുപ്പ് നിഴലിച്ചു.
വെളുത്ത? കദറില്‍ ചുടു ചോര ഉറഞ്ഞു.
കുരങ്ങന്റെ കയ്യില്‍ വീണ്ടും കഠാര.
മറ്റൊരു പണമരം കുലുങ്ങിച്ചിരിച്ചു.