17 Jun 2009

മോഹം

പാഥേയം|ലക്കം 7| ജൂണ്‍ 2009| ഇടവം-മിഥുനം 118 - ല്‍ വായിക്കൂ

അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങുമാ,
പൈതലിന്‍ സ്വാന്തന സ്വപ്നത്തിനോ.. ?
ദാഹിച്ചുനില്‍ക്കുമാ ഭിക്ഷുവിന്‍ കണ്ണിലെ,
വാതില്‍പ്പടിയിലെ കാല്‍പ്പാദത്തിനോ.. ?
പ്രേമിതന്‍ ഹൃദയസ്വരത്തിന്‍ പ്രതീ‍കമാം,
പ്രേമലേഖനത്തിന്‍ മറുവരിക്കോ.. ?


കാണാതെപോയ കിടാവിനെ അമ്മയ്ക്കു
കണ്ടുകിട്ടിയിട്ടുണ്ടായ കണ്ണീരിനോ...?
കാറ്റിലും കോളിലും കടലിനെ കാണുമാ
മുക്കുവന്‍ പെണ്ണിന്റെ കാത്തിരിപ്പിനോ..?
നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍
കടാക്ഷിക്കുവാ‍ന്‍ തുനിയുന്ന കൈകളേയോ.?
വിശപ്പിനെ മറന്നു തന്‍ മുട്ടയില്‍ ചൂടേകും
വിരിയുന്നതിനായി കാക്കും പക്ഷിതന്‍ ക്ഷമയോ..?
എന്നിലെ എന്നെ വെടിഞ്ഞു ഞാന്‍ എന്തിനോ,
ചാലിക്കുമീ അക്ഷരക്കൂട്ടിന്‍ ആശയത്തിനോ ?
എന്തിനോടിന്നെനിക്കീ മോഹം.. ?
പറയൂ എന്താണെനിക്കീ മോഹം ?
അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ?
Creative Commons License

13 Jun 2009

നിറമില്ലാത്ത ജീവന്‍

വേറിട്ട ഒരു ഒറ്റയടിപ്പാതയില്‍ നടന്ന എന്നോടാരോ പിന്നില്‍ നിന്നു ചോദിച്ചു “നീ ആര്” പക്ഷെ ഉറവിടം കണ്ടെത്താന്‍ വിഷമിച്ചു.. ഉദ്യമം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മുന്നില്‍ നിന്നതേ ചോദ്യം...
അതു ഞാന്‍ തന്നെയായിരുന്നു.. അല്ല എന്റെ മനസ്സിലെ സമ്മിശ്ര വൈരീ ചിന്താ ശകലങ്ങള്‍ക്കു നിറമില്ലന്നു മന്‍സ്സിലാക്കിത്തരുവാന്‍ ആ ഏഴുനിറങ്ങള്‍ ചേര്‍ന്ന ധവളപ്രകാശം എന്നില്‍ തട്ടിയുണ്ടാക്കിയ നിഴലായിരുന്നു.. അതും ആ ഏഴുനിറങ്ങള്‍ക്കു പിറന്ന ധവളതയുടെ ഒരു പ്രഭാവവും കാണിക്കാതെ കറുത്തിരുന്നു..

ഞാന്‍ ഈ പ്രപഞ്ചാത്താലുണ്ടായ പഞ്ചഭൂത നിര്‍മിതവസ്തു മാത്രം, നാളെ പ്രപഞ്ചത്തിലേക്കു ലയിച്ചു ചേരേണ്ട നിറമില്ലാത്ത ചേതന മാത്രം... ഞാന്‍ നിറമില്ലാത്ത വര്‍ണമാകുന്നു... ഞാന്‍ പ്രഭയില്ലാത്ത പ്രകാശമാകുന്നു..


Creative Commons License

9 Jun 2009

ജീവന്റെ വിടവാങ്ങല്‍

ഈ ജീവനില്‍ എവിടെയാണ് നിന്നെ മറക്കുവാനുള്ള നിമിഷം?
“എന്നെ മറക്കണം” എന്നു നീ പറഞ്ഞ ആ നിമിഷം ഞാനില്ലാതെ ആയി.
ഏതു വികാരമാണ് നിന്നിലാ ശബ്ദം പുറപ്പെടുവിക്കാനുള്ള കരുത്തേകിയത്. പക്ഷെ നിന്റെ ആ വാക്കുകള്‍, ഹൃദയത്തിലകപ്പെട്ട ചില്ലുകള്‍ പോലെ മുറിവുകള്‍ മാത്രം അവശേഷിപ്പിച്ചു, പിന്നെ ജീവനില്‍ നിന്നൊഴിയുവനായി തന്ന ഒരു ക്ഷണപത്രികയും.


ഇന്നു ഞാന്‍ അറിയുന്നു, ആ വാക്കുകളില്‍, വേര്‍പാടിന്റെ തീരാത്ത ദുഃഖം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന്. എന്നെ വിട്ടുപോകുമെന്നു മാത്രമെ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ... പക്ഷെ, ഇത്ര അകലത്തില്‍ , തിരിച്ചുവിളിക്കുവാന്‍ കഴിയാത്തത്ര അകലത്തിലേക്ക് നീ എന്തേ പോയീ..? അതിന്റെ കാരണത്തിന്റെ ആഴം അളക്കുവാന്‍ എന്റെ ഹൃദയമാപിനിക്കു കഴിവില്ല..
എന്നെ തനിച്ചാക്കി, നീ സഞ്ചരിച്ച അതേ വഴികളിലൂടെ പിന്തുടരുവാന്‍ അതിയായ മോഹം. നിന്റെ ഓര്‍മകള്‍, എന്നെ ആ പാതയിലേക്ക് വരുത്തുവാനുള്ള നിമിത്തമായി മാറുമ്പോള്‍ തന്നെ, ആ ഓര്‍മകള്‍ എന്നെന്നേക്കുമായി നഷ്ടമായാ‍ലോ എന്ന ഭയം പിന്തിരിപ്പിക്കുന്നു.
ഉണരാനും ഉറങ്ങാനും മറന്നു ഞാനിന്ന്... നിന്റെ ഓര്‍മകള്‍, തീരാ വ്രതമായി ഇന്നെനിക്ക്. ആ ഓര്‍മകളെ മാത്രമായി ഞാനിന്നാരാധിക്കുന്നു. പക്ഷെ കടാക്ഷിക്കുവാന്‍ നീ പ്രത്യക്ഷമാകുന്നത് സ്വപ്നങ്ങളില്‍ മാത്രമാകുന്നു. അരികിലിരുന്നോമനിക്കുവാന്‍ നീ അന്യമായിരിക്കുന്നു, പകരം നീ നിറച്ചത് ആഴമേറിയ ഏകാന്തത മാത്രം.
ഞാനറിയാതെ എന്നെ നിന്നിലേക്കലിയിക്കൂ, അതിനുള്ള കഴിവ് നിനക്കിപ്പോഴും ഉണ്ട്. നീ പോയ പാത പിന്തുടര്‍ന്ന് ഞാനിതാ എത്തുന്നു. എന്നെ കൈപിടിച്ചു കൊണ്ടുപോകൂ..


Creative Commons License

4 Jun 2009

പഞ്ചഭൂതസമാഗമം
സര്‍വ്വം സഹഃ, വിശേഷണം ഭൂഷണം
വികാരവതിയായി ഇതരഭൂതമാം..
ധാരാശക്തിയായ് ജലധിയിലതു ജലമായ്..
തഴുകി മാറ്റിയോ മാരുതന്‍ മഴയെ?
ജനനിതന്‍ ജീവനിന്‍ ആധാരമായി
ജലത്തേയും ജനിപ്പിച്ചു പവനന്‍
ജനിച്ചു. ഇനി മരണം സുനിശ്ചിതം
പാവനി, പാപനാശിനി അഗ്നി പൊരുള്‍ കൊണ്ടു
ദഹിപ്പിക്കും ജനനിതന്‍ മക്കളെ
ചേര്‍ന്നു വീണ്ടുമാ സര്‍വ്വം സഹയില്‍.
ആദ്യമോ അദ്യമോ അവന്‍ ഗഗനം,
സര്‍വ്വം സ്ഥിതിയില്‍ മായയായ്,
ഭൂതസമാഗമ ദ്രിഷ്ടികോണില്‍
ധൃഷ്ടതയോടെ വേറിട്ടുനിന്നു വീക്ഷിച്ചു.