30 Jul 2009

ആത്മബന്ധം

പാഥേയം|ലക്കം 8| ആഗസ്റ്റ് 2009| കര്‍ക്കടകം-ചിങ്ങം 1184/5-ൽ വായിക്കൂ

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്



ഉണ്ണീ
.... ടാ ഉണ്ണീ....!
എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളികേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...!
എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാണോ എന്തോ, അമ്മ മുറിയില്‍നിന്നും ഇറങ്ങിവന്നു, കലങ്ങി, ഉറക്കമിളച്ചപോലുള്ള ആ നോട്ടം കണ്ടിട്ട് എനിക്കു വല്ലാതെ തോന്നി. പിന്നെ ഉണ്ണിയെ ഞാന്‍ വിളിച്ചില്ല.
ചിലപ്പോള്‍ ഇന്നവന്‍ ട്യൂഷന് നേരത്തേ പോയിട്ടുണ്ടാവും...! സമയം അപ്പോഴാണ് ഞാന്‍ നോക്കിയത്. സുകൂളില്‍ പോകാന്‍ നേരമായിരിക്കുന്നു.. “എന്നും വിളിക്കുന്നതല്ലേ, ഇന്നന്താ അച്ഛനുമായി വഴക്കടിച്ച് അമ്മ എന്നോടും പിണങ്ങിയോ..? സമയം പോയതു കണ്ടില്ലേ... എനിക്കു പൊതി കെട്ടി താ.. ” അമ്മയുടെ മുഖം ദയനീയമായി... “ഓ, അപ്പോള്‍ ഇന്നും ഇല്ല അല്ലേ..”

ഒരുങ്ങിയിറങ്ങുന്നതു കണ്ടിട്ട്, പതിവില്ലാതെ അച്ഛന്‍ ചോദിച്ചു ഇന്നു പോണോ എന്ന്..? എന്റെ ഉറക്കപ്പിച്ച മുഖം കണ്ടിട്ടാകും അങ്ങനെ ചോദിച്ചത്.. മറുപടി പറയാതെ ഞാന്‍ സൈക്കിള്‍ നോക്കി.. ഹാ ഞാനും അവനും സൈക്കിളിലാണ് പോകുന്നത്. ദൈവമേ, പഞ്ചറായിരിക്കുന്നു...! എന്റെ സൈക്കിള്‍ പെണ്‍പിള്ളാര്‍ക്കുള്ളതാണെന്ന് പറഞ്ഞ് അച്ഛനുമായി പുതിയ സൈക്കിള്‍ വാങ്ങുന്നതിനു വഴക്കടിച്ചിരുന്നു, അപ്പോള്‍ പിണങ്ങിയതാണവന്‍...!

സ്കൂളില്‍ ചെന്നു, അവനെ കണാന്‍ സമയം കിട്ടിയില്ല, എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, ഛെ, താമസിച്ചിരിക്കുന്നു. പക്ഷെ ടീച്ചറിനിതെന്തു പറ്റി വഴക്കൊന്നും പറയുന്നില്ല... ഭയങ്കര ക്ഷീണം, ഡസ്കില്‍ തലവെച്ചു ഞാന്‍ ഉറങ്ങിപ്പോയി. ടീച്ചര്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. വഴക്കുപറയും എന്നു വിചാരിച്ചു, പക്ഷെ ഒന്നു പറഞ്ഞില്ല..

ക്ലാസ് കഴിഞ്ഞു അവന്റെ കൂടെ പോകണം, എന്നെ പറ്റിച്ചുകടന്നുകളഞ്ഞവനല്ലേ... !
പുസ്തകങ്ങള്‍ എടുത്തുവെയ്ചിറങ്ങാന്‍ അല്പം വൈകി, ഞാന്‍ ഓടി സൈക്കിള്‍ വെയ്ക്കുന്നിടത്തേക്കു വന്നു, കാത്തുനിന്ന് ക്ഷമകെട്ടവന്‍ പോയിട്ടുണ്ടാകും... വേഗത്തില്‍ പോകുന്ന പതിവില്ലല്ലോ അവന്..? ഞാന്‍ സ്കൂളിന്റെ ഗേറ്റും കടന്ന് ടാര്‍ റോഡിലേക്കു നോക്കി..? ഇല്ല കാണുന്നില്ല..! ആ വളവും കഴിഞ്ഞ് പോയിട്ടുണ്ടാകും, കഴിവതും വേഗത്തില്‍ ഞാന്‍ നടന്നു..! വീട്ടിലേക്കുള്ള ഇടവഴിയിലിറങ്ങി. ദൂരേ ആരോ സ്കൂള്‍ യൂണിഫോമില്‍.... ഞാന്‍ ഓടാന്‍ തുടങ്ങി..


അപ്പോഴാണ് ഒരു വിളി പുറകില്‍നിന്ന്...! അതെ ഉണ്ണി തന്നെ! അവന്റെ കയ്യില്‍ ബാഗില്ലല്ലോ..? യൂണിഫോമിനു പകരം വെളുത്ത വസ്ത്രം..? ആ വെളുത്ത വസ്ത്രത്തില്‍ അവനെ കാണാന്‍ നല്ല ചേലുണ്ടായിരുന്നു..!
“അക്കയെന്താ ഇത്രേം വേഗത്തിലോടിയത്..? എന്നോട് ഇഷ്ടമില്ലല്ലേ..?”
“ ഇതു നല്ല കൂത്ത്, നീ പോയിട്ടുണ്ടാകുമെന്നുകരുതി ഞാന്‍ ഓടുകയായിരുന്നു..!”
“അക്കയെ വിളിച്ചോണ്ടുപോകാനല്ലേ ഞാന്‍ സ്കൂളിന്റെ മുന്‍പില്‍ കാത്തുനിന്നത് എന്നെ കണ്ടില്ലായിരുന്നോ..?”
“ഇല്ല, നീ എന്തേ രാവിലെ വിളിക്കാതെ പോയത്..?
“ഇന്നലയേ ഞാന്‍ പോയിരുന്നല്ലോ അക്കേ.. രാവിലെ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നു, പിന്നെ സ്കൂളില്‍ വന്നു വിളിക്കാമെന്നു കരുതി... ”
“നമുക്കു പോകാം അക്കേ...! അക്കേടെ ഉടുപ്പിന് ഈ നിറം തീരെ ചേരില്ല....! നല്ല വെളുത്തതായിരുന്നെങ്കില്‍ എന്റേതുപോലെ ആയേനേ അല്ലേ...?”
“അതെ...!”
എന്റെ വസ്ത്രത്തിന്റെ നിറം മങ്ങിമാറുന്നതുപോലെ..! ഉണ്ടായിരുന്ന തലവേദനയും പോയി..! ഭാരമില്ലാതെ പറക്കുന്നതുപോലെ.. ഹായ് എന്തു രസം..!
അടുത്ത വീട്ടിലെ അമ്മൂമ്മ ആ വഴി വരുന്നു..!
“ഇവള്‍ക്കിതെന്താ പറ്റിയത്....?” ഒന്നുമില്ലന്നു പറഞ്ഞപ്പോഴേക്കും അവര്‍ നിലവിളിക്കാന്‍ തുടങ്ങി....!

“ ഉണ്ണി പോയതിന്റെ ദുഃഖമാണവളേയും... ഈശ്വരാ...!”

ഞാനും ഉണ്ണിയും ചേര്‍ന്ന് വീട്ടിലേക്കു പോയി...! അവന്‍ വാതോരാതെ പറയുന്നുണ്ടായിരുന്നു... പുതിയ വീടിന്റെ വിശേഷങ്ങള്‍.. അതാസ്വദിച്ച് അവന്റെ കൂടെ ഞാനും... !

Creative Commons License

24 Jul 2009

മൂകസന്ധ്യ.

പകലുകൾ അകലെ അലിയും,
നിശയോ സന്ധ്യയില്‍ അലയും..!

കൂടുകൾ വിട്ടൊരാ പക്ഷികൾ പാടും,
പാട്ടിന്റെ ഈണം പകരാമോ....?
സഖീ, പാട്ടിന്റെ ഈണം പകരാമോ....?

രാവുകൾ തീർത്തൊരാ യാത്രയാം സംഗീതം,
ശോകമായ് തേങ്ങിയോ വിരഹമീ ഗാനം..?

ഇന്നലെ നീ തന്ന ഓർമതൻ ചിറകുകൾ,
പിന്നെയും പൊഴിയുന്നതെന്തേ..?
സഖീ, പിന്നെയും പൊഴിയുന്നതെന്തേ..?

ഈറനാം മിഴികൾ പറയാതെ പകരുന്നോ,
ശോകഗാനത്തിൽ നീറുമീ നീണ്ട നിലാമഴ..?

അഴകാർന്ന നിൻ മുഖ ചിത്രമെഴുതുമ്പോൾ,
ആരാരുമറിയാതെ പടരുന്നതെന്തേ..?
സഖീ, അകലേക്കായി മറയുന്നതെന്തേ..?

പിന്നെയും പകലുകൾ അലയുന്നോ സന്ധ്യയിൽ,
നിശയുടെ ഹൃദയത്തിൻ രാഗങ്ങൾ തേടി..?

നോവുമായ് ഉറങ്ങുമീ മൂകവിഷാദം,
ഒരുനോക്കിനാ‍യ് ഉണരുന്നതെന്തേ...?
സഖീ, ഒരുവാക്കിനായ് ഉണരുന്നതെന്തേ...?

Creative Commons License

12 Jul 2009

ഭക്തിതൻ കവിത

ത്രിസന്ധ്യ എഴുതിയ കവിത,
ദീപാരാധനയാം കവിത..!

ആരാധനയിൽ അകമഴിയും,
ആനന്ദത്തിൻ കവിത..!

അധരങ്ങൾ മന്ത്രിക്കും അനുരാഗത്തിൻ,
ശുഭ ജപ മന്ത്രത്തിൻ കവിത..!


തൊഴുകൈകൾ വിറകൊള്ളും,
ഹ്രിദയത്തുടിപ്പിൻ പാരമ്യത്തിൻ കവിത..!

തുളസിക്കതിർ പൊഴിക്കും തീർത്ഥജലത്തിൻ,
തുള്ളികൾ തീർത്തൊരു കവിത..!

ചന്ദന സുഗന്ധത്താൽ നിറയും,
മന്ദമാരുതൻ തെന്നിത്തെറിപ്പിക്കും കവിത..!

ഭക്തിയിൽ ആറാടുന്നൊരാ,
ദർശന ഭാഗ്യമാം കവിത..!
ഇതു ദർശന ഭാഗ്യമാം കവിത..!



Creative Commons License

6 Jul 2009

സ്നേഹവും തേടി

പെയ്തൊഴിഞ്ഞ മാനത്തിൽ,
നീല നിഴലാട്ടമെന്നപോൽ,
അകലെയെങ്ങോ ആരോ,
നോവിന്റെ ഗാനം മൂളവേ..!


കുഞ്ഞു പ്രാവിന്റെ തൂവൽ പോൽ,
തഴുകുന്നു നോവുമീണമായ്,
മൊഴിമറന്നു മൌനമായ്,
ഇന്നിതാ എൻ മനസ്സും...!

വഴിമറന്ന പക്ഷിപോൽ,
ഒഴുകുമീ വിരഹവും,
തിരയും ആ തരളിത,
സ്നേഹസ്പർശത്തിനായ്.

ചെറുതിരിയായ് എരിയുമാ,
സ്നേഹമേ നിനക്കുമാത്രമായ്,
ദൂതുമായി വന്നു എൻ,
നേർത്ത മിഴിനീരിന്നിതാ...!

Creative Commons License