24 Dec 2010

ആ പെൺകെട്ട്

അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരുങ്ങിയിരുന്നത് ? പുടവയുടെ ചുരുക്കിൽ മഞ്ഞൾ പൊതിഞ്ഞ്, നെറുകയിൽ സിന്തൂരമണിഞ്ഞപ്പോഴും അവൾ തിരയുകയായിരുന്നു. ജീർണ്ണിച്ച ജീവിതമായിരുന്നോ അവൾ തേടിയിരുന്നത്. ജീവന്റെ ജീനുകളായ ബന്ധത്തിന്റെ ആഴം, നുകത്തിലെ കാളയ്ക്കുസമമാകുന്ന ലോകത്തിൽ അവൾ ഉത്തരങ്ങളായിരുന്നോ തേടിയത് ? ആ വികാരങ്ങളുടെ മഴയിൽ പടർത്തിയ സിന്ദൂരം തിരിച്ചു ചേരില്ലന്നറിഞ്ഞപ്പോഴും അവൾ തേങ്ങുകയായിരുന്നു എന്തിനോവേണ്ടി. ചാർത്തിയ താലിയുടെ അറ്റം എത്തിപ്പിടിക്കാൻ വികാരപ്രക്ഷോഭങ്ങൾ നിർവികാരമായി ഒഴുകിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ലേ, അവൻ കെട്ടിയത് പെൺകെട്ടായിരുന്നെന്ന് ! ഇതിനെല്ലാം ഇടയിൽ പല ജീവനും ജീവനറ്റുകൊണ്ടിരിക്കുന്നു, അവർ ഈ പേക്കൂത്ത് കണുന്നു, അറിയാതെ തന്നെ അതിൽ പങ്കാളികളായി. ചിലർ റഫറിയാകുന്നു, ചിലർ വിഷാദത്തിലകപ്പെടുന്നു, ചിലർ കണ്ണീർ വാർക്കുന്നു, ചിലരാകട്ടെ ഗതികെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണവൾ തിരയുന്നത് ?

29 Nov 2010

വഴി

പൊരി വെയിലിലെ മൺൽക്കൂനകൾ,
തണൽ പിടിച്ചവശനായ്.......
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,
തൻ നിലക്കായ് മറപിടിച്ചു സ്വയം...

ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,
താപരശ്മികളെയും......
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...

ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..
സ്രോതസ്സുകൾ...
കണ്ടെടുത്താ വിസർജ്യത്തിലും...
മണല്പരപ്പിലും മൂലകങ്ങൾ....

ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..
സ്വശരീരമായ്...
മരിക്കുവാതിരിക്കുവാൻ...
വേണ്ടി മാത്രമായിരുന്നില്ലത്..

ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..
മരുവിലും വൻ തണലായ് മാറി..
മരുപ്പച്ചയായ് വളർന്നു മറുപടി..
പറഞ്ഞിരുന്നു...

പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
താൻ വന്ന അതേ വഴിയെ..

22 Sept 2010

ചിന്തയുടെ ആധാരം

മുകളിലോ താഴെയോ?
ഉയരത്തിലോ ആഴത്തിലോ ?
ആദ്യമോ അന്ത്യമോ?
ഇടത്തോ വലത്തോ ?
ശൂന്യത്തിലോ പിണ്ഡത്തിലോ?
വഴിയിലോ ? വീട്ടിലോ ?
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.

22 Aug 2010

അഹന്ത




ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,
തീരത്തെ തകർക്കുമെന്ന വാശിയിൽ,
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.

അഗാധതയിൽ പോയി നോക്കിയപ്പോൾ,
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.


19 Jul 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.



15 Jul 2010

ഭൂമി ശില്പികളുടെ ശില്പശാല

ഞാനൊരു ചെറു ശില്പം ഈ ഭൂമിയില്‍,
ശില്പിയെത്തേടിയിറങ്ങിയൊരു ശില്പം.
ശില്പങ്ങള്‍ നിറയെ ശില്പങ്ങള്‍ എങ്ങും,
ജീവന്‍ തുടിക്കും ചലിക്കും ശില്പങ്ങള്‍.

ചീളുകള്‍ ചീളാതൂളികള്‍ ഉടക്കാതെ,
അമ്മതന്‍ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍.
അമ്മേ നീയോ എന്‍ ശില്പി ഈ ഭൂമിയില്‍?
അറിയില്ലന്നോ താനൊരു ശില്പിയാണെന്ന്!

നിന്റെ ശ്രിഷ്ടിക്കു നീ അറിഞ്ഞുനല്‍കിയ,
രസങ്ങളെ കാണുവാന്‍, നിനക്കറിയില്ലേ?
ഈ ചിന്തകള്‍ നീ വാര്‍ത്തെടുത്തതല്ലേ?
ഈ ചോദ്യങ്ങളും നീ ശ്രിഷ്ടിക്കുന്നതല്ല്ലോ?

ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മാത്രമറിയാം,
അമ്മയെത്തീര്‍ത്തതും നീ തന്നെയോ?
അമ്മയൊരു ശില്പിയോ അതോ ശില്പമോ?
അതോ ശില്പങ്ങള്‍ തീര്‍ക്കുന്നതമ്മമാരോ?

നിന്‍ വിരുതുകള്‍ നോക്കിയിരിക്കുന്നതും,
നിന്‍ ചിന്തകള്‍, പ്രയോഗിച്ചീടുന്നതും,
അതുകണ്ടു നോക്കിച്ചിരിക്കുന്നതും,
നീ തീര്‍ത്ത ശില്പങ്ങളാണെന്ന് കാണുക.

ജീവന്റെ രഹസ്യങ്ങള്‍ കൊത്തിമിനുക്കി,
നീ കൊടുത്ത കഴിവുകള്‍ വെച്ചു നിരത്തി,
ശ്രിഷ്ടിച്ച ശില്പങ്ങള്‍ മറ്റുള്ളവയ്ക്ക്,
ശില്പിയെപ്പോലെ വിലപേശുന്നുവോ?

ഹേ ശില്പീ നിനക്കിതെന്തു പറ്റി...?
നിന്റെ ശില്പങ്ങള്‍ നിലക്കുനില്‍ക്കുന്നില്ലേ?
നല്‍കിയ കഴിവുകള്‍ നിന്നില്‍ കാട്ടുന്നോ?
നിന്നെ സ്തുതിക്കേണ്ടവര്‍ നീരസം കാട്ടുന്നോ?

ശില്പങ്ങള്‍ നീ അറിയാതെ ഉടച്ചെടുക്കുന്നോ?
അച്ചുകള്‍ പകുതിയില്‍ വലിച്ചെറിയുന്നോ..?
പുതിയ പരീക്ഷണങ്ങള്‍ നീ നടത്തുമ്പോള്‍
പുതിയ പതിപ്പുകള്‍ ഭൂമിയില്‍ പിറക്കുന്നോ?

ശില്പങ്ങള്‍ ശില്പങ്ങളെ തച്ചുടയ്ക്കുന്നു..
വിരൂപമാം ശില്പങ്ങളെ ശ്രിഷ്ടിക്കുന്നു..
വിരൂപമാം ശില്പങ്ങള്‍ കാഴ്ചയാകുന്നോ?
വീണ്ടും പല ശില്പ്ങ്ങള്‍ ശില്പിയാകുന്നോ?


ശില്പങ്ങള്‍ ശില്പങ്ങളെ പൂവിട്ടു പൂജിച്ച്,
അവര്‍ ശില്പങ്ങളെന്നറിയാഞ്ഞിട്ടോ.. ?
ശില്പീ നിനക്കു ഭ്രാന്തായോ അതോ..
നിന്റെ ശില്പങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ..?

ഗര്‍ഭപാത്രത്തെ അച്ചുകളാക്കുമ്പോള്‍,
ശില്പികള്‍ അച്ചുകള്‍ ഉപേക്ഷിക്കുമ്പോഴും,
എല്ലാം നോക്കി ചിരിക്കുന്ന നീയൊരു..
വെറും ചലിക്കാതെ ചതിക്കും ശില്പമല്ലേ.?
 

ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?
ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?




7 Jul 2010

തനിയാവര്‍ത്തനങ്ങള്‍

അതെ അവൾക്ക് ഇന്ന് 24 വയസ്സായിട്ടുണ്ടാകും.. റിസേർച്ച് ലാബിലെ അനൈലൈസറിന്റെ ലോഗിലെ ദിവസം എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റായി വീശി....

ഹേയ് ശ്രീ! ലൈക്ക് എ കോഫീ വിത്ത് മി..? അനു ചോദിച്ചു.
ഐ ആം സോറി.....  ഐ ആം.... (ഞാൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചു)
ഇത് മൂന്നാം തവണയാ ശ്രീ എന്നെ ഒഴിവാക്കുന്നത്...! എന്തായാലും ശ്രീ ഇന്നെന്റെകൂടെ വന്നേ പറ്റൂ..
സ്കൂളിലെ ആ ചുമന്ന തൂണിനടുത്ത് പരുങ്ങിനിന്ന പഴയ എന്നെ ഞാൻ ഓര്‍ത്ത ..
 ലെറ്റ് മി സീ....!
മുഴുമിക്കുന്നതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു..
താൻൿ ഗോഡ്.. ഒ കെ ലെറ്റ്സ് മീറ്റ് ഇൻ ദി കോഫീ ഡേ...
നോ അനൂ.....(ഞ്ഞാൻ വേണ്ട എന്ന് പറയാൻ തുനിഞ്ഞു...)
ഒന്നും പറയണ്ടാ.. നമ്മൾ ഇന്ന് വൈകുന്നേരം കോഫീ ഡേയിൽ കാണും.. ബൈ...
മുഖത്ത് ചിരി പടർത്തി അനു നടന്നകന്നു..

ശനിയാഴ്ച പകുതി ദിവസം മാത്രമേ വർക്കുള്ളൂ.. അനുവിനു സന്തോഷിക്കുവാൻ കുറച്ചുനേരം.. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മിന്നൽ പോലെ മറഞ്ഞു.

12 ആം ക്ലാസ് അവസാനം ലാബ് പരീക്ഷാ ദിവസം, അര്‍ച്ചന, ചുരുണ്ട മുടിയുള്ള കവിളില്‍ മറുകുള്ള ഉണ്ടക്കണ്ണി എന്നത്തേയും പോലെ ചുവന്ന പെയിന്റടിച്ച തൂണിന്നരുകില്‍ കൂട്ടുകാരിക്കായി കാത്തു നില്‍ക്കുന്നു..
ആ കാത്തുനില്പ് എനിക്കായിട്ടുള്ളതായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.
ഇനി ഒരിക്കലും പറയാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ചിന്ത എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും പുസ്തകങ്ങള്‍ നേഞ്ചോട് ചേര്‍ത്ത്പിടിച്ച് പേടിയോടെ എന്നെ നോക്കിയത്.. ഹോ..! ഇപ്പോഴും മായാതെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു ആ നോട്ടം...

അച്ചൂ, നിനക്കറിയാം ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്താണെന്ന്..! കുറേ മാ‍സങ്ങളായി ഒരു നോട്ടം പോലും തരാതെ നീ ഒഴിഞ്ഞുമാറുന്നു.. ഈ ദിവസം അതു പറഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് കഴിഞ്ഞില്ലങ്കിലോ..!

പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ റിംങ്ങ് എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വിളിച്ചു...

Love may be a small thought. But it become love when you feel that thought from your heart.

അനുവിന്റെ മെസ്സേജ്...!
അതെ ശരിയാണ് പക്ഷെ that thought should touch your heart, then only we can feel it. വെറുതെ ഓര്‍ത്തു....


ഉത്തരം ലഭിക്കാത്ത മെസ്സേജുകള്‍ പോലെ, ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ എഞ്ചിനീയറിങ്ങിന് അന്യനാട്ടില്‍.. വര്‍ഷങ്ങള്‍ ചിലതുകഴിഞ്ഞു, പല കാര്യങ്ങളിലും മുന്‍പിലായിരുന്നു..
മൂന്നാം വര്‍ഷം കുറേ കുട്ടികള്‍ കൂടി നിന്നടത്ത് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് വക ഒരു പുകഴ്ത്തല്‍
“ I feel, you are so different and matured sree....  ” ഇത് കേള്‍ക്കുവാന്‍ അനുവിനെപ്പോലെ മറ്റൊരു മുഖവുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.. ആതിര!

ലൈബ്രറിയിലെ പുസ്തകങ്ങളും കംബ്യൂട്ടറുകളും കൂട്ടുകാരായി മാറി, ഞാന്‍ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിരുന്ന ആതിര ഒരിക്കല്‍ എന്റെ മുന്‍പില്‍ വന്നു. മൂന്നു വര്‍ഷം മുന്‍പ് എന്റെ മനസ്സില്‍ കൊണ്ടുനടന്ന, ആ തൂണിനെ നോക്കി പറയാതെ പറഞ്ഞ അതേ കാര്യങ്ങളുടെ ആവര്‍ത്തനം.

ഞാന്‍ എന്താ പറയാന്‍ വരുന്നതെന്ന് ശ്രീക്കറിയാം....! അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു....

പോകുന്നില്ലേ... എന്താടോ ഓര്‍മകള്‍ അയവിറക്കുകയാണോ.. റിംങ്ങിനുപകരം സുഹൃത്ത് തോമസ്  വര്‍ത്തമാനത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചു.
ഹേയ് നത്തിങ്ങ്.. ഞാന്‍ ഞാന്‍..
ഓ കെ , ഞാന്‍ പോകുന്നു..
ഹേയ് തോമസ്, കോഫീ ഡേ വരെ ഒരു ലിഫ്റ്റ് തരുമോ...
അതിനെന്താ.... എന്താടോ പതിവില്ലാതെ കോഫീ ഡേയില്‍....?
ഞാനതിനു മറുപടി പറഞ്ഞില്ല..


 അനു പറഞ്ഞതിലും, രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ കോഫീ ഡേയില്‍ വന്നിരിക്കുന്നു.. എന്തിന്..? ഒരു ഗ്രീന്‍ ആപ്പിള്‍ സോഡ ഞാന്‍ ഓര്‍ഡര്‍ ചെയ്തു...

ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു...ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി..  അവള്‍ അര്‍ച്ചന, ദേവീ സങ്കല്പമാ‍ണൊ എന്നറിയില്ല.. പക്ഷെ കണ്‍കുളിരെ കാണാനുള്ള ഭാഗ്യം മാത്രം..  അതേ പേടിയോടു കൂടി എന്നെ തിരിച്ചറിഞ്ഞിരുന്നു അവള്‍. അടുത്തേക്കെത്തിയപോഴേക്കും നടന്നകന്നിരുന്നു അവള്‍.

ശ്രീ, വീട്ടില്‍ പോയില്ലേ..?

അനു വന്നിരിക്കുന്നു.. ! അതേ വേഷത്തില്‍ എന്നെ കണ്ടിട്ടാകും ചോദിച്ചത്..? അവള്‍ എന്നത്തേതിനേക്കാളും ഒരുങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവള്‍ എന്റെ അടുത്തിരുന്നു, എന്റെ മനസ്സറിയുന്നതുപോലെ സാരിയുടുത്തിരുന്നു. ആ ചുരുണ്ട മുടി അവള്‍ അഴിച്ചിട്ടിരുന്നു.. (മനസ്സിനെ തിരിച്ചറിയാനുള്ള കഴിവാണോ സ്നേഹം...)

എന്താ ശ്രീ.. മുഖം വല്ലാതിരിക്കുന്നത്..?

ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണെന്നാരോ പറഞ്ഞുകേട്ടിരിക്കുന്നു. അന്ന് ലൈബ്രറിയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇന്ന് കോഫീ ഡേയില്‍.. തനിയാവര്‍ത്തനങ്ങള്‍..
ഈ മനസ്സില്‍ ഇന്ന് ആതിരയോ, അനുവോ ഇല്ല എന്നുതന്നെ പറയാം... എല്ലാം അച്ചുവിനേക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. താനല്ലായിരുന്നു എന്നത് പറയുവാന്‍ വേണ്ടി മുഖം കാട്ടിയ വൈഷമ്യമാണ് നീ തിരിച്ചറിഞ്ഞത്...

അതെ ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണ്, രണ്ട് ഒഴിഞ്ഞ ഗ്ലാസുകളും പൊടിക്കണ്ണീരും അവശേഷിപ്പിച്ച് ആ ടേബിള്‍ വീണ്ടും ആരെയോ കാത്തിരുന്നു... ഓര്‍ക്കുന്നു അതേ കണ്ണീരും അടക്കപ്പിടിച്ച ഏങ്ങലുകളും ആ ലൈബ്രറിയില്‍...
ഇനി തനിആവര്‍ത്തനങ്ങള്‍ അവശേഷിക്കാതിരിക്കുവാന്‍‍, അച്ചു എന്ന ഫോണ്‍ നമ്പര്‍ ഞാന്‍ പരതി....

14 Jun 2010

മറയില്ലാക്കാഴ്ചകള്‍ കാണാം

പുതു മണ്ണുപുതയ്ക്കും പുതുപാ‍ടങ്ങള്‍-
കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.
അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-
കണ്ണീര്‍ വാര്‍ക്കും കര്‍ഷകനെക്കാണാം.

പൊട്ടിയൊലിക്കും ഓടക്കരികില്‍-
കരിക്കലം കഴുകും കൈകള്‍ കാണാം.
ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-
റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.

നാളെ ജനിക്കേണ്ട ആ കുരുന്നിനെ-
ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.
ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-
ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.

ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്‍-
പാദം കൊണ്ടമരും പാതകള്‍ കാണാം.
പാതയിലെക്കുഴിയില്‍ വാഴനടും-
വിപ്ലവത്തിന്‍ വെളിപാടിനെക്കാണാം.

വീതിപെരുത്തൊരു റോഡിന്നരുകില്‍-
പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.
കെട്ടിമറച്ചൊരു കൊച്ചുകടയില്‍-
മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.

അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-
കഴുത്തറത്ത പല കുപ്പികള്‍ കാണാം.
ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം‍-
പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.

കുത്തിനിറച്ചോരാ ലോറികളില്‍ പല-
പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.
വരിവരി നിരയായ് അറവിന്‍ ശാലയില്‍-
ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.

സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-
വളയം പിടിക്കും മരണപ്പാച്ചിലുകാണാം.
നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-
തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.

പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-
കൈവരിയില്ലാത്തൊരു പാലം കാണാം.
കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-
കാട്ടാളന്മാര്‍ കാട്ടും ഗോഷ്ടികള്‍ കാണാം.

മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.
മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.

6 Jun 2010

പുസ്തകപ്പുരയിലെ പ്രണയം

ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍
കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ്
ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.

കണ്ടില്ലീ‍ സ്നേഹഭരിതമായ് തേടുമീ കണ്‍കളെ,
കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ
നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.

എതിരേ ഇരുന്നിട്ടും, പാഴായി ഞാനെന്ന ലക്ഷ്യവും
ഇമചേരാതെ പലതാളുകള്‍ പരതുന്ന തളരാത്ത
നിന്‍ ഒരു നോക്കിന്റെ നോവാത്ത ശരവര്‍ഷവും.

നഷ്ടമായിരുന്നെങ്കില്‍ അത്രയും ചേര്‍ന്നോടിയാ
കണ്ണിന്റെ കൂട്ടിന്ന്, ഒരു കോണില്‍ എവിടെയോ
ഞാനെന്ന സ്നേഹത്തിന്‍ നിഴലിനെക്കാണുവാന്‍.

ചോരുന്ന സമയവും, അക്ഷമമായ് തിടുക്കവും,
പൊലിയുന്ന വിയര്‍പ്പിന്‍ കണങ്ങളും, വാക്കുകള്‍
കൂട്ടിക്കിഴിച്ചീ ഹൃദയം തുടര്‍ന്നു തുറന്നു ഞാന്‍.

ഇമകളിണചേര്‍ന്ന്, അധരങ്ങള്‍ എന്തിനി, പൊഴിയ്ക്കു-
മെന്നറിയാതെ, പരതുന്ന വാക്കുകള്‍ തടയാതെ,
ആ മുഖം താഴ്ന്നിറങ്ങി ഹൃദയത്തിലെവിടെയോ..

തിരശീല നീക്കി തെളിഞ്ഞുവാ മുഖ ദീപശാലീനത,
ഹൃദയ വാതില്‍ തുറന്നുകൊണ്ടിറങ്ങിവന്നുവാ, നാണം
പ്രതിഭലിപ്പിച്ചുകൊണ്ടിരുന്നുവെന്‍ മുന്‍പില്‍.

നൂറു നിലാവിനും നാണം വരുമ്പോലെ, ഒരുനോക്കു
നല്‍കിയാ നിന്മുഖം, പറഞ്ഞു, ഹൃദയത്തിലെവിടെയോ
വരച്ചിരുന്നു ആ നിഴലിന്റെ നിറമാര്‍ന്ന രൂപത്തെ എപ്പൊഴോ..!

നിഴലിനും ചായം നിറയുന്നു ഇന്നിതാ ഈ താളിലും,
പുണരുന്നു ഹൃദയതരംഗങ്ങള്‍ പരസ്പരം നിശബ്ദമായ്.
പുണരുന്നു ഹൃദയതരംഗങ്ങള്‍ നിരന്തരം നിശബ്ദമായ്.

3 Feb 2010

ഭീരു

ഉള്ളിലൊരായിരം
പല ഭീതി നിറച്ചുവീ-
പുക്കിളിന്‍ കൊടി-
പൊട്ടിയിറങ്ങിയീ ഭൂമിയില്‍.

ജനിച്ചുടന്‍ പല മാത്രയില്‍ 
പല സൂചികള്‍ കുത്തി-
ത്തുരന്നു മാസം, 
മരണത്തിന്‍ ഭീതിയില്‍  .

ഇഴ ജന്തുവിനേപ്പോലി-
ഴയാന്‍, പെട്ടുഴലുന്നു,
ഈ തൊട്ടിലിന്‍-
കെട്ടിലെ ഭീതിപ്പിടിയില്‍.

തൊട്ടിലിന്‍ പിടിവിട്ടി-
റങ്ങി, ഇഴയുവാന്‍,
നീലവിരിപ്പേകീയോ-
രാ നിഴലിലെ ഭീതിയില്‍.

നിഴലെറിഞ്ഞ ദീപ-
മെരിഞ്ഞണഞ്ഞപ്പോള്‍,
ഭീതി പകര്‍ന്നുവാ ഇരുളിന്‍, 
കറുപ്പേറുമാ അന്ധത.

മാമുണ്ണുവാനായി, വീണ്ടും 
നിറച്ചുവാ ഭീതി കൊലുസ്സിന്‍-
കിലുക്കമായ്, നീണ്ട 
ദംഷ്ട്രതന്‍ ഇരുട്ടിന്‍ കഥ.

നുണയാതെ, ഭീതിയോടെ-
യാ നൂറു അരിമണികളിറങ്ങി
കൂടെ, കള്ളമാം പാതിരാ-
പ്പാറതന്‍ കുഞ്ഞു കഷണവും.

രാത്രിയിലെ കൊള്ളിയാന്‍-
മഴയിലും, മുത്തശ്ചി തന്‍ 
മടിയിലും, പഴയ ചുടലയുടെ 
രക്തദാഹത്തിന്‍ ഭീതിയും.

ഉറങ്ങുവാന്‍ അറിയാതെ,
സ്വപ്നത്തിലും ഭീമമാം-
താടക ഭീതിതന്‍ ദാഹ-
രക്തം ചുരത്തി നിറച്ചു.

പല നാളുകള്‍ ഉണ്ണാതെ
ഉണ്ടുറങ്ങുമ്പോള്‍ പഴ-
കഥയായി വളര്‍ന്ന, കുരു-
ന്നിലെ ഭീതിതന്‍ വേരുകള്‍.

മൂളുന്ന ചൂരലും, അക്ഷര
മാലയും, ചുവപ്പിന്‍ മഷിയുടെ 
അടയാള കാവ്യവും രചിച്ചു-
പുതിയ ഭീതിയുടെ രൂക്ഷമാം മുഖം.

അയല്പക്കത്തെ തുലനവും തൂക്കവും,
അഛനമ്മയുടെ ശാഠ്യവും വാശിയും,
പിടിമുറുക്കി അഴിയാത്ത
ഭീതിയുടെ കരാള ഹസ്തങ്ങള്‍.

കഴുത്തിലൊരു കയറിട്ടു-
കുരുക്കുവാന്‍ തുനിഞ്ഞുവാ-
ഭീരു, എടുത്തുകളഞ്ഞുവാ-
കയറിന്‍ കുരുക്കും ഭീതിയാല്‍.

പിന്നെയും അടിമയായ്,
ജീവിതം തീറെഴുതി,
ഭീതിയുടെ ജന്മിയായ് 
വാഴുന്നു, ഇന്നിതാ ഈ ഭീരു.

Creative Commons License

25 Jan 2010

ഇറ്റുവീഴുന്ന ജീവിതം

ഇന്നലെ ഹൃദയം തല്ലിത്തകര്‍ത്തവന്‍,
കൊണ്ടുപോയിരുന്നു ഈ ജീവനേയും.
പിന്നെയെന്തിനീ ജീവശ്ചവം പോലെ,
ഭാരമായ് ഭൂമിയില്‍, പിന്നെ ഏകയായ്.

ആഴത്തിലാ മൂര്‍ഛ ഇറങ്ങി,
കൈത്തണ്ടില്‍ ചീറ്റിയൊഴുകി വിഷാദം
രക്തക്കൊഴുപ്പില്‍ വറ്റിത്തുടങ്ങിയോ..
ആ ഹൃദയത്തിന്‍ മുറിപ്പാടുകള്‍..?

ചോര്‍ന്നുവോ കൊടും കൊഴുപ്പില്‍,
അലിഞ്ഞുവീ ജീവിത വേദനകള്‍?
കൊട്ടിക്കൊഴിഞ്ഞു, നിമിഷം നിലത്തില്‍,
നെഞ്ചിടിപ്പിന്‍ താളം തകിടം മറിഞ്ഞു.

ഇരുട്ടിന്റെ മൂടാപ്പ് കണ്ണില്‍ പൊതിഞ്ഞു,
വീണുവാ ചേതന രക്തക്കളത്തില്‍.
വെള്ളയാം പട്ടില്‍ സ്നേഹത്തിന്‍ കറയായി,
ജീവനോ എണ്ണിത്തുടങ്ങി വേര്‍പാടിനായ്.

അലറിക്കരഞ്ഞുകൊണ്ടാ കരങ്ങള്‍,
കോരിയെടുത്തു, നെഞ്ചോടടിപ്പിച്ചു.
പൊന്നഛന്റെ കണ്ണിലും ചുവപ്പു പടര്‍ന്നു,
നാലു ചക്രങ്ങള്‍ ചുമന്നു പാതി ശവങ്ങളെ.

ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,
ജീവന്റെ രക്ഷകര്‍ പലവിധം.
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.

ഓര്‍ത്തില്ലയോ, കത്തി കയ്യിലേടുത്തപ്പോള്‍
നോവുമിവര്‍ മുറിവിനേക്കള്‍ ആഴത്തിലെന്ന്.
സ്വയം വെറുത്ത ഹൃദയത്തിലെവിടെയോ,
വെറുപ്പിന്റെ, ഭ്രാന്തിന്റെ ചേഷ്ടകളിതത്രയും.

മേല്‍ച്ചുവരുകള്‍ നോക്കി തുറന്നു,
പുതു ജീവിതം പതുക്കെ പതുക്കെ.
ജീവനും തോല്പിച്ച, മടുപ്പില്‍, മുഷുപ്പില്‍,
കരഞ്ഞു അവള്‍, ഏങ്ങിക്കരഞ്ഞു.

കരമ്പിടിച്ചരികിലിരിക്കുവാന്‍,
അവന്‍ വരുകയില്ലെങ്കിലും,
കരങ്ങള്‍ പിടിച്ചുകൊണ്ടു രണ്ടുപേര്‍,
കരഞ്ഞുകൊണ്ടവളുടെ കണ്ണീരൊപ്പുന്നു.

ഹേ! ജീവനേ..! രക്തമിറ്റിടുമ്പോള്‍,
ഓര്‍ത്തുവോ നിന്റെ മാതാപിതാക്കളെ ?
വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?
അതോ രക്തബന്ധത്തിന്‍ വാത്സല്യത്തിനോ..?


Creative Commons License

8 Jan 2010

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.

മുന്നിലത്തെ ബഞ്ചില്‍ അര്‍ജ്ജുന്‍ അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു.  ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്.
ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....!

ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....!
എല്ലാവരും എന്നെ നോക്കി,  എന്തിനാ‍ണ് എല്ലാവരും എന്നെ നോക്കുന്നത്..!
തോമസ് കം ടു ദ സ്ടേജ്....!
അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...!
പോടാ, എടാ പോകാന്‍...!
അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന്‍ ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...!

സെക്കന്‍ഡ് പ്രേയ്സ് അര്‍ജ്ജുന്‍ നാദ്.............! 
തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........!
 പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില്‍ താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............!
 
പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില്‍ കയറിയിറങ്ങി..!  പിന്നെ ജോസിലീന്റെ നൃത്തത്തിന്  കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്‍ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി.
ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..?
ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..!
(ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ).
ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ?
എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്‍, അഛന്‍ ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്.
ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു.
എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന്‍ എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന്‍ പറഞ്ഞതിന്റെ പൊരുള്‍..?????

ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍  സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു.

പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍‌ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു.
താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു,
മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ?
അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്‍കി ഞാന്‍ അകത്തേക്കു പോയി, കാര്‍‌ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്‍ജ്ജുന്‍ വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....!    


Creative Commons License