25 Jan 2010

ഇറ്റുവീഴുന്ന ജീവിതം

ഇന്നലെ ഹൃദയം തല്ലിത്തകര്‍ത്തവന്‍,
കൊണ്ടുപോയിരുന്നു ഈ ജീവനേയും.
പിന്നെയെന്തിനീ ജീവശ്ചവം പോലെ,
ഭാരമായ് ഭൂമിയില്‍, പിന്നെ ഏകയായ്.

ആഴത്തിലാ മൂര്‍ഛ ഇറങ്ങി,
കൈത്തണ്ടില്‍ ചീറ്റിയൊഴുകി വിഷാദം
രക്തക്കൊഴുപ്പില്‍ വറ്റിത്തുടങ്ങിയോ..
ആ ഹൃദയത്തിന്‍ മുറിപ്പാടുകള്‍..?

ചോര്‍ന്നുവോ കൊടും കൊഴുപ്പില്‍,
അലിഞ്ഞുവീ ജീവിത വേദനകള്‍?
കൊട്ടിക്കൊഴിഞ്ഞു, നിമിഷം നിലത്തില്‍,
നെഞ്ചിടിപ്പിന്‍ താളം തകിടം മറിഞ്ഞു.

ഇരുട്ടിന്റെ മൂടാപ്പ് കണ്ണില്‍ പൊതിഞ്ഞു,
വീണുവാ ചേതന രക്തക്കളത്തില്‍.
വെള്ളയാം പട്ടില്‍ സ്നേഹത്തിന്‍ കറയായി,
ജീവനോ എണ്ണിത്തുടങ്ങി വേര്‍പാടിനായ്.

അലറിക്കരഞ്ഞുകൊണ്ടാ കരങ്ങള്‍,
കോരിയെടുത്തു, നെഞ്ചോടടിപ്പിച്ചു.
പൊന്നഛന്റെ കണ്ണിലും ചുവപ്പു പടര്‍ന്നു,
നാലു ചക്രങ്ങള്‍ ചുമന്നു പാതി ശവങ്ങളെ.

ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,
ജീവന്റെ രക്ഷകര്‍ പലവിധം.
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.

ഓര്‍ത്തില്ലയോ, കത്തി കയ്യിലേടുത്തപ്പോള്‍
നോവുമിവര്‍ മുറിവിനേക്കള്‍ ആഴത്തിലെന്ന്.
സ്വയം വെറുത്ത ഹൃദയത്തിലെവിടെയോ,
വെറുപ്പിന്റെ, ഭ്രാന്തിന്റെ ചേഷ്ടകളിതത്രയും.

മേല്‍ച്ചുവരുകള്‍ നോക്കി തുറന്നു,
പുതു ജീവിതം പതുക്കെ പതുക്കെ.
ജീവനും തോല്പിച്ച, മടുപ്പില്‍, മുഷുപ്പില്‍,
കരഞ്ഞു അവള്‍, ഏങ്ങിക്കരഞ്ഞു.

കരമ്പിടിച്ചരികിലിരിക്കുവാന്‍,
അവന്‍ വരുകയില്ലെങ്കിലും,
കരങ്ങള്‍ പിടിച്ചുകൊണ്ടു രണ്ടുപേര്‍,
കരഞ്ഞുകൊണ്ടവളുടെ കണ്ണീരൊപ്പുന്നു.

ഹേ! ജീവനേ..! രക്തമിറ്റിടുമ്പോള്‍,
ഓര്‍ത്തുവോ നിന്റെ മാതാപിതാക്കളെ ?
വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?
അതോ രക്തബന്ധത്തിന്‍ വാത്സല്യത്തിനോ..?


Creative Commons License

8 Jan 2010

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.

മുന്നിലത്തെ ബഞ്ചില്‍ അര്‍ജ്ജുന്‍ അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു.  ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്.
ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....!

ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....!
എല്ലാവരും എന്നെ നോക്കി,  എന്തിനാ‍ണ് എല്ലാവരും എന്നെ നോക്കുന്നത്..!
തോമസ് കം ടു ദ സ്ടേജ്....!
അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...!
പോടാ, എടാ പോകാന്‍...!
അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന്‍ ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...!

സെക്കന്‍ഡ് പ്രേയ്സ് അര്‍ജ്ജുന്‍ നാദ്.............! 
തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........!
 പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില്‍ താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............!
 
പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില്‍ കയറിയിറങ്ങി..!  പിന്നെ ജോസിലീന്റെ നൃത്തത്തിന്  കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്‍ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി.
ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..?
ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..!
(ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ).
ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ?
എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്‍, അഛന്‍ ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്.
ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു.
എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന്‍ എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന്‍ പറഞ്ഞതിന്റെ പൊരുള്‍..?????

ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍  സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു.

പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍‌ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു.
താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു,
മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ?
അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്‍കി ഞാന്‍ അകത്തേക്കു പോയി, കാര്‍‌ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്‍ജ്ജുന്‍ വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....!    


Creative Commons License