14 Jun 2010

മറയില്ലാക്കാഴ്ചകള്‍ കാണാം

പുതു മണ്ണുപുതയ്ക്കും പുതുപാ‍ടങ്ങള്‍-
കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.
അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-
കണ്ണീര്‍ വാര്‍ക്കും കര്‍ഷകനെക്കാണാം.

പൊട്ടിയൊലിക്കും ഓടക്കരികില്‍-
കരിക്കലം കഴുകും കൈകള്‍ കാണാം.
ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-
റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.

നാളെ ജനിക്കേണ്ട ആ കുരുന്നിനെ-
ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.
ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-
ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.

ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്‍-
പാദം കൊണ്ടമരും പാതകള്‍ കാണാം.
പാതയിലെക്കുഴിയില്‍ വാഴനടും-
വിപ്ലവത്തിന്‍ വെളിപാടിനെക്കാണാം.

വീതിപെരുത്തൊരു റോഡിന്നരുകില്‍-
പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.
കെട്ടിമറച്ചൊരു കൊച്ചുകടയില്‍-
മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.

അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-
കഴുത്തറത്ത പല കുപ്പികള്‍ കാണാം.
ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം‍-
പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.

കുത്തിനിറച്ചോരാ ലോറികളില്‍ പല-
പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.
വരിവരി നിരയായ് അറവിന്‍ ശാലയില്‍-
ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.

സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-
വളയം പിടിക്കും മരണപ്പാച്ചിലുകാണാം.
നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-
തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.

പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-
കൈവരിയില്ലാത്തൊരു പാലം കാണാം.
കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-
കാട്ടാളന്മാര്‍ കാട്ടും ഗോഷ്ടികള്‍ കാണാം.

മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.
മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.

6 Jun 2010

പുസ്തകപ്പുരയിലെ പ്രണയം

ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍
കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ്
ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.

കണ്ടില്ലീ‍ സ്നേഹഭരിതമായ് തേടുമീ കണ്‍കളെ,
കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ
നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.

എതിരേ ഇരുന്നിട്ടും, പാഴായി ഞാനെന്ന ലക്ഷ്യവും
ഇമചേരാതെ പലതാളുകള്‍ പരതുന്ന തളരാത്ത
നിന്‍ ഒരു നോക്കിന്റെ നോവാത്ത ശരവര്‍ഷവും.

നഷ്ടമായിരുന്നെങ്കില്‍ അത്രയും ചേര്‍ന്നോടിയാ
കണ്ണിന്റെ കൂട്ടിന്ന്, ഒരു കോണില്‍ എവിടെയോ
ഞാനെന്ന സ്നേഹത്തിന്‍ നിഴലിനെക്കാണുവാന്‍.

ചോരുന്ന സമയവും, അക്ഷമമായ് തിടുക്കവും,
പൊലിയുന്ന വിയര്‍പ്പിന്‍ കണങ്ങളും, വാക്കുകള്‍
കൂട്ടിക്കിഴിച്ചീ ഹൃദയം തുടര്‍ന്നു തുറന്നു ഞാന്‍.

ഇമകളിണചേര്‍ന്ന്, അധരങ്ങള്‍ എന്തിനി, പൊഴിയ്ക്കു-
മെന്നറിയാതെ, പരതുന്ന വാക്കുകള്‍ തടയാതെ,
ആ മുഖം താഴ്ന്നിറങ്ങി ഹൃദയത്തിലെവിടെയോ..

തിരശീല നീക്കി തെളിഞ്ഞുവാ മുഖ ദീപശാലീനത,
ഹൃദയ വാതില്‍ തുറന്നുകൊണ്ടിറങ്ങിവന്നുവാ, നാണം
പ്രതിഭലിപ്പിച്ചുകൊണ്ടിരുന്നുവെന്‍ മുന്‍പില്‍.

നൂറു നിലാവിനും നാണം വരുമ്പോലെ, ഒരുനോക്കു
നല്‍കിയാ നിന്മുഖം, പറഞ്ഞു, ഹൃദയത്തിലെവിടെയോ
വരച്ചിരുന്നു ആ നിഴലിന്റെ നിറമാര്‍ന്ന രൂപത്തെ എപ്പൊഴോ..!

നിഴലിനും ചായം നിറയുന്നു ഇന്നിതാ ഈ താളിലും,
പുണരുന്നു ഹൃദയതരംഗങ്ങള്‍ പരസ്പരം നിശബ്ദമായ്.
പുണരുന്നു ഹൃദയതരംഗങ്ങള്‍ നിരന്തരം നിശബ്ദമായ്.