19 Jul 2010

അനാഥന്‍

വഴിയിലെ ഗര്‍ഭപാത്രത്തില്‍
അനാഥമായ ബീജവും,
കണ്ണിലെ വഴുക്കിലും
കൈയ്യൊഴിഞ്ഞു അമ്മയും,
പിടയ്ക്കുന്നത് നോക്കി
നാവുനുണഞ്ഞ നായയും,
അമ്മത്തൊട്ടിലില്‍ കൊണ്ടുപായി,
കിടത്തിയാ‍ രണ്ടു കൈകളും,
കാലവും, കുലവും,  എന്നെ മാത്രം,
ബാക്കിയാക്കി അനാഥനായി.15 Jul 2010

ഭൂമി ശില്പികളുടെ ശില്പശാല

ഞാനൊരു ചെറു ശില്പം ഈ ഭൂമിയില്‍,
ശില്പിയെത്തേടിയിറങ്ങിയൊരു ശില്പം.
ശില്പങ്ങള്‍ നിറയെ ശില്പങ്ങള്‍ എങ്ങും,
ജീവന്‍ തുടിക്കും ചലിക്കും ശില്പങ്ങള്‍.

ചീളുകള്‍ ചീളാതൂളികള്‍ ഉടക്കാതെ,
അമ്മതന്‍ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍.
അമ്മേ നീയോ എന്‍ ശില്പി ഈ ഭൂമിയില്‍?
അറിയില്ലന്നോ താനൊരു ശില്പിയാണെന്ന്!

നിന്റെ ശ്രിഷ്ടിക്കു നീ അറിഞ്ഞുനല്‍കിയ,
രസങ്ങളെ കാണുവാന്‍, നിനക്കറിയില്ലേ?
ഈ ചിന്തകള്‍ നീ വാര്‍ത്തെടുത്തതല്ലേ?
ഈ ചോദ്യങ്ങളും നീ ശ്രിഷ്ടിക്കുന്നതല്ല്ലോ?

ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മാത്രമറിയാം,
അമ്മയെത്തീര്‍ത്തതും നീ തന്നെയോ?
അമ്മയൊരു ശില്പിയോ അതോ ശില്പമോ?
അതോ ശില്പങ്ങള്‍ തീര്‍ക്കുന്നതമ്മമാരോ?

നിന്‍ വിരുതുകള്‍ നോക്കിയിരിക്കുന്നതും,
നിന്‍ ചിന്തകള്‍, പ്രയോഗിച്ചീടുന്നതും,
അതുകണ്ടു നോക്കിച്ചിരിക്കുന്നതും,
നീ തീര്‍ത്ത ശില്പങ്ങളാണെന്ന് കാണുക.

ജീവന്റെ രഹസ്യങ്ങള്‍ കൊത്തിമിനുക്കി,
നീ കൊടുത്ത കഴിവുകള്‍ വെച്ചു നിരത്തി,
ശ്രിഷ്ടിച്ച ശില്പങ്ങള്‍ മറ്റുള്ളവയ്ക്ക്,
ശില്പിയെപ്പോലെ വിലപേശുന്നുവോ?

ഹേ ശില്പീ നിനക്കിതെന്തു പറ്റി...?
നിന്റെ ശില്പങ്ങള്‍ നിലക്കുനില്‍ക്കുന്നില്ലേ?
നല്‍കിയ കഴിവുകള്‍ നിന്നില്‍ കാട്ടുന്നോ?
നിന്നെ സ്തുതിക്കേണ്ടവര്‍ നീരസം കാട്ടുന്നോ?

ശില്പങ്ങള്‍ നീ അറിയാതെ ഉടച്ചെടുക്കുന്നോ?
അച്ചുകള്‍ പകുതിയില്‍ വലിച്ചെറിയുന്നോ..?
പുതിയ പരീക്ഷണങ്ങള്‍ നീ നടത്തുമ്പോള്‍
പുതിയ പതിപ്പുകള്‍ ഭൂമിയില്‍ പിറക്കുന്നോ?

ശില്പങ്ങള്‍ ശില്പങ്ങളെ തച്ചുടയ്ക്കുന്നു..
വിരൂപമാം ശില്പങ്ങളെ ശ്രിഷ്ടിക്കുന്നു..
വിരൂപമാം ശില്പങ്ങള്‍ കാഴ്ചയാകുന്നോ?
വീണ്ടും പല ശില്പ്ങ്ങള്‍ ശില്പിയാകുന്നോ?


ശില്പങ്ങള്‍ ശില്പങ്ങളെ പൂവിട്ടു പൂജിച്ച്,
അവര്‍ ശില്പങ്ങളെന്നറിയാഞ്ഞിട്ടോ.. ?
ശില്പീ നിനക്കു ഭ്രാന്തായോ അതോ..
നിന്റെ ശില്പങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ..?

ഗര്‍ഭപാത്രത്തെ അച്ചുകളാക്കുമ്പോള്‍,
ശില്പികള്‍ അച്ചുകള്‍ ഉപേക്ഷിക്കുമ്പോഴും,
എല്ലാം നോക്കി ചിരിക്കുന്ന നീയൊരു..
വെറും ചലിക്കാതെ ചതിക്കും ശില്പമല്ലേ.?
 

ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?
ഭൂമി വെറും ശില്പികളുടെ ശില്പശാലയല്ലേ?
7 Jul 2010

തനിയാവര്‍ത്തനങ്ങള്‍

അതെ അവൾക്ക് ഇന്ന് 24 വയസ്സായിട്ടുണ്ടാകും.. റിസേർച്ച് ലാബിലെ അനൈലൈസറിന്റെ ലോഗിലെ ദിവസം എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റായി വീശി....

ഹേയ് ശ്രീ! ലൈക്ക് എ കോഫീ വിത്ത് മി..? അനു ചോദിച്ചു.
ഐ ആം സോറി.....  ഐ ആം.... (ഞാൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചു)
ഇത് മൂന്നാം തവണയാ ശ്രീ എന്നെ ഒഴിവാക്കുന്നത്...! എന്തായാലും ശ്രീ ഇന്നെന്റെകൂടെ വന്നേ പറ്റൂ..
സ്കൂളിലെ ആ ചുമന്ന തൂണിനടുത്ത് പരുങ്ങിനിന്ന പഴയ എന്നെ ഞാൻ ഓര്‍ത്ത ..
 ലെറ്റ് മി സീ....!
മുഴുമിക്കുന്നതിനു മുൻപ് തന്നെ അവൾ മറുപടി പറഞ്ഞു..
താൻൿ ഗോഡ്.. ഒ കെ ലെറ്റ്സ് മീറ്റ് ഇൻ ദി കോഫീ ഡേ...
നോ അനൂ.....(ഞ്ഞാൻ വേണ്ട എന്ന് പറയാൻ തുനിഞ്ഞു...)
ഒന്നും പറയണ്ടാ.. നമ്മൾ ഇന്ന് വൈകുന്നേരം കോഫീ ഡേയിൽ കാണും.. ബൈ...
മുഖത്ത് ചിരി പടർത്തി അനു നടന്നകന്നു..

ശനിയാഴ്ച പകുതി ദിവസം മാത്രമേ വർക്കുള്ളൂ.. അനുവിനു സന്തോഷിക്കുവാൻ കുറച്ചുനേരം.. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളും മിന്നൽ പോലെ മറഞ്ഞു.

12 ആം ക്ലാസ് അവസാനം ലാബ് പരീക്ഷാ ദിവസം, അര്‍ച്ചന, ചുരുണ്ട മുടിയുള്ള കവിളില്‍ മറുകുള്ള ഉണ്ടക്കണ്ണി എന്നത്തേയും പോലെ ചുവന്ന പെയിന്റടിച്ച തൂണിന്നരുകില്‍ കൂട്ടുകാരിക്കായി കാത്തു നില്‍ക്കുന്നു..
ആ കാത്തുനില്പ് എനിക്കായിട്ടുള്ളതായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.
ഇനി ഒരിക്കലും പറയാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ചിന്ത എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും പുസ്തകങ്ങള്‍ നേഞ്ചോട് ചേര്‍ത്ത്പിടിച്ച് പേടിയോടെ എന്നെ നോക്കിയത്.. ഹോ..! ഇപ്പോഴും മായാതെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു ആ നോട്ടം...

അച്ചൂ, നിനക്കറിയാം ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്താണെന്ന്..! കുറേ മാ‍സങ്ങളായി ഒരു നോട്ടം പോലും തരാതെ നീ ഒഴിഞ്ഞുമാറുന്നു.. ഈ ദിവസം അതു പറഞ്ഞില്ലങ്കില്‍ പിന്നെ ഒരിക്കലും അത് കഴിഞ്ഞില്ലങ്കിലോ..!

പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ റിംങ്ങ് എന്നെ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വിളിച്ചു...

Love may be a small thought. But it become love when you feel that thought from your heart.

അനുവിന്റെ മെസ്സേജ്...!
അതെ ശരിയാണ് പക്ഷെ that thought should touch your heart, then only we can feel it. വെറുതെ ഓര്‍ത്തു....


ഉത്തരം ലഭിക്കാത്ത മെസ്സേജുകള്‍ പോലെ, ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ എഞ്ചിനീയറിങ്ങിന് അന്യനാട്ടില്‍.. വര്‍ഷങ്ങള്‍ ചിലതുകഴിഞ്ഞു, പല കാര്യങ്ങളിലും മുന്‍പിലായിരുന്നു..
മൂന്നാം വര്‍ഷം കുറേ കുട്ടികള്‍ കൂടി നിന്നടത്ത് ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് വക ഒരു പുകഴ്ത്തല്‍
“ I feel, you are so different and matured sree....  ” ഇത് കേള്‍ക്കുവാന്‍ അനുവിനെപ്പോലെ മറ്റൊരു മുഖവുമുണ്ടായിരുന്നു ആ കൂട്ടത്തില്‍.. ആതിര!

ലൈബ്രറിയിലെ പുസ്തകങ്ങളും കംബ്യൂട്ടറുകളും കൂട്ടുകാരായി മാറി, ഞാന്‍ മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയിരുന്ന ആതിര ഒരിക്കല്‍ എന്റെ മുന്‍പില്‍ വന്നു. മൂന്നു വര്‍ഷം മുന്‍പ് എന്റെ മനസ്സില്‍ കൊണ്ടുനടന്ന, ആ തൂണിനെ നോക്കി പറയാതെ പറഞ്ഞ അതേ കാര്യങ്ങളുടെ ആവര്‍ത്തനം.

ഞാന്‍ എന്താ പറയാന്‍ വരുന്നതെന്ന് ശ്രീക്കറിയാം....! അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു....

പോകുന്നില്ലേ... എന്താടോ ഓര്‍മകള്‍ അയവിറക്കുകയാണോ.. റിംങ്ങിനുപകരം സുഹൃത്ത് തോമസ്  വര്‍ത്തമാനത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചു.
ഹേയ് നത്തിങ്ങ്.. ഞാന്‍ ഞാന്‍..
ഓ കെ , ഞാന്‍ പോകുന്നു..
ഹേയ് തോമസ്, കോഫീ ഡേ വരെ ഒരു ലിഫ്റ്റ് തരുമോ...
അതിനെന്താ.... എന്താടോ പതിവില്ലാതെ കോഫീ ഡേയില്‍....?
ഞാനതിനു മറുപടി പറഞ്ഞില്ല..


 അനു പറഞ്ഞതിലും, രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ കോഫീ ഡേയില്‍ വന്നിരിക്കുന്നു.. എന്തിന്..? ഒരു ഗ്രീന്‍ ആപ്പിള്‍ സോഡ ഞാന്‍ ഓര്‍ഡര്‍ ചെയ്തു...

ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു...ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി..  അവള്‍ അര്‍ച്ചന, ദേവീ സങ്കല്പമാ‍ണൊ എന്നറിയില്ല.. പക്ഷെ കണ്‍കുളിരെ കാണാനുള്ള ഭാഗ്യം മാത്രം..  അതേ പേടിയോടു കൂടി എന്നെ തിരിച്ചറിഞ്ഞിരുന്നു അവള്‍. അടുത്തേക്കെത്തിയപോഴേക്കും നടന്നകന്നിരുന്നു അവള്‍.

ശ്രീ, വീട്ടില്‍ പോയില്ലേ..?

അനു വന്നിരിക്കുന്നു.. ! അതേ വേഷത്തില്‍ എന്നെ കണ്ടിട്ടാകും ചോദിച്ചത്..? അവള്‍ എന്നത്തേതിനേക്കാളും ഒരുങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവള്‍ എന്റെ അടുത്തിരുന്നു, എന്റെ മനസ്സറിയുന്നതുപോലെ സാരിയുടുത്തിരുന്നു. ആ ചുരുണ്ട മുടി അവള്‍ അഴിച്ചിട്ടിരുന്നു.. (മനസ്സിനെ തിരിച്ചറിയാനുള്ള കഴിവാണോ സ്നേഹം...)

എന്താ ശ്രീ.. മുഖം വല്ലാതിരിക്കുന്നത്..?

ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണെന്നാരോ പറഞ്ഞുകേട്ടിരിക്കുന്നു. അന്ന് ലൈബ്രറിയില്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ഇന്ന് കോഫീ ഡേയില്‍.. തനിയാവര്‍ത്തനങ്ങള്‍..
ഈ മനസ്സില്‍ ഇന്ന് ആതിരയോ, അനുവോ ഇല്ല എന്നുതന്നെ പറയാം... എല്ലാം അച്ചുവിനേക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. താനല്ലായിരുന്നു എന്നത് പറയുവാന്‍ വേണ്ടി മുഖം കാട്ടിയ വൈഷമ്യമാണ് നീ തിരിച്ചറിഞ്ഞത്...

അതെ ജീവിതം ആവര്‍ത്തനങ്ങളുടെ പതിപ്പുകളാണ്, രണ്ട് ഒഴിഞ്ഞ ഗ്ലാസുകളും പൊടിക്കണ്ണീരും അവശേഷിപ്പിച്ച് ആ ടേബിള്‍ വീണ്ടും ആരെയോ കാത്തിരുന്നു... ഓര്‍ക്കുന്നു അതേ കണ്ണീരും അടക്കപ്പിടിച്ച ഏങ്ങലുകളും ആ ലൈബ്രറിയില്‍...
ഇനി തനിആവര്‍ത്തനങ്ങള്‍ അവശേഷിക്കാതിരിക്കുവാന്‍‍, അച്ചു എന്ന ഫോണ്‍ നമ്പര്‍ ഞാന്‍ പരതി....