15 Nov 2009

സ്നേഹത്തിന്‍ വിങ്ങല്‍

ഹൃദയ രാഗം വഴുതി വീണ താളുകള്‍ കീറി മാറ്റിയോ..?
പെയ്തൊഴിഞ്ഞീ സ്നേഹം, കണ്ണില്‍ വര്‍ഷശോകമായോ...?
നിന്റെ സ്വരമുറങ്ങും കനവോ, കനല്‍ക്കാറ്റായി വീശിയോ...
ഇന്നണഞ്ഞുവോ നീ ഒരു, മിന്നിമായും നാളമായി...?

നീ പകര്‍ന്ന സ്നേഹബാഷ്പവും ഇന്നുറഞ്ഞ് കനലായോ..?
ഹൃദയത്തിന്‍ നടവഴിയില്‍, ഇരുളും നിഴലായി നീ മാഞ്ഞുവോ?
സ്വയം എരിഞ്ഞു തീരുമീ യാത്രപോയ ഓര്‍മ്മയില്‍...
എന്തിനീ തീക്ഷണമാം വിങ്ങലിന്‍ ശകലമായി നീ..?

അകലും സന്ധ്യയില്‍ ഇറ്റുവീണ മഷിത്തുള്ളിയെ,
തേടി ഞാന്‍, തുളുമ്പുമീ മിഴിനീരിലും തൂലികാഗ്രം പോല്‍...
വാടിവീണ പൂവുപോല്‍, മോഹശകലമിന്നുറങ്ങിയോ?
നിശയിലെ നിലാവു പോലും വേനലായി മാറ്റി നീ..

ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.
ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..
സ്നേഹവും വളമായോ, നീറുമീ കണ്ണീരിന്‍ മഴക്കായി...


Creative Commons License

4 Oct 2009

പ്രതീക്ഷിക്കാത്ത മറുപടി !

പശ്ചാത്തപിക്കാനും കുറ്റം പറയാനും അപലപിക്കാനും മാത്രമറിയാവുന്ന മനുഷ്യര്‍... സ്നേഹം സഹിഷ്ണുത, പരസഹായം കാലം നിന്നു പോയോ ?

നിങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കൂ.
1. ഒരു നേരത്തെയെങ്കിലും സ്വന്തം ഭക്ഷണം വിശക്കുന്ന ഒരാള്‍ക്ക് നല്‍കിയിട്ടുണ്ടോ ?
1. ജീവിത സമയത്തൊരിക്കലെങ്കിലും പൊതുസേവനത്തിന് സമയം മാറ്റിവെച്ചിട്ടുണ്ടോ ?

1. അനാവശ്യമായി ചിലവാക്കുന്ന ഒരു രൂപയെങ്കിലും മിച്ചം വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ?
1. താന്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചിട്ടുണ്ടോ ?

1. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ സ്വതന്ത്രരാണ് ഈ ഭൂമിയില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
1. കൈകൂലികൊടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ ?

1. ഒരിക്കലെങ്കിലും രക്തദാനം നടത്തിയിട്ടുണ്ടോ ?
1. മരണാനന്തരം ശരീവയവങ്ങള്‍ മറ്റോരാള്‍ക്ക് പ്രയോജനം വരുംവണ്ണം ഉപോയഗപ്പെടുത്തിയിട്ടുണ്ടോ ?

1. പൊതുമുതല്‍ എന്റെയും നിന്റെയും സ്വത്താണ് എന്നു അറിയുന്നുണ്ടോ ? ഇനിയും നൂറിലേറെ ചോദ്യങ്ങള്‍....


അറിഞ്ഞുകൊണ്ടുതന്നെ എല്ലാ കാര്യങ്ങള്‍ക്കും പട്ടികയില്‍ ഒന്ന് (1) എന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.

ഞാന്‍ സന്തോഷിക്കുന്നു എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തിട്ടുമുണ്ട്, ഇനി ചെയ്യുകയും ചെയ്യും..... ഒരു പച്ചയായ, വികാരങ്ങളുള്ള, എന്റെ കഴിവിനനു മറ്റുള്ളവരുടെ വേദന അറിയാനും അതില്ലാതാക്കാനും പരിശ്രമിക്കുന്ന മനുഷ്യമൃഗം.


സസ്നേഹം ശ്രീ.

Creative Commons License

29 Aug 2009

കല്ലോലിനി

പാഥേയം|ലക്കം 9| സെപ്റ്റംബര്‍ 2009| ചിങ്ങം-കന്നി 1185 - ല്‍ വായിക്കൂ.

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

ഘനം കൊണ്ടാ തുള്ളി, സ്വ ശക്തിയായി..
വിരഹവും വരമാക്കി മാറ്റിയവള്‍ ഇന്നിതാ..
തരുവിന്‍ ദാഹം ശമിപ്പിച്ചു തളര്‍ന്നവള്‍...
പ്രതിഭലം മഴയായ് തീര്‍ന്നവള്‍ക്കായ്..


യവ്വനം തീര്‍ത്തവള്‍ ഒഴുകിത്തിമിര്‍ത്തുവോ?
അഴകിന്‍ ആഴങ്ങള്‍ തിളങ്ങി നിന്നിതാ...
പാപത്തിന്‍ വിഴുപ്പുകള്‍ പേറുവാനായ്...
പിന്നെയും കഴുകി അവള്‍ ഭൂമിതന്‍ മാറിടം.

അരുണന്‍ പാപത്തിന്‍ ഘനം കൂട്ടിയോ..?
നിബിഡമായി നിന്നുവോ ഒഴുകുവാനറിയാതെ..
ആശ്രയം ഇല്ലാതെ തെങ്ങിയോ നീ...
വറ്റാതെ വാരിധിയില്‍ വറ്റി വരണ്ടുവോ..?


Creative Commons License

19 Aug 2009

യതിനി

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്


തെക്കുനിന്നെത്തുന്ന വിളിയില്‍
കത്തുന്ന നെഞ്ചിലെ കനലിന്‍
കാവലാം നീറ്റുചോറിന്റെ ഉരുളകള്‍
ദര്‍ഭതന്‍ കൈകള്‍ ഊട്ടുന്നു ഇന്നിതാ

ആഹരി രാഗത്തില്‍ തേങ്ങലായ്
തൂകിയാ, വേഴ്ച തച്ചുടച്ചപ്പോള്‍..
ഉടയുന്നു ആ വര്‍ണ വളകളും...
മങ്ങുന്നു സൂര്യന്‍ സീമന്തരേഖയില്‍ ‍..


എഴുതാത്ത ഏടിലെ വരികളെ
തേടി അലയുന്ന ഹൃദയത്തില്‍
വിഷാദഹൃത ഹ്രദത്തിലേക്കിനി
താഴാതെ എത്തിപ്പിടിക്കുവാന്‍...

കഴിയാതെ നില്‍ക്കുന്നു ഇവള്‍
ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല
ഇനി അവള്‍ അമ്മയായി മാത്രം
മകളായി മാത്രം വാഴുന്നു ഇന്നിതാ...

കത്തുന്ന നെയ്‌വിളക്കിന്‍ നാളം
നീരിന്‍ കരിമ്പുക വമിക്കുവാതെ..
കാറ്റില്‍ അണയുമ്പോള്‍ ആ...
പൈതലിന്‍ കൂന്തലില്‍ തഴുകി

വിതുമ്പി ഓര്‍മതന്‍ ഓളങ്ങള്‍
നീക്കിയാ അങ്കിതം സീമന്തികം.
രേഖതന്‍ പൈത്യകം നിഴലിച്ചു
നിന്നിതാ ഇവള്‍ ഏകിയായ്...
ഇന്നിതാ ഇവള്‍ ഏകിയായ്...

Creative Commons License