15 Nov 2009

സ്നേഹത്തിന്‍ വിങ്ങല്‍

ഹൃദയ രാഗം വഴുതി വീണ താളുകള്‍ കീറി മാറ്റിയോ..?
പെയ്തൊഴിഞ്ഞീ സ്നേഹം, കണ്ണില്‍ വര്‍ഷശോകമായോ...?
നിന്റെ സ്വരമുറങ്ങും കനവോ, കനല്‍ക്കാറ്റായി വീശിയോ...
ഇന്നണഞ്ഞുവോ നീ ഒരു, മിന്നിമായും നാളമായി...?

നീ പകര്‍ന്ന സ്നേഹബാഷ്പവും ഇന്നുറഞ്ഞ് കനലായോ..?
ഹൃദയത്തിന്‍ നടവഴിയില്‍, ഇരുളും നിഴലായി നീ മാഞ്ഞുവോ?
സ്വയം എരിഞ്ഞു തീരുമീ യാത്രപോയ ഓര്‍മ്മയില്‍...
എന്തിനീ തീക്ഷണമാം വിങ്ങലിന്‍ ശകലമായി നീ..?

അകലും സന്ധ്യയില്‍ ഇറ്റുവീണ മഷിത്തുള്ളിയെ,
തേടി ഞാന്‍, തുളുമ്പുമീ മിഴിനീരിലും തൂലികാഗ്രം പോല്‍...
വാടിവീണ പൂവുപോല്‍, മോഹശകലമിന്നുറങ്ങിയോ?
നിശയിലെ നിലാവു പോലും വേനലായി മാറ്റി നീ..

ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.
ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..
സ്നേഹവും വളമായോ, നീറുമീ കണ്ണീരിന്‍ മഴക്കായി...


Creative Commons License

4 comments:

പാവപ്പെട്ടവൻ said...

ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അതെ ക്ഷണികം തന്നെ എല്ലാം കാലം തരുന്നു കാലം മായിക്കുന്നു അതാണ്‌ സത്യം .ആശംസകള്‍

ഏ.ആര്‍. നജീം said...

സ്നേഹം..! അതെക്കുറിച്ച് എത്ര കേട്ടാലും മതിയാകില്ല..

സ്നേഹം..! സുഖമുള്ളൊരു വികാരം തന്നെ..

ഏത് കഠിന ഹൃദയന്റേയും മനസ്സില്‍ ഒരല്പം തണല്‍ പകരുവാന്‍ സ്നേഹത്തിനാവുമെന്നതില്‍ സംശയമേയില്ല..

നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍....

Irshad said...

“ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.
ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..
സ്നേഹവും വളമായോ, നീറുമീ കണ്ണീരിന്‍ മഴക്കായി...“

നല്ല വരികള്‍. സ്നേഹവും വെറുപ്പും ക്രോധവുമൊക്കെ കണ്ണീര്‍ പെയ്യിച്ചാല്‍ അതു പ്രകടമാക്കുന്ന ഒന്നുണ്ട്, ‘മനസ്സിന്റെ നൈര്‍മല്യം’.

Unknown said...

കൊള്ളാം. രസായിട്ടുണ്ട്.