3 Feb 2010

ഭീരു

ഉള്ളിലൊരായിരം
പല ഭീതി നിറച്ചുവീ-
പുക്കിളിന്‍ കൊടി-
പൊട്ടിയിറങ്ങിയീ ഭൂമിയില്‍.

ജനിച്ചുടന്‍ പല മാത്രയില്‍ 
പല സൂചികള്‍ കുത്തി-
ത്തുരന്നു മാസം, 
മരണത്തിന്‍ ഭീതിയില്‍  .

ഇഴ ജന്തുവിനേപ്പോലി-
ഴയാന്‍, പെട്ടുഴലുന്നു,
ഈ തൊട്ടിലിന്‍-
കെട്ടിലെ ഭീതിപ്പിടിയില്‍.

തൊട്ടിലിന്‍ പിടിവിട്ടി-
റങ്ങി, ഇഴയുവാന്‍,
നീലവിരിപ്പേകീയോ-
രാ നിഴലിലെ ഭീതിയില്‍.

നിഴലെറിഞ്ഞ ദീപ-
മെരിഞ്ഞണഞ്ഞപ്പോള്‍,
ഭീതി പകര്‍ന്നുവാ ഇരുളിന്‍, 
കറുപ്പേറുമാ അന്ധത.

മാമുണ്ണുവാനായി, വീണ്ടും 
നിറച്ചുവാ ഭീതി കൊലുസ്സിന്‍-
കിലുക്കമായ്, നീണ്ട 
ദംഷ്ട്രതന്‍ ഇരുട്ടിന്‍ കഥ.

നുണയാതെ, ഭീതിയോടെ-
യാ നൂറു അരിമണികളിറങ്ങി
കൂടെ, കള്ളമാം പാതിരാ-
പ്പാറതന്‍ കുഞ്ഞു കഷണവും.

രാത്രിയിലെ കൊള്ളിയാന്‍-
മഴയിലും, മുത്തശ്ചി തന്‍ 
മടിയിലും, പഴയ ചുടലയുടെ 
രക്തദാഹത്തിന്‍ ഭീതിയും.

ഉറങ്ങുവാന്‍ അറിയാതെ,
സ്വപ്നത്തിലും ഭീമമാം-
താടക ഭീതിതന്‍ ദാഹ-
രക്തം ചുരത്തി നിറച്ചു.

പല നാളുകള്‍ ഉണ്ണാതെ
ഉണ്ടുറങ്ങുമ്പോള്‍ പഴ-
കഥയായി വളര്‍ന്ന, കുരു-
ന്നിലെ ഭീതിതന്‍ വേരുകള്‍.

മൂളുന്ന ചൂരലും, അക്ഷര
മാലയും, ചുവപ്പിന്‍ മഷിയുടെ 
അടയാള കാവ്യവും രചിച്ചു-
പുതിയ ഭീതിയുടെ രൂക്ഷമാം മുഖം.

അയല്പക്കത്തെ തുലനവും തൂക്കവും,
അഛനമ്മയുടെ ശാഠ്യവും വാശിയും,
പിടിമുറുക്കി അഴിയാത്ത
ഭീതിയുടെ കരാള ഹസ്തങ്ങള്‍.

കഴുത്തിലൊരു കയറിട്ടു-
കുരുക്കുവാന്‍ തുനിഞ്ഞുവാ-
ഭീരു, എടുത്തുകളഞ്ഞുവാ-
കയറിന്‍ കുരുക്കും ഭീതിയാല്‍.

പിന്നെയും അടിമയായ്,
ജീവിതം തീറെഴുതി,
ഭീതിയുടെ ജന്മിയായ് 
വാഴുന്നു, ഇന്നിതാ ഈ ഭീരു.

Creative Commons License