29 Dec 2009

വിശപ്പിന്റെ വഴി

തണുപ്പിന്‍ തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും‍,
ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.

കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.

തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.

വിശപ്പിന്‍ വിളികേള്‍ക്കാതെ ചാടിയാ കശ്മലന്‍,
ക്ഷമിച്ചു, വീണ്ടും കൈകളിലൊതുക്കിപ്പിടിച്ചു.

അടുപ്പിച്ചില്ലാരും, തുട്ടിനോടുള്ള വിശപ്പിരുന്നിട്ടും,
വെറുത്തു ഈ രൂപവും, പഴുത്ത നാറ്റവും.


എച്ചിലിന്‍ കൊട്ടയില്‍ തൊടുത്തു ദൃഷ്ടിയൊന്നെങ്കിലും,
മുറുമുറുത്തുകൊണ്ടവര്‍ ക്രൂരമായി തിരിച്ചുതൊടുത്തു.

ഒത്തിനടന്ന പാദത്തിലെ പല്ലുകള്‍ ഓര്‍ത്തുകൊണ്ട്,
പിന്‍‌തിരിഞ്ഞു, വെടിഞ്ഞുകൊണ്ടാ മൃഷ്ടാന്ന ഭുജ്യത്തെ.

ദൈവത്തിന്‍ ഭിക്ഷയെ ഓര്‍ത്തു, ചെന്നുവാ പടച്ചോറിനായ്,
ദൈവത്തിനിപ്പോള്‍ പ്രിയം തുട്ടുതന്നെയെങ്കിലോ..?

നീലയും വെള്ളയും കൂട്ടമായതങ്ങനെ...!
ഭാണ്ഡവുമേറി തൊഴുതുകൊണ്ടങ്ങനെ..!

അക്ഷരഭാണ്ഡത്തെ തട്ടിപ്പറിച്ചുവാ പൊതിച്ചോറിനായി,
താങ്ങുവാന്‍ കഴിഞ്ഞല്ലതെങ്കിലും, കൊട്ടിത്തുറന്നു.

തപ്പിത്തടഞ്ഞുവാ പുസ്തക കുന്നിലായ്, വീണ്ടും തുറന്നു,
ഹാ! കയ്യില്‍ തടഞ്ഞു പുതു ചൂടിന്‍ തരംഗം ....!

തുറന്നു! വിഴുങ്ങി! പക്ഷെ കുടുങ്ങി അന്നനാളത്തില്‍,
തുപ്പിക്കുരച്ചുകൊണ്ട് തള്ളിയാ ഒന്നരക്കണ്ണുകള്‍,

കഴുത്തില്‍ ഞെരിച്ചു, അമറി വിളിക്കുവാന്‍ കഴിയാതെ.
വിശപ്പെന്ന കുറ്റത്തിന്‍, ഭൂമിയില്‍ ശിക്ഷയായ്..!

പിഞ്ചിന്‍ വാത്സല്യ ദേവത കനിഞ്ഞിതാ...!
വിശപ്പിന്റെ വഴിലെ ഉടക്കെടുത്താ ജലം...!

കരഞ്ഞു അന്നാദ്യമായ്, ഉരുകിപ്പിടഞ്ഞുകൊണ്ട്,
പിന്നെയും പൊളിഞ്ഞു, വാ! വിശപ്പിന്റെ വിളിയില്‍.

എച്ചിലിന്‍ കയ്യുകള്‍ ഭാണ്ഡം നിറച്ചു.....
അക്ഷരക്കെട്ടിനെ അരമനയിലയക്കുവാന്‍.

നാളെയും ഒരു പൊതിച്ചോറുമായി വരുമെന്നോതി,
മാഞ്ഞുവാ ദേവത ഭാണ്ഡം ചുമന്നുകൊണ്ട്...!

വിശപ്പിന്‍ വഴിയിലെ ദിവ്യ ദേവതയെക്കണ്ടു...!
നാളയും വരുമോ ഒരു പൊതിച്ചോറുമായി..?

Creative Commons License

15 Nov 2009

സ്നേഹത്തിന്‍ വിങ്ങല്‍

ഹൃദയ രാഗം വഴുതി വീണ താളുകള്‍ കീറി മാറ്റിയോ..?
പെയ്തൊഴിഞ്ഞീ സ്നേഹം, കണ്ണില്‍ വര്‍ഷശോകമായോ...?
നിന്റെ സ്വരമുറങ്ങും കനവോ, കനല്‍ക്കാറ്റായി വീശിയോ...
ഇന്നണഞ്ഞുവോ നീ ഒരു, മിന്നിമായും നാളമായി...?

നീ പകര്‍ന്ന സ്നേഹബാഷ്പവും ഇന്നുറഞ്ഞ് കനലായോ..?
ഹൃദയത്തിന്‍ നടവഴിയില്‍, ഇരുളും നിഴലായി നീ മാഞ്ഞുവോ?
സ്വയം എരിഞ്ഞു തീരുമീ യാത്രപോയ ഓര്‍മ്മയില്‍...
എന്തിനീ തീക്ഷണമാം വിങ്ങലിന്‍ ശകലമായി നീ..?

അകലും സന്ധ്യയില്‍ ഇറ്റുവീണ മഷിത്തുള്ളിയെ,
തേടി ഞാന്‍, തുളുമ്പുമീ മിഴിനീരിലും തൂലികാഗ്രം പോല്‍...
വാടിവീണ പൂവുപോല്‍, മോഹശകലമിന്നുറങ്ങിയോ?
നിശയിലെ നിലാവു പോലും വേനലായി മാറ്റി നീ..

ക്ഷണികമീ ജീവിതത്തില്‍ ക്ഷണികമോ ഈ വേദന ?
അറിയുന്നു ഞാന്‍ ഈ വേദന, ക്ഷണികമല്ലൊരിക്കലും.
ആഴ്ന്നിറങ്ങിയീ വേരുകള്‍ ഹൃദയത്തെത്തുളച്ചിതാ..
സ്നേഹവും വളമായോ, നീറുമീ കണ്ണീരിന്‍ മഴക്കായി...


Creative Commons License

4 Oct 2009

പ്രതീക്ഷിക്കാത്ത മറുപടി !

പശ്ചാത്തപിക്കാനും കുറ്റം പറയാനും അപലപിക്കാനും മാത്രമറിയാവുന്ന മനുഷ്യര്‍... സ്നേഹം സഹിഷ്ണുത, പരസഹായം കാലം നിന്നു പോയോ ?

നിങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കൂ.
1. ഒരു നേരത്തെയെങ്കിലും സ്വന്തം ഭക്ഷണം വിശക്കുന്ന ഒരാള്‍ക്ക് നല്‍കിയിട്ടുണ്ടോ ?
1. ജീവിത സമയത്തൊരിക്കലെങ്കിലും പൊതുസേവനത്തിന് സമയം മാറ്റിവെച്ചിട്ടുണ്ടോ ?

1. അനാവശ്യമായി ചിലവാക്കുന്ന ഒരു രൂപയെങ്കിലും മിച്ചം വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ?
1. താന്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചിട്ടുണ്ടോ ?

1. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ സ്വതന്ത്രരാണ് ഈ ഭൂമിയില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
1. കൈകൂലികൊടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ ?

1. ഒരിക്കലെങ്കിലും രക്തദാനം നടത്തിയിട്ടുണ്ടോ ?
1. മരണാനന്തരം ശരീവയവങ്ങള്‍ മറ്റോരാള്‍ക്ക് പ്രയോജനം വരുംവണ്ണം ഉപോയഗപ്പെടുത്തിയിട്ടുണ്ടോ ?

1. പൊതുമുതല്‍ എന്റെയും നിന്റെയും സ്വത്താണ് എന്നു അറിയുന്നുണ്ടോ ? ഇനിയും നൂറിലേറെ ചോദ്യങ്ങള്‍....


അറിഞ്ഞുകൊണ്ടുതന്നെ എല്ലാ കാര്യങ്ങള്‍ക്കും പട്ടികയില്‍ ഒന്ന് (1) എന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.

ഞാന്‍ സന്തോഷിക്കുന്നു എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തിട്ടുമുണ്ട്, ഇനി ചെയ്യുകയും ചെയ്യും..... ഒരു പച്ചയായ, വികാരങ്ങളുള്ള, എന്റെ കഴിവിനനു മറ്റുള്ളവരുടെ വേദന അറിയാനും അതില്ലാതാക്കാനും പരിശ്രമിക്കുന്ന മനുഷ്യമൃഗം.


സസ്നേഹം ശ്രീ.

Creative Commons License

29 Aug 2009

കല്ലോലിനി

പാഥേയം|ലക്കം 9| സെപ്റ്റംബര്‍ 2009| ചിങ്ങം-കന്നി 1185 - ല്‍ വായിക്കൂ.

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

ഘനം കൊണ്ടാ തുള്ളി, സ്വ ശക്തിയായി..
വിരഹവും വരമാക്കി മാറ്റിയവള്‍ ഇന്നിതാ..
തരുവിന്‍ ദാഹം ശമിപ്പിച്ചു തളര്‍ന്നവള്‍...
പ്രതിഭലം മഴയായ് തീര്‍ന്നവള്‍ക്കായ്..


യവ്വനം തീര്‍ത്തവള്‍ ഒഴുകിത്തിമിര്‍ത്തുവോ?
അഴകിന്‍ ആഴങ്ങള്‍ തിളങ്ങി നിന്നിതാ...
പാപത്തിന്‍ വിഴുപ്പുകള്‍ പേറുവാനായ്...
പിന്നെയും കഴുകി അവള്‍ ഭൂമിതന്‍ മാറിടം.

അരുണന്‍ പാപത്തിന്‍ ഘനം കൂട്ടിയോ..?
നിബിഡമായി നിന്നുവോ ഒഴുകുവാനറിയാതെ..
ആശ്രയം ഇല്ലാതെ തെങ്ങിയോ നീ...
വറ്റാതെ വാരിധിയില്‍ വറ്റി വരണ്ടുവോ..?


Creative Commons License

19 Aug 2009

യതിനി

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്


തെക്കുനിന്നെത്തുന്ന വിളിയില്‍
കത്തുന്ന നെഞ്ചിലെ കനലിന്‍
കാവലാം നീറ്റുചോറിന്റെ ഉരുളകള്‍
ദര്‍ഭതന്‍ കൈകള്‍ ഊട്ടുന്നു ഇന്നിതാ

ആഹരി രാഗത്തില്‍ തേങ്ങലായ്
തൂകിയാ, വേഴ്ച തച്ചുടച്ചപ്പോള്‍..
ഉടയുന്നു ആ വര്‍ണ വളകളും...
മങ്ങുന്നു സൂര്യന്‍ സീമന്തരേഖയില്‍ ‍..


എഴുതാത്ത ഏടിലെ വരികളെ
തേടി അലയുന്ന ഹൃദയത്തില്‍
വിഷാദഹൃത ഹ്രദത്തിലേക്കിനി
താഴാതെ എത്തിപ്പിടിക്കുവാന്‍...

കഴിയാതെ നില്‍ക്കുന്നു ഇവള്‍
ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല
ഇനി അവള്‍ അമ്മയായി മാത്രം
മകളായി മാത്രം വാഴുന്നു ഇന്നിതാ...

കത്തുന്ന നെയ്‌വിളക്കിന്‍ നാളം
നീരിന്‍ കരിമ്പുക വമിക്കുവാതെ..
കാറ്റില്‍ അണയുമ്പോള്‍ ആ...
പൈതലിന്‍ കൂന്തലില്‍ തഴുകി

വിതുമ്പി ഓര്‍മതന്‍ ഓളങ്ങള്‍
നീക്കിയാ അങ്കിതം സീമന്തികം.
രേഖതന്‍ പൈത്യകം നിഴലിച്ചു
നിന്നിതാ ഇവള്‍ ഏകിയായ്...
ഇന്നിതാ ഇവള്‍ ഏകിയായ്...

Creative Commons License

11 Aug 2009

പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി...

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്


ഉറങ്ങുന്ന പൂക്കളെ വിളിച്ചുണര്‍ത്തുന്ന കിരണങ്ങള്‍ ആഹ്ലാദം നിറക്കുന്നു ശലഭങ്ങളില്‍, പക്ഷെ ഇന്നു നിറമില്ലാത്ത ശലഭമായി പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി അലയുന്ന എനിക്കു, വാടിവീണ പൂവിനെ ഓര്‍ത്ത് ഒരു തുള്ളി കണ്ണുനീരു വാര്‍ക്കുവാന്‍ കഴിയുന്നില്ല, വീഴുന്നതിനു മുന്‍പു തന്നെ വീഴാന്‍ പോകുന്ന കണ്ണുനീരുകള്‍ നീ കടമെടുത്തിരുന്നു, അറിയാമായിരുന്നു നിനക്ക്, ഞാന്‍ ഓര്‍മകളാകുന്ന മധു നുകര്‍ന്ന്, ഹൃദയം വിതുമ്പി , ഒരായിരം ജല മൊട്ടുകള്‍ നയനത്തില്‍ വിരിയിക്കും എന്ന്.. എന്നിട്ടും നീ....! പക്ഷെ അറിയാതെ നിനക്കുതന്ന വാക്കുകള്‍ തെറ്റുന്നു, ഈ മിഴിനീരുകള്‍ ഓര്‍മയുടെ ചാലുതീര്‍ത്ത് ഹൃദയത്തിന്റെ അടിത്തട്ടില്‍ തളം തീര്‍ത്തിരിക്കുന്നു, വീണ്ടും ഒരു പൂവിലെ മധുവായിമാറുവാന്‍ ഈ നീര്‍തളം ആഗ്രഗിക്കുന്നു..! അതെ, ആ കിരണങ്ങള്‍ ഇനിയും നിന്നില്‍ പതിയുമെങ്കില്‍, ഞാന്‍ വീണ്ടും ഒരു ശലഭമായി മാറുമെങ്കില്‍...!


നീ വിരിയുന്നതും കാത്തിരിക്കുവാന്‍ എനിക്ക്, മധുവായി വാര്‍ന്ന് ചാലുതീര്‍ത്ത മിഴിനീരുകള്‍, വറ്റിവരണ്ട് മധുരം മാറി ഉപ്പുണങ്ങിയ ഓര്‍മകളായി കൂട്ടിരിക്കുന്നു. സഞ്ചാരിയായ ആ കിരണങ്ങള്‍ എന്റെ മനസ്സിലെ നിത്യവും വിരിഞ്ഞു നില്‍ക്കുന്ന നിന്റെ വര്‍ണം മായാതെ നുകരുവാന്‍ എന്റെ നയനത്തില്‍ പ്രഭ ചൊരിയുന്നതും കാത്തിരിക്കാതെ, ഞാന്‍ പകല്‍ മറന്ന രാത്രിയില്‍, വാടിവീണ പൂവുതേടി, അല്ല വീണ്ടും വിരിഞ്ഞ നിന്നെ തേടി ആ അനന്തതയില്‍ പരതുന്നു.. ഒരായിരം പ്രത്യാശാ പുഷ്പങ്ങള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ട് ഞാന്‍ പറന്നുയരുന്നു... നിനക്കുവേണ്ടി മാത്രം ഞാന്‍ പറന്നുയരുന്നു..

30 Jul 2009

ആത്മബന്ധം

പാഥേയം|ലക്കം 8| ആഗസ്റ്റ് 2009| കര്‍ക്കടകം-ചിങ്ങം 1184/5-ൽ വായിക്കൂ

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്ഉണ്ണീ
.... ടാ ഉണ്ണീ....!
എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളികേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...!
എന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ടാണോ എന്തോ, അമ്മ മുറിയില്‍നിന്നും ഇറങ്ങിവന്നു, കലങ്ങി, ഉറക്കമിളച്ചപോലുള്ള ആ നോട്ടം കണ്ടിട്ട് എനിക്കു വല്ലാതെ തോന്നി. പിന്നെ ഉണ്ണിയെ ഞാന്‍ വിളിച്ചില്ല.
ചിലപ്പോള്‍ ഇന്നവന്‍ ട്യൂഷന് നേരത്തേ പോയിട്ടുണ്ടാവും...! സമയം അപ്പോഴാണ് ഞാന്‍ നോക്കിയത്. സുകൂളില്‍ പോകാന്‍ നേരമായിരിക്കുന്നു.. “എന്നും വിളിക്കുന്നതല്ലേ, ഇന്നന്താ അച്ഛനുമായി വഴക്കടിച്ച് അമ്മ എന്നോടും പിണങ്ങിയോ..? സമയം പോയതു കണ്ടില്ലേ... എനിക്കു പൊതി കെട്ടി താ.. ” അമ്മയുടെ മുഖം ദയനീയമായി... “ഓ, അപ്പോള്‍ ഇന്നും ഇല്ല അല്ലേ..”

ഒരുങ്ങിയിറങ്ങുന്നതു കണ്ടിട്ട്, പതിവില്ലാതെ അച്ഛന്‍ ചോദിച്ചു ഇന്നു പോണോ എന്ന്..? എന്റെ ഉറക്കപ്പിച്ച മുഖം കണ്ടിട്ടാകും അങ്ങനെ ചോദിച്ചത്.. മറുപടി പറയാതെ ഞാന്‍ സൈക്കിള്‍ നോക്കി.. ഹാ ഞാനും അവനും സൈക്കിളിലാണ് പോകുന്നത്. ദൈവമേ, പഞ്ചറായിരിക്കുന്നു...! എന്റെ സൈക്കിള്‍ പെണ്‍പിള്ളാര്‍ക്കുള്ളതാണെന്ന് പറഞ്ഞ് അച്ഛനുമായി പുതിയ സൈക്കിള്‍ വാങ്ങുന്നതിനു വഴക്കടിച്ചിരുന്നു, അപ്പോള്‍ പിണങ്ങിയതാണവന്‍...!

സ്കൂളില്‍ ചെന്നു, അവനെ കണാന്‍ സമയം കിട്ടിയില്ല, എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു, ഛെ, താമസിച്ചിരിക്കുന്നു. പക്ഷെ ടീച്ചറിനിതെന്തു പറ്റി വഴക്കൊന്നും പറയുന്നില്ല... ഭയങ്കര ക്ഷീണം, ഡസ്കില്‍ തലവെച്ചു ഞാന്‍ ഉറങ്ങിപ്പോയി. ടീച്ചര്‍ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. വഴക്കുപറയും എന്നു വിചാരിച്ചു, പക്ഷെ ഒന്നു പറഞ്ഞില്ല..

ക്ലാസ് കഴിഞ്ഞു അവന്റെ കൂടെ പോകണം, എന്നെ പറ്റിച്ചുകടന്നുകളഞ്ഞവനല്ലേ... !
പുസ്തകങ്ങള്‍ എടുത്തുവെയ്ചിറങ്ങാന്‍ അല്പം വൈകി, ഞാന്‍ ഓടി സൈക്കിള്‍ വെയ്ക്കുന്നിടത്തേക്കു വന്നു, കാത്തുനിന്ന് ക്ഷമകെട്ടവന്‍ പോയിട്ടുണ്ടാകും... വേഗത്തില്‍ പോകുന്ന പതിവില്ലല്ലോ അവന്..? ഞാന്‍ സ്കൂളിന്റെ ഗേറ്റും കടന്ന് ടാര്‍ റോഡിലേക്കു നോക്കി..? ഇല്ല കാണുന്നില്ല..! ആ വളവും കഴിഞ്ഞ് പോയിട്ടുണ്ടാകും, കഴിവതും വേഗത്തില്‍ ഞാന്‍ നടന്നു..! വീട്ടിലേക്കുള്ള ഇടവഴിയിലിറങ്ങി. ദൂരേ ആരോ സ്കൂള്‍ യൂണിഫോമില്‍.... ഞാന്‍ ഓടാന്‍ തുടങ്ങി..


അപ്പോഴാണ് ഒരു വിളി പുറകില്‍നിന്ന്...! അതെ ഉണ്ണി തന്നെ! അവന്റെ കയ്യില്‍ ബാഗില്ലല്ലോ..? യൂണിഫോമിനു പകരം വെളുത്ത വസ്ത്രം..? ആ വെളുത്ത വസ്ത്രത്തില്‍ അവനെ കാണാന്‍ നല്ല ചേലുണ്ടായിരുന്നു..!
“അക്കയെന്താ ഇത്രേം വേഗത്തിലോടിയത്..? എന്നോട് ഇഷ്ടമില്ലല്ലേ..?”
“ ഇതു നല്ല കൂത്ത്, നീ പോയിട്ടുണ്ടാകുമെന്നുകരുതി ഞാന്‍ ഓടുകയായിരുന്നു..!”
“അക്കയെ വിളിച്ചോണ്ടുപോകാനല്ലേ ഞാന്‍ സ്കൂളിന്റെ മുന്‍പില്‍ കാത്തുനിന്നത് എന്നെ കണ്ടില്ലായിരുന്നോ..?”
“ഇല്ല, നീ എന്തേ രാവിലെ വിളിക്കാതെ പോയത്..?
“ഇന്നലയേ ഞാന്‍ പോയിരുന്നല്ലോ അക്കേ.. രാവിലെ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നു, പിന്നെ സ്കൂളില്‍ വന്നു വിളിക്കാമെന്നു കരുതി... ”
“നമുക്കു പോകാം അക്കേ...! അക്കേടെ ഉടുപ്പിന് ഈ നിറം തീരെ ചേരില്ല....! നല്ല വെളുത്തതായിരുന്നെങ്കില്‍ എന്റേതുപോലെ ആയേനേ അല്ലേ...?”
“അതെ...!”
എന്റെ വസ്ത്രത്തിന്റെ നിറം മങ്ങിമാറുന്നതുപോലെ..! ഉണ്ടായിരുന്ന തലവേദനയും പോയി..! ഭാരമില്ലാതെ പറക്കുന്നതുപോലെ.. ഹായ് എന്തു രസം..!
അടുത്ത വീട്ടിലെ അമ്മൂമ്മ ആ വഴി വരുന്നു..!
“ഇവള്‍ക്കിതെന്താ പറ്റിയത്....?” ഒന്നുമില്ലന്നു പറഞ്ഞപ്പോഴേക്കും അവര്‍ നിലവിളിക്കാന്‍ തുടങ്ങി....!

“ ഉണ്ണി പോയതിന്റെ ദുഃഖമാണവളേയും... ഈശ്വരാ...!”

ഞാനും ഉണ്ണിയും ചേര്‍ന്ന് വീട്ടിലേക്കു പോയി...! അവന്‍ വാതോരാതെ പറയുന്നുണ്ടായിരുന്നു... പുതിയ വീടിന്റെ വിശേഷങ്ങള്‍.. അതാസ്വദിച്ച് അവന്റെ കൂടെ ഞാനും... !

Creative Commons License

24 Jul 2009

മൂകസന്ധ്യ.

പകലുകൾ അകലെ അലിയും,
നിശയോ സന്ധ്യയില്‍ അലയും..!

കൂടുകൾ വിട്ടൊരാ പക്ഷികൾ പാടും,
പാട്ടിന്റെ ഈണം പകരാമോ....?
സഖീ, പാട്ടിന്റെ ഈണം പകരാമോ....?

രാവുകൾ തീർത്തൊരാ യാത്രയാം സംഗീതം,
ശോകമായ് തേങ്ങിയോ വിരഹമീ ഗാനം..?

ഇന്നലെ നീ തന്ന ഓർമതൻ ചിറകുകൾ,
പിന്നെയും പൊഴിയുന്നതെന്തേ..?
സഖീ, പിന്നെയും പൊഴിയുന്നതെന്തേ..?

ഈറനാം മിഴികൾ പറയാതെ പകരുന്നോ,
ശോകഗാനത്തിൽ നീറുമീ നീണ്ട നിലാമഴ..?

അഴകാർന്ന നിൻ മുഖ ചിത്രമെഴുതുമ്പോൾ,
ആരാരുമറിയാതെ പടരുന്നതെന്തേ..?
സഖീ, അകലേക്കായി മറയുന്നതെന്തേ..?

പിന്നെയും പകലുകൾ അലയുന്നോ സന്ധ്യയിൽ,
നിശയുടെ ഹൃദയത്തിൻ രാഗങ്ങൾ തേടി..?

നോവുമായ് ഉറങ്ങുമീ മൂകവിഷാദം,
ഒരുനോക്കിനാ‍യ് ഉണരുന്നതെന്തേ...?
സഖീ, ഒരുവാക്കിനായ് ഉണരുന്നതെന്തേ...?

Creative Commons License

12 Jul 2009

ഭക്തിതൻ കവിത

ത്രിസന്ധ്യ എഴുതിയ കവിത,
ദീപാരാധനയാം കവിത..!

ആരാധനയിൽ അകമഴിയും,
ആനന്ദത്തിൻ കവിത..!

അധരങ്ങൾ മന്ത്രിക്കും അനുരാഗത്തിൻ,
ശുഭ ജപ മന്ത്രത്തിൻ കവിത..!


തൊഴുകൈകൾ വിറകൊള്ളും,
ഹ്രിദയത്തുടിപ്പിൻ പാരമ്യത്തിൻ കവിത..!

തുളസിക്കതിർ പൊഴിക്കും തീർത്ഥജലത്തിൻ,
തുള്ളികൾ തീർത്തൊരു കവിത..!

ചന്ദന സുഗന്ധത്താൽ നിറയും,
മന്ദമാരുതൻ തെന്നിത്തെറിപ്പിക്കും കവിത..!

ഭക്തിയിൽ ആറാടുന്നൊരാ,
ദർശന ഭാഗ്യമാം കവിത..!
ഇതു ദർശന ഭാഗ്യമാം കവിത..!Creative Commons License

6 Jul 2009

സ്നേഹവും തേടി

പെയ്തൊഴിഞ്ഞ മാനത്തിൽ,
നീല നിഴലാട്ടമെന്നപോൽ,
അകലെയെങ്ങോ ആരോ,
നോവിന്റെ ഗാനം മൂളവേ..!


കുഞ്ഞു പ്രാവിന്റെ തൂവൽ പോൽ,
തഴുകുന്നു നോവുമീണമായ്,
മൊഴിമറന്നു മൌനമായ്,
ഇന്നിതാ എൻ മനസ്സും...!

വഴിമറന്ന പക്ഷിപോൽ,
ഒഴുകുമീ വിരഹവും,
തിരയും ആ തരളിത,
സ്നേഹസ്പർശത്തിനായ്.

ചെറുതിരിയായ് എരിയുമാ,
സ്നേഹമേ നിനക്കുമാത്രമായ്,
ദൂതുമായി വന്നു എൻ,
നേർത്ത മിഴിനീരിന്നിതാ...!

Creative Commons License

17 Jun 2009

മോഹം

പാഥേയം|ലക്കം 7| ജൂണ്‍ 2009| ഇടവം-മിഥുനം 118 - ല്‍ വായിക്കൂ

അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങുമാ,
പൈതലിന്‍ സ്വാന്തന സ്വപ്നത്തിനോ.. ?
ദാഹിച്ചുനില്‍ക്കുമാ ഭിക്ഷുവിന്‍ കണ്ണിലെ,
വാതില്‍പ്പടിയിലെ കാല്‍പ്പാദത്തിനോ.. ?
പ്രേമിതന്‍ ഹൃദയസ്വരത്തിന്‍ പ്രതീ‍കമാം,
പ്രേമലേഖനത്തിന്‍ മറുവരിക്കോ.. ?


കാണാതെപോയ കിടാവിനെ അമ്മയ്ക്കു
കണ്ടുകിട്ടിയിട്ടുണ്ടായ കണ്ണീരിനോ...?
കാറ്റിലും കോളിലും കടലിനെ കാണുമാ
മുക്കുവന്‍ പെണ്ണിന്റെ കാത്തിരിപ്പിനോ..?
നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍
കടാക്ഷിക്കുവാ‍ന്‍ തുനിയുന്ന കൈകളേയോ.?
വിശപ്പിനെ മറന്നു തന്‍ മുട്ടയില്‍ ചൂടേകും
വിരിയുന്നതിനായി കാക്കും പക്ഷിതന്‍ ക്ഷമയോ..?
എന്നിലെ എന്നെ വെടിഞ്ഞു ഞാന്‍ എന്തിനോ,
ചാലിക്കുമീ അക്ഷരക്കൂട്ടിന്‍ ആശയത്തിനോ ?
എന്തിനോടിന്നെനിക്കീ മോഹം.. ?
പറയൂ എന്താണെനിക്കീ മോഹം ?
അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ?
Creative Commons License

13 Jun 2009

നിറമില്ലാത്ത ജീവന്‍

വേറിട്ട ഒരു ഒറ്റയടിപ്പാതയില്‍ നടന്ന എന്നോടാരോ പിന്നില്‍ നിന്നു ചോദിച്ചു “നീ ആര്” പക്ഷെ ഉറവിടം കണ്ടെത്താന്‍ വിഷമിച്ചു.. ഉദ്യമം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മുന്നില്‍ നിന്നതേ ചോദ്യം...
അതു ഞാന്‍ തന്നെയായിരുന്നു.. അല്ല എന്റെ മനസ്സിലെ സമ്മിശ്ര വൈരീ ചിന്താ ശകലങ്ങള്‍ക്കു നിറമില്ലന്നു മന്‍സ്സിലാക്കിത്തരുവാന്‍ ആ ഏഴുനിറങ്ങള്‍ ചേര്‍ന്ന ധവളപ്രകാശം എന്നില്‍ തട്ടിയുണ്ടാക്കിയ നിഴലായിരുന്നു.. അതും ആ ഏഴുനിറങ്ങള്‍ക്കു പിറന്ന ധവളതയുടെ ഒരു പ്രഭാവവും കാണിക്കാതെ കറുത്തിരുന്നു..

ഞാന്‍ ഈ പ്രപഞ്ചാത്താലുണ്ടായ പഞ്ചഭൂത നിര്‍മിതവസ്തു മാത്രം, നാളെ പ്രപഞ്ചത്തിലേക്കു ലയിച്ചു ചേരേണ്ട നിറമില്ലാത്ത ചേതന മാത്രം... ഞാന്‍ നിറമില്ലാത്ത വര്‍ണമാകുന്നു... ഞാന്‍ പ്രഭയില്ലാത്ത പ്രകാശമാകുന്നു..


Creative Commons License

9 Jun 2009

ജീവന്റെ വിടവാങ്ങല്‍

ഈ ജീവനില്‍ എവിടെയാണ് നിന്നെ മറക്കുവാനുള്ള നിമിഷം?
“എന്നെ മറക്കണം” എന്നു നീ പറഞ്ഞ ആ നിമിഷം ഞാനില്ലാതെ ആയി.
ഏതു വികാരമാണ് നിന്നിലാ ശബ്ദം പുറപ്പെടുവിക്കാനുള്ള കരുത്തേകിയത്. പക്ഷെ നിന്റെ ആ വാക്കുകള്‍, ഹൃദയത്തിലകപ്പെട്ട ചില്ലുകള്‍ പോലെ മുറിവുകള്‍ മാത്രം അവശേഷിപ്പിച്ചു, പിന്നെ ജീവനില്‍ നിന്നൊഴിയുവനായി തന്ന ഒരു ക്ഷണപത്രികയും.


ഇന്നു ഞാന്‍ അറിയുന്നു, ആ വാക്കുകളില്‍, വേര്‍പാടിന്റെ തീരാത്ത ദുഃഖം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന്. എന്നെ വിട്ടുപോകുമെന്നു മാത്രമെ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ... പക്ഷെ, ഇത്ര അകലത്തില്‍ , തിരിച്ചുവിളിക്കുവാന്‍ കഴിയാത്തത്ര അകലത്തിലേക്ക് നീ എന്തേ പോയീ..? അതിന്റെ കാരണത്തിന്റെ ആഴം അളക്കുവാന്‍ എന്റെ ഹൃദയമാപിനിക്കു കഴിവില്ല..
എന്നെ തനിച്ചാക്കി, നീ സഞ്ചരിച്ച അതേ വഴികളിലൂടെ പിന്തുടരുവാന്‍ അതിയായ മോഹം. നിന്റെ ഓര്‍മകള്‍, എന്നെ ആ പാതയിലേക്ക് വരുത്തുവാനുള്ള നിമിത്തമായി മാറുമ്പോള്‍ തന്നെ, ആ ഓര്‍മകള്‍ എന്നെന്നേക്കുമായി നഷ്ടമായാ‍ലോ എന്ന ഭയം പിന്തിരിപ്പിക്കുന്നു.
ഉണരാനും ഉറങ്ങാനും മറന്നു ഞാനിന്ന്... നിന്റെ ഓര്‍മകള്‍, തീരാ വ്രതമായി ഇന്നെനിക്ക്. ആ ഓര്‍മകളെ മാത്രമായി ഞാനിന്നാരാധിക്കുന്നു. പക്ഷെ കടാക്ഷിക്കുവാന്‍ നീ പ്രത്യക്ഷമാകുന്നത് സ്വപ്നങ്ങളില്‍ മാത്രമാകുന്നു. അരികിലിരുന്നോമനിക്കുവാന്‍ നീ അന്യമായിരിക്കുന്നു, പകരം നീ നിറച്ചത് ആഴമേറിയ ഏകാന്തത മാത്രം.
ഞാനറിയാതെ എന്നെ നിന്നിലേക്കലിയിക്കൂ, അതിനുള്ള കഴിവ് നിനക്കിപ്പോഴും ഉണ്ട്. നീ പോയ പാത പിന്തുടര്‍ന്ന് ഞാനിതാ എത്തുന്നു. എന്നെ കൈപിടിച്ചു കൊണ്ടുപോകൂ..


Creative Commons License

4 Jun 2009

പഞ്ചഭൂതസമാഗമം
സര്‍വ്വം സഹഃ, വിശേഷണം ഭൂഷണം
വികാരവതിയായി ഇതരഭൂതമാം..
ധാരാശക്തിയായ് ജലധിയിലതു ജലമായ്..
തഴുകി മാറ്റിയോ മാരുതന്‍ മഴയെ?
ജനനിതന്‍ ജീവനിന്‍ ആധാരമായി
ജലത്തേയും ജനിപ്പിച്ചു പവനന്‍
ജനിച്ചു. ഇനി മരണം സുനിശ്ചിതം
പാവനി, പാപനാശിനി അഗ്നി പൊരുള്‍ കൊണ്ടു
ദഹിപ്പിക്കും ജനനിതന്‍ മക്കളെ
ചേര്‍ന്നു വീണ്ടുമാ സര്‍വ്വം സഹയില്‍.
ആദ്യമോ അദ്യമോ അവന്‍ ഗഗനം,
സര്‍വ്വം സ്ഥിതിയില്‍ മായയായ്,
ഭൂതസമാഗമ ദ്രിഷ്ടികോണില്‍
ധൃഷ്ടതയോടെ വേറിട്ടുനിന്നു വീക്ഷിച്ചു.

26 May 2009

ഉറങ്ങുമീ, നിമിഷവും.

ഒരു മഴമുകില്‍ പക്ഷി പാടിയ പാട്ടിന്റെ
ഈണത്തില്‍ കാതോര്‍ത്തു ഞാനിരുന്നൂ...

പ്രിയമാം, പ്രീതമാം അനുരാഗരാഗങ്ങള്‍
ആദി താളമായി പെയ്തിറങ്ങീ...

മൊഴിമാനം തെളിഞ്ഞൊരാ സായന്തനത്തിന്‍
ശ്രുതിതന്‍ യവ്വന നാണത്തിലും..


ചെറുതായ, ഹൃദയത്തിന്‍ സുന്ദര ശൈലിയും
പ്രണയോന്നതമായി ഇമകളടച്ചുവോ...?

നീട്ടിയ കൈകളില്‍, ഇറ്റിട്ട് വീണുവോ
പൊഴിയും സന്ത്യയും, യവന തീര്‍ത്ഥമായി..?

തീര്‍ത്ഥമായി തൂകിയ ജലബിന്ദുവെന്നപോല്‍
പുണ്യപ്രവാളത്തില്‍ ഞാന്‍ ലയിച്ചലിഞ്ഞു...

പ്രഭയേകി നില്‍ക്കുമാ അമ്പിളിക്കല പോലെ
നിശയെ, ശ്രുതി മീട്ടി ആനയിച്ചു...

അറിയാതെ മിഴിയോ, മൊഴിയാം മൂകത
മറയാതെ മാറോടണച്ചുവെന്നോ...?

ഇനിയും ഉറങ്ങാതെന്‍ മനമാം താരകം
അഴകേകി ആ മാനമാം ഹൃദയത്തിലും..

ഒരു പാതി ചാരിയാ‍, പ്രകൃതിതന്‍ വാതിലില്‍
കുളിര്‍കാറ്റായ്, തഴുകി തണുത്തതെന്തേ..?

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

25 May 2009

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍

പാഥേയം|ലക്കം 6| ജൂണ്‍ 2009| ഇടവം-മിഥുനം 1184 - ല്‍ വായിക്കൂ.


നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”
“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!


തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.

കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!

ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.

അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.

കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!

പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?

അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”

അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.
ശുഭം.Creative Commons License

21 May 2009

നാളെ

അഴുക്കിന്‍ ഭാണ്ഡങ്ങള്‍ ചുമന്നുകൊണ്ടാ
സൂര്യകിരണങ്ങള്‍ വീണ്ടും കിഴക്കുകേറും.
നിലകളുടെ നിഴലുകള്‍ മരിക്കും മരങ്ങള്‍ക്ക്
തണലേകി തഴച്ചുവളര്‍ന്നുകൊണ്ടേയിരിക്കും.
അമ്മയില്ലാതെ ജനിക്കും
ആ പിഞ്ചുകുഞ്ഞുങ്ങള്‍, അനാഥമായി
രണ്ടുജെന്മങ്ങളെ ദത്തെടുക്കും.
മലിനമാം മുലപ്പാലിന്‍ മധുരമിറക്കുവാന്‍
മരണത്തില്‍ പോലും കഴിയില്ലവര്‍ക്കിനി.
വിഷസൂചി കുത്തികയറിയിറങ്ങിയ
അജഡ ശോഭ കറുത്തുകരുവാളിക്കും.
വെളുപ്പിന്‍ പുറം ചട്ട ധരിച്ചു
കറുപ്പിന്‍ കരിവിഷം നിറച്ചു
ഘന വര്‍ഷം തിളപ്പിക്കും ഭൂരക്തം
കുത്തിക്കിഴിച്ചുകൊണ്ടിറങ്ങിയതങ്ങനെ.
കൊള്ളിയാന്‍ കോലങ്ങള്‍ വരക്കും തലം,
താപത്തില്‍ കൊടുമ്പിരി കൊള്ളും ദിവസവും.


പൊരിയും പരല്‍മണല്‍ മരുവിലും,
ദാ‍ഹംശമിക്കും ദഹിപ്പിച്ചുനില്‍ക്കും
അര്‍ക്ക പ്രതിബിബം പ്രാണനില്‍.
വീണ്ടും ശ്രമിക്കും കരുത്തോടെ അവന്‍
വലിച്ചു വലിച്ചു കുടിക്കുവാനായി.
രൂപത്തിന്‍ അന്തരം കഴുത്തുഞെരിക്കും
സ്നേഹബന്ദത്തിന്‍ നിര്‍മലഭാവങ്ങളത്രയും.
സൂര്യന്‍ ഉണരുമ്പോള്‍
ഉറങ്ങും ജീവനാംശങ്ങള്‍.
കുടിക്കും കരിജലം കറപിടിച്ചിരുന്നാലും.
ചിത്രത്തില്‍ മാത്രമാകും കാടുകള്‍ പിന്നെയോ
ചരിത്രമാകും, പഴമ്പുരാണമാകും.
പകുക്കും മൂലകക്കൂട്ടുകള്‍ മുടങ്ങാതെ,
മനുഷ്യ ജീവിതം മുതലെടുക്കും മൂലകസങ്കരങ്ങള്‍.
പണിയും പുതിയ കത്തുന്ന തോക്കിന്‍ കുഴലുകള്‍,
കൈവശമാക്കുവാന്‍ ഈ
പടു രസതന്ത്ര സൂത്രങ്ങളത്രയും.
തന്ത്രങ്ങള്‍ മെനയും പുതു സങ്കരജാ‍തിയുടെ
ജീവാംശ രഹസ്യത്തെ ജന്മം കൊടുക്കുവാന്‍.
ബ്രഹ്മനും പഴിക്കും, പിന്നെ പിഴക്കും,
പുതിയ പിഞ്ചുകള്‍ പിറക്കും
പ്രക്രിയാ പ്രാകൃതമായി.
ശാസ്ത്രങ്ങള്‍ ശാപങ്ങളായി ചതിക്കും
ചരാചര പ്രഭ പൊലിക്കും
പഴുതുകള്‍ അടച്ചുകൊണ്ടിങ്ങനെ.
വെറുക്കും, പിന്നെ മടുക്കും
മാനുഷജന്മത്തിനത്രയും
ഈ യുഗം മുടിക്കും, പ്രളയമിതടുക്കും
ഭൂമിയെ ചുട്ടുതിന്നുവാനായി.
ധൃതിയില്‍ തിമിര്‍ക്കും ഉതിരം മണക്കും,
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.

20 May 2009

കരയുന്ന കാത്തിരിപ്പ്

ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്ന ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍ ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും നീ കരുതിയിരിക്കുന്നു...


തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച് നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ, അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...

19 May 2009

ഓര്‍മകളെ നിന്‍ താപം

ആകാശ അനന്ദതയില്‍ നോക്കി.. ഇടതൂര്‍ന്ന മേഘങ്ങളെ നോക്കി...
നിറകണ്ണില്‍ നിറയുന്ന നിമിഷങ്ങള്‍ പോല്‍....!
നിറയുന്നു നീലിമപോല്‍ ഗതകാലങ്ങള്‍....!
നിറയുന്നു രശ്മികള്‍ പോല്‍ നിന്നോര്‍മകള്‍...!


അറിയുന്നു ഞാനിന്ന്, ആര്‍ദ്രമാം ഓര്‍മകള്‍...
അറിയുന്നു ഞാനിന്ന്, അടരുന്ന ഓര്‍മകള്‍....
മറയാതെ എരിയുന്നു സൂര്യനെപ്പോല്‍.
അത് മനതാരിലെരിയുന്നു സൂര്യനെപ്പോല്‍.

ഓര്‍മകളെ നിന്‍ താപം ആറാതെരിഞ്ഞപ്പോള്‍..
ഉരുകിയൊലിച്ചു ഞാന്‍ മെഴുകിന്‍ പ്രതിമപോല്‍.
അറിയാതെ, ഉലയിലെ തരിയായ തനുവായി..
തളരുന്നു ഞാനിന്നും, നിന്നോര്‍മയില്‍.

ആ പ്രിയമാനസ യെമുനയും വറ്റിവരണ്ടുവോ...?
ആ സ്വരരാഗ ഗംഗയും വറ്റിവരണ്ടുവോ..?
നിന്‍ സ്മൃതിതന്‍ രോദന രാഗത്തിലും....?
നിന്‍ സ്മൃതിയില്‍ തകര്‍ന്നൊരാ താളത്തിലും...?

മായാത്ത മരീചികപോല്‍, മറയുന്നു
നിന്‍ ചിരി, മൃതിയാം, മരുവാം മനസ്സിലിന്നും....
എന്നിട്ടും കനലായി, കാഞ്ചന കാന്തിപോല്‍..
വിങ്ങി വിളങ്ങി നീയെന്‍ കനവുകളില്‍...

ഓര്‍മകളെ നിന്‍ താപം ആറാതെരിയെട്ടെ..
മനസ്സിലെ മരുവിലും വാടാതെ വളരട്ടെ...
ഇരുട്ടിലും വെളിച്ചമായ് വഴികള്‍ തെളിച്ചു നീ..
മിഴികളില്‍ നിറഞ്ഞു, വേര്‍പെടും തുള്ളിപോല്‍..

അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?
നീ അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?

9 May 2009

ഇന്നലെ പെയ്തൊരാ മഴയത്..

ഇന്നലെ പെയ്തൊരാ മഴയത്..
മിഴിയിലലിഞ്ഞൊരു ഹിമകണമോ...?

നിറഞ്ഞുപെയ്തുവാ പ്രാണനാം മേഘവും,
വേഴാമ്പലതു കാത്തിരുന്ന പോല്‍...


കരിമഷിപടര്‍ത്തിയാ, കറുപ്പിന്‍ വിഷാദം,
വിഹീനമാക്കി പ്രണയമാം പ്രഭാതവും..

നേത്രത്തിന്‍ ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.

കിളിര്‍ത്തുവോ ഓര്‍മതന്‍ വിത്തുകള്‍..?
വേരുകള്‍ പടര്‍ത്തിയോ ആഴത്തിലത്രയും...

ആടിയുലഞ്ഞോരാലിലയെന്ന പോല്‍..
അര്‍ഥ ശൂന്യമായി ജെന്മമിതെന്നോ..?

പടരുന്നുവോ ഹൃദയ പ്രതിബിംബമത്രയും...
പ്രളയത്തിലെ പ്രകാശമെന്നപോല്‍..?

പ്രണയിച്ചിരുന്നു ഞാന്‍ ഈ പ്രപഞ്ച മിഥ്യയെ..........
പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........

7 May 2009

ആത്മഹിതം

എന്തിനെന്‍ രൂപത്തിലടച്ചുവീ ആത്മാവിനെ,
അകലെയെങ്ങോ പോകേണ്ടതുണ്ടെങ്കിലോ...?

എന്തിനെന്‍ രൂപത്തിലലിഞ്ഞു നീ...?
നിന്നിലെ ആത്മാവകലെയാകുമ്പോളെപ്പോഴും..

വിളങ്ങിയതെന്തിന്, ഇന്ദ്രിയാതീതമേ..?
തുടിച്ചുകൊണ്ടെവിടെയോ പോകേണ്ടതുള്ളപോല്‍..

വിളിച്ചുവോ നീ, പ്രാപ്യമാക്കുവാനെന്നപോല്‍..?
തുടിച്ചുവോ ആ വിളികേള്‍ക്കുവാനായ്...?

പിണങ്ങിനിന്നുവോ, പ്രണയാതുരമായ്...?
വശ്യമാം ആ നാദം കേള്‍ക്കുവാനായ്...

മടിയിലുറങ്ങുമൊരു ചെറു പൈതലായ്..
ചിണുങ്ങിനിന്നുവോ പ്രപഞ്ച നിത്യമേ...?

പ്രഭയിലും, പ്രദോഷമുള്ളപോല്‍ പ്രേമിച്ചുവോ..
ഈ നിത്യ ചൈതന്യ ഭാണ്ഡത്തെ..?

ഞൊറിഞ്ഞുടുത്തപോല്‍ എന്‍ ക്ഷണകായത്തില്‍..
ഉദിച്ചൊരാ അദ്രിശ്യ ദൈവീകമൂലമേ..

വിതുമ്പി വിടവാ‍ങ്ങുവാനായീ ജന്മമത്രയും..
നിന്നെയും പേറി അലഞ്ഞുവോ ഞാന്‍..?

പോയ്മറഞ്ഞൊരാ നിന്‍ ഹൃദയപ്രകാശത്തെ..
തേടിയലഞ്ഞുവോ ഈ
ജന്മമത്രയും..

എന്തിനെന്‍ രൂപത്തിലടച്ചുവീ ആത്മാവിനെ,
അകലെയെങ്ങോ പോകേണ്ടതുണ്ടെങ്കിലോ...?

6 May 2009

ആ തണല്‍ തേടുമ്പോള്‍.

ഇന്നു, വീണ്ടും ആ വിജനമാം വഴിയിലൂടെ നടന്നു...
നീ എന്നെ കാണുന്നുവോ....?
ആ വേരില്‍ വീണ്ടും കാലുടക്കി....! രക്തത്തിന്റെ നിറം കടുത്തിരുന്നു..
വേദന തരുവാന്‍ ആ മുറിവ് പ്രാപ്തമായിരുന്നില്ല..
വേദനയുടെ ആവനാഴിയില്‍ ഒരു ചെറിയ അമ്പിന് എന്ത് വില........?
നിന്റെ ധനുസ്സില്‍ മന്‍സ്സു മുറിക്കുന്ന, ഓര്‍മയുടെ അസ്ത്രങ്ങള്‍ ഒഴിയാറില്ലേ..?

ഓര്‍മ്മകള്‍, ഉറക്കത്തില്‍ മാത്രമല്ല, പകലിന്റെ വെളിച്ചത്തിലും നീയെന്ന വേടന്റെ പ്രിയമുള്ള ഇരയാകുന്നു....

ആ തണല്‍ തേടി വീണ്ടും കുറച്ചു ദൂരം...!
പ്രതീക്ഷയോടെ....! തിരിഞ്ഞുനോക്കി...
“ഇല്ല....!” വന്നിരുന്നില്ല. ഓര്‍മകള്‍ മാത്രം....!

പ്രാണന്റെ വിലകൊടുത്ത വാങ്ങിയ പളുങ്കുപാത്രമായി നീ എന്‍ മനസ്സില്‍......
ചേമ്പിലയിലെ നീര്‍ത്തുള്ളിയെന്നപോല്‍ ഒരു തുള്ളി നിറഞ്ഞു....
ഇമകള്‍ക്കു താളം തെറ്റിയപ്പോള്‍ പൊഴിഞ്ഞു ആ തുള്ളി.. പലതുള്ളിയായി.....

ആ തണല്‍ തേടി വീണ്ടും...
പൂവാക പൂര്‍ണ്ണമല്ലാത്ത എന്നെ നോക്കി... എനിക്കു വേണ്ടി നിറയെ പൊഴിച്ചിരുന്നു അന്ന്.
പക്ഷെ ഇന്ന് ചുവപ്പിന് മങ്ങല്‍, പൂര്‍ണ്ണമല്ലാത്തതുപോലെ...


ഒരു ചുവന്ന, ആ പൂവെന്റെ കണ്ണിലുടക്കി , എന്റെ രക്തത്തിന്റെ നിറം.. അല്ല, നീ നിറഞ്ഞ എന്റെ ഹൃദയത്തിന്റെ നിറം. കണ്ണിനു കുളിരേകി...
ബാഷ്പ ബിന്ദുപോലെ ഒരു തുള്ളി എനിക്കേകി ആ വാക.
നീ സ്പര്‍ശിക്കും പോലെ............
അതെ നീ തന്നെ...

ഞാന്‍ തിരിച്ചറിഞ്ഞു ,
ആ പാതയോരത്ത് നോവുമോരാത്മാവായ് എന്‍ വ്യഥ കണ്ട് നീയും....
അതെ എന്‍ വ്യഥ കണ്ട് നീയും, ബാഷ്പ ബിന്ദുവായി, ഓര്‍മകളായി ഉലാത്തുകയായിരുന്നു....

5 May 2009

നിശയിലെ നീ..

അണയുന്ന വികാരങ്ങളെയും, വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന ആ അര്‍ഥപ്രഞ്ജയെ മുറുകെപിടിച്ചിരിക്കുവാന്‍ വെമ്പുന്ന മനസ്സിനെ...
പാതിയുണര്‍ന്ന്, ഇന്നും എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ...
താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍......


വീണ്ടും ഒരു തീരാ നിശ, നീ ഉറങ്ങുമ്പോഴും, എന്നെ ഉണര്‍ത്തിയിരുന്ന അതേ വികാരങ്ങള്‍ നിന്നെ കാണുവാനായി ആ കാര്‍മേഘങ്ങള്‍ പാതി മറച്ച വിണ്ണിനെ നോക്കി കേണിരുന്നു...
എന്തോ അറിയാവുന്നതു പോലെ കാര്‍മേഘം കറുത്ത് ഘനം കൂട്ടി ആ വെള്ളിക്കണ്ണാടിയിലെ നിന്റെ മുഖം മറച്ചു....

കണ്ണിലെ കണികകള്‍, എത്തിനോക്കിയ നിലാവെളിച്ചത്തില്‍ മുത്തുപൊഴിച്ചുകൊണ്ടേയിരുന്നു... ഘനം കൂടിയ ആ വികാരധാരയില്‍ അലിഞ്ഞുവോ ആ ഓര്‍മ്മകള്‍.. എന്തോ അറിയില്ല, ആ ഓര്‍മ്മകള്‍ അലിഞ്ഞുരുകി കടല്‍ ചേര്‍ന്നാലും, നീരാവിയായി, വെള്ളിമേഘങ്ങളായി, വീണ്ടും എന്നിലേക്കു പെയ്തിറങ്ങും, ഭൂമി എന്നപോലെ നിശ്ശബ്ദമായി ഞാനതേറ്റുവാങ്ങും...

നിന്റെ ഉറക്കം, ഉണര്‍ത്തിയ എന്നെ, ആ നിശയില്‍ നിര്‍വികാരമായി അലഞ്ഞലിഞ്ഞുരുകാന്‍ ഓര്‍മ്മയിലേക്കിറക്കിവിട്ടു...
നിന്റെ ഉറക്കം, ഉണര്‍ത്തിയിരുന്നു എന്നെ...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...

2 May 2009

ക്ഷണ ബ്രാഹ്മണന്‍

മിത്രത്തിന്റെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്തത്..... അനുവാദമില്ലാതെ, ചോദിച്ചറിഞ്ഞതും, സംഭാഷണശകലങ്ങള്‍ അവന്റെ കണ്ണുകള്‍ നിറച്ചപ്പോള്‍ എഴുതിയത്.

നാ‍ലു ദിവസത്തെ ഒന്നിച്ചവുധിയിട്ടതിന്റെ സന്തോഷം, രാത്രി സുഹൃത്തുക്കളുമൊത്തവന്‍ ഉറ്റ കൂട്ടുകാരന്റെ വീട്ടിലേക്കൊരു യാത്രയുടെ വക്കില്‍..... ബസ്റ്റാന്റില്‍ തമിഴക്ഷരങ്ങള്‍ കൂട്ടിവായിക്കും മിടുക്കില്‍, ആഥിധേയനാകുന്ന സുഹൃത്തിനെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ബസ്സിന്റെ തലപ്പ് വായിച്ചവന്‍ പറഞ്ഞു “അതെ അങ്ങോട്ടു തന്നെ” എട്ടുപേരും ചാടിക്കയറി. സീറ്റുകള്‍ കുറവ്, ആറുമണിക്കൂര്‍ യാത്രയുള്ളതുകൊണ്ട് എല്ലാവരും തിരിച്ചിറങ്ങി... മുറുക്കിയ വായിലെ കറപുരണ്ട പല്ലിളിച്ചു കാട്ടിയ “പാട്ടിയെ” മറന്നു പൊയിട്ടില്ല.. അവര്‍ക്കു സീറ്റുകിട്ടി. വീട്ടിലെത്താന്‍ എല്ലാവര്‍ക്കും തിരക്കുള്ളതു പോലെ ആ ബസ്സ് നിറഞ്ഞു പോയി. ഒരുവന്റെ കുശാഗ്രബുദ്ധി തെളിഞ്ഞു, എല്ലാവരും ബസ്സു കയറിവരുന്ന ഭാഗത്തേക്ക് നടന്നു, “അതാ വണ്ടി!”. “ ഓടുന്ന വണ്ടിയില്‍ ചാടിക്കയറരുത് ” മനസ്സിലെ മുന്നറിയിപ്പവഗണിച്ചവര്‍ ചാടിക്കയറി. സീറ്റ് കിട്ടി.

ആദ്യത്തെ ഫോണ്‍ കോള്‍...
Mummy Calling... സ്ക്രീനില്‍ തെളിഞ്ഞുവന്നു...
“അമ്മേ....! എന്തു പറ്റി രാത്രിയില്‍?”
“നീ എവിടാ ?”
“ഞാന്‍ പറഞ്ഞിരുന്നില്ലേ.. കൂട്ടുകാരന്റെ വീട്ടില്‍......”
“മോനേ......! മാ‍മാ ആശുപത്രിയിലാടാ....”
“എന്താ?....”
“അതെ ആറ്റിലിറങ്ങിയതാ രണ്ടുപേരും.... അനിമാമായെ കാണുന്നില്ല....! ഞാന്‍ അങ്ങോട്ട് പോകുന്നേ ഉള്ളൂ..... ഞാന്‍.... ഞാന്‍ പിന്നെ വിളിക്കാം....”

വാക്കുകളിലെ വിങ്ങലുകള്‍ തിരിച്ചറിഞ്ഞിരുന്നു അവന്‍.....
ഉടന്‍ തന്നെ കുഞ്ഞമ്മയെ അവന്‍ വിളിച്ചു.. ഫോണെടുത്തില്ല. വീണ്ടും അവന്റെ ഫോണ്‍ ശബ്ദിച്ചു.. അനുജത്തി..
“വാവേ, എന്താ മാമന്... എന്താ നിധീ, വല്യമാമനെന്താ ?”
“മാമന് കുഴപ്പമൊന്നുമില്ല... ”
ഏങ്ങലുകള്‍ കടിച്ചമര്‍ത്തിയ സ്വരം മങ്ങി...
“അനിമാമയോ... ? ”
കടിച്ചമര്‍ത്തിയ ഏങ്ങലുകള്‍ വിങ്ങിപ്പൊട്ടി....
“വാവേ... എന്താ ഇത്.. ഫോണ്‍ വെച്ചോ... ഞാന്‍.. പിന്നെ വിളിക്കാം...”
കൂടെയിരുന്ന കൂട്ടുകാരന്‍മാര്‍ കാര്യം തിരക്കി............
മറുപടി ഒരുതുള്ളി കണ്ണുനീര്‍.. (ഇതുവരെ അവനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല....)
“എന്താടാ...?”
“എനിക്ക് വീട് വരെ ഒന്നു പോകണം......”
ബസ്സ് റോഡുകള്‍ പിന്നിട്ടുകൊണ്ടിരുന്നു.....
അവന്‍ ചേട്ടത്തിയമ്മയെ വിളിച്ചു......
“ഹലോ ഭാബീ..... വെയര്‍ ഈസ് ഭയ്യാ.....”
“ഹീ ഈസ് ഹിയര്‍.. ജെസ്റ്റ് എ സെക്കണ്ട്... ”
“ഹലോ.... അണ്ണാ..അനിമാമനെന്താ............?”
“ടാ മാമന്‍............... ആറ്റില്‍ മുങ്ങി മരിച്ചു...”
ഉരുക്കിഉറപ്പിച്ച ശബ്ദം, പക്ഷെ അതിനുശേഷനുള്ള നിശബ്ദത, വേദനയുടെ ആഴം അളന്നിരുന്നു അവന്‍...
(“ഏയ് വാട്ട് ഈസ് ദിസ്.....” ഭാബിയുടെ സ്വാന്തനിപ്പിക്കലുകളും ഇടറി.....(കരയുന്നത് ആദ്യമായിട്ടണ്.....)........)
“പക്ഷെ മാമനു നല്ലവണ്ണം നീന്തറിയാമല്ലോ.....”
കൂട്ടുകാര്‍ ഇറങ്ങി.... അവന്‍ ഒറ്റക്കായതറിഞ്ഞില്ല.....


“നീ എവിടാ........”
“ഞാന്‍ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുവാ.....”
“ങാ രാവിലെ ഞങ്ങളങ്ങെത്തും........ മമ്മിയേം കുഞ്ഞമ്മയേം നോക്കിയേക്കണേ...”
വണ്ടികള്‍ മാറിക്കയറിയതും സൂര്യന്‍ ഉദിച്ചതും, കലങ്ങിയ കണ്ണുകള്‍ തെളിയാന്‍ വഴികൊടുത്തില്ല...
അതിരാവിലെ വീട്ടിലെത്തി.. വീട് പൂട്ടിയിരുന്നു..
അളിയന്റെ കാറ് വന്ന് മുന്‍പില്‍ നിന്നു... വാ കണ്ണാ....
ഡോര്‍ തുറന്നടഞ്ഞു........
കാറുകള്‍ നിരന്നുകിടക്കുന്നു......
ആസ്ബറ്റോസുകൊണ്ടുള്ള താത്കാലിക പന്തല്‍.... അടുക്കുതെറ്റിക്കിടക്കുന്ന കസേരകള്‍ മുറ്റത്ത്...
കുഞ്ഞമ്മയുടെ മകള്‍ വാവ ഓടിവന്നു, കരഞ്ഞു.... വലിയമാമ കരയുന്നു... “അവന്‍ എന്റെ കൂടൊണ്ടാരുന്നതാ..”
എല്ലാവരേയും കണ്ടു.............. ഒരക്ഷരം ആരോടും മിണ്ടുന്നില്ല...
അളിയന്‍ വന്നു വിളിച്ചു...... അവന്‍ അനിമാമിയുടെ മുറിയിലേക്ക് ചെന്നു.... അമ്മൂസ് (നാലു വയസ്സ്) ഒന്നുമറിയാതെ ഓടിവന്ന് സ്ഥിരം ചോദികാറുള്ള കമ്പുമുട്ടായി ചോദിച്ചു.... ഇതുവരെ പിടിച്ചുനിന്ന അവന്‍... അവളെ കോരിയെടുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞു.... അളിയന്‍ വീ‍ണ്ടും വന്നു വിളിച്ചു, “വാ നമുക്ക് മോര്‍ച്ചറിയിലേക്കു പോകാം.. എടുക്കാനുള്ള സമയമായി...”
കാറില്‍ പോയി തിരിച്ച് ആമ്പുലന്‍സില്‍ ആത്മാവു നഷ്ടപ്പെട്ട അമ്മാവന്റെ കൂടെ........
ഇറക്കി പന്തലില്‍ വച്ചു വെള്ള പുതച്ച്................
രണ്ടു മണിക്കൂര്‍ രണ്ട് വര്‍ഷം എന്നപോലെ ഇഴഞ്ഞുനീങ്ങി... ഇതിനിടയില്‍ അണ്ണന്‍ വന്നു കൂടെ ചേട്ടത്തിയമ്മയും ഉണ്ട്...
കര്‍മ്മങ്ങള്‍ ആരു ചെയ്യുമെന്ന ചോദ്യവുമായ് ഒരാള്‍ പാഞ്ഞു നടക്കുന്നു... പുത്രസമാനനായ ആരെങ്കിലും...
കുടുമ്പത്തിലെ ഇളയ ആണ്‍തരിയായ അവന്റെ അടുത്തുതന്നെ അതെത്തി. കുറിയാണ്ടുടുത്ത് കുളിച്ചുവരുവാന്‍ ആരോ ഉപദേശിച്ചു...
നനഞ്ഞു നിന്നിരുന്ന അവനെ കണ്ണുനീര്‍ വീണ്ടും നനച്ചു..... ഇടത്തോട്ടിട്ട ഒരു പൂണൂല്‍ ധരിച്ചു.. കറുക മോതിരത്തിന്റെ കയ്യുകള്‍ യാത്രയപ്പിന്റെ മന്ത്രങ്ങള്‍ക്കനുസരിച്ച് അഗ്നിയില്‍ ഹോമിച്ചു.... ഒറ്റ പാളച്ചെരുപ്പ് ധരിച്ച് ജലധാരയൂറുന്ന കുടവുമായി മൂന്ന് വലംവെയ്ച്ചു പിറകിലേക്കിട്ടു..... പിന്നെയും കുറെക്കഴിഞ്ഞ് അവന്റെ അമ്മാവന്‍ അഗ്നിശുദ്ധി വരുത്തി പഞ്ചഭൂതമായി അലിഞ്ഞു...
അവന്‍ ഒരു ക്ഷണബ്രാഹ്മണനായി...

1 May 2009

ഹൃദയത്തിന്‍ ഓര്‍മ്മ...!

വെളുത്ത ഒരു പക്ഷി, തൂവെള്ള നനുത്ത കണ്ണും... നല്ല ഭംഗി, ഒരു പകുതി പഴുത്ത ഞാറക്ക കൊത്തിയെടുത്ത് ജനാലക്കല്‍ വന്നിരുന്നു. എന്നെ നോക്കിയിരുന്ന ആ പക്ഷിക്ക് ആ ഞാറക്കായെനിക്ക് തരണമെന്നുള്ളതുള്ളതുപോലെ തോന്നി.. പക്ഷെ തരുന്നതിനു മുന്‍പ് തട്ടിപ്പറിക്കാനെനിക്കു തോന്നിയത്, എന്തോ ഹൃദയമനുവദിച്ചില്ല. പെട്ടെന്നോര്‍മ്മവന്നു, അടുത്തെങ്ങും തൊടിയില്‍ ഞാറ മരം ഇല്ല. പിന്നെ ഇതെങ്ങനെ?
വീണ്ടും നോക്കിയപ്പോള്‍ അത് കൊത്തിയെടുത്ത എന്റെ ഹൃദയമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. ദൈവമേ! ഇത്ര ചെറുതായിപ്പോയോ എന്റെ ഹൃദയം.പെട്ടന്നാണതു
സംഭവിച്ചത് എന്നെനോക്കി ആ പക്ഷി ചോദിച്ചു
........!

“എന്നെ തിരിച്ചറിഞ്ഞോ...? ”
വേദനിപ്പിക്കാതെ ആ ഹൃദയം താഴെ വീണു.
“ഇല്ല അറിയില്ല... ? ”
“ഇത്രവേഗം മറന്നോ എന്നെ...? ”
ഓര്‍മകളിലൂടെ ഊളിയിട്ടു... പക്ഷ..
ഇല്ല അറിയില്ല...

“ആ തണുപ്പില്‍ നിന്‍ തനുവിന്‍ ചൂട് എന്റേതാക്കിമാറ്റിയപ്പോള്‍, ഈ ഹൃദയത്തിന്റെ ഇടിപ്പ് ഞാനറിഞ്ഞിരുന്നു....! ആ വിരലുകള്‍ എന്റെ വിരലുകളെ തഴുകി, ആ വീഥി അത്രയും തീര്‍ത്തപ്പോള്‍, നീ അറിയാതെ വിയര്‍പ്പ് പൊട്ട് കുത്തുന്നതും ഞാന്‍ കണ്ടിരുന്നു. പൂവുകള്‍ ഇമകളടച്ചപ്പോള്‍ നിന്നില്‍ തെന്നി വന്ന തെന്നല്‍ സുഗന്ദം നിറച്ചതും, ആ നീല മിഴികള്‍ നിലാവിനെ നോക്കാതെ എന്‍ മുഖം പ്രതിഭലിപ്പിച്ചതും.. ഈ നിമിഷമെന്നപോല്‍ ഞാന്‍ ഓര്‍ക്കുന്നു... അകാശത്തില്‍ നക്ഷത്രങ്ങളെന്നപോല്‍ നിന്റെ ഓര്‍മ്മ ഈ ചെറിയ പകലില്‍ മാഞ്ഞുപോയോ....?”

പറയുന്ന ഓരോ വാക്കും ഏറെ അടുപ്പിക്കുന്നു..... ഞാന്‍ എന്തെക്കിലും പറഞ്ഞല്‍ ആ വാക്കുകള്‍ വീണ്ടും എന്നിലെ ഓര്‍മകളെ വ്രണപ്പെടുത്തും എന്ന് തോന്നി.

താഴവീണതിന്റെ വേദന തോന്നിത്തുടങ്ങിയിരിക്കുന്നു...... വല്ലാതെ കൂടിവന്നപ്പോള്‍, ഉറക്കം ഉപേക്ഷിച്ചുണരേണ്ടിവന്നു...

പക്ഷെ ഒരു പിടി ഓര്‍മകള്‍ അവശേഷിപ്പിച്ചിട്ട്, ആ കിളി പറന്നു പോയിരുന്നു.....
ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ഹൃദയത്തിനു വലിപ്പം കുറഞ്ഞിരുന്നില്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞു....

29 Apr 2009

അഭിസാരിക

സ്ത്രീയായ് ജന്മമെന്നില്‍ ജനിപ്പിച്ചു ബ്രഹ്മദേവന്‍,
പഞ്ചബാണന്‍ കാമം കുറിക്കും കുറിസ്ഥലം തേടുന്നവള്‍,
എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും,
വിധിച്ചുവെനിക്കായ് എട്ടു അഭിക്രീഡാസ്ഥാനങ്ങൾ,


ശരീരം വിരിക്കും, നെല്‍ക്കതിരിന്‍ നിറം വയലില്‍.
ലത രാജികള്‍ നിറയും, പുണ്യമാം പൂങ്കാവില്‍.
ജീര്‍ണിച്ചുവാ തിരുനടയും, വിളക്കണഞ്ഞരാ ദേവാലയം.
വനം വന്യമായ്, ഭവനം ദൂതിമാരുമയ് സല്ലപിച്ചതും.
താപം കെടും ചുടുകാടും, തണുപ്പിന്‍ നീര്‍വറ്റിയ നദീതീരവും.
പിന്നെ നിശ്ശബ്ദമാം ആ‍ വിധിയിലെ വഴിയമ്പലവും.

വര്‍ണ്ണിച്ചു എന്നിലെ ആഡ്യത്തം പിന്നെയും മൂവിധം.

ഒതുക്കിയൊരുക്കിയോരാ അവയവങ്ങളും,
നിശ്ശബ്ദമാം അംഗോപാംഗ ആഭരണവും,
വസ്ത്രം നിറയും മേനിയില്‍ പൂമാല്യവും കുറിയും,
അഭിസാരിക പക്ഷെ അവള്‍ കുലസ്ത്രീ.

വര്‍ണം വിവിധം വിള‍ങ്ങും വേഷവും,
കാതില്‍ കൊരുക്കും കാല്‍ച്ചിലമ്പിന്‍ കിലുക്കം,
ആഭരണഭൂഷിതം മന്ദസ്മിതം സഹിതം,
അവള്‍ കാമം കിനിയും വേശ്യയായി.

മദം കൊണ്ടു് സ്ഖലിതമാം മൊഴികളും,
വിലാസം ഹേതുവായ് വിടരും അക്ഷികള്‍,
തട്ടി ത്തടയും ഗതി യോഗവും പദചലനവും,
അഭിസാരിക പക്ഷെ അവള്‍ ദാസി.

എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും,
എന്നെ, നീതന്നെയാക്കി ഈ സ്ത്രീരൂപത്തിലത്രയും.

ഘനം

മേഘമായൊഴുകിയൊളിച്ചുവാ താപം ഹനിച്ചു,
വാദ്യമായ് ഓടിന്‍ ചേങ്ങില താളം പിടിച്ചു,
ഇടമട്ടിലായൊരാ നാട്യ മുദ്രാ ചലനം,
മൂര്‍ഛയേറിയൊരാ ഇരുമ്പുലക്കയോ, അതോ ഗദയോ, മുള്‍ത്തടിയോ?
അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

ഇടതൂര്‍ന്നതോ നിബിഡമോ ? അതോ ബഹുമാനമോ?
കഠിനം ഉരുക്കോ അതോ അഭ്രകമോ?
മുത്തങ്ങയൊ? മുളകോ? മരവുരിയോ?
ശരീരമോ? കൂടമോ? ഗുണനഫലമോ?
അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

നീ തന്നെ രൂപനിര്‍ണയത്തിലെ ആപേക്ഷികത
പറയൂ അന്വര്‍ത്ഥമാക്കിയോ നിന്‍ നാമം “ഘനം”?

3 Apr 2009

വളരുന്ന ജീവിത ചക്രം.

പിതാവറിയാതെ, കുരങ്ങന്‍ ജെനിച്ചു.
കാശിന്റെ കയ്കള്‍ വിലപേശി.
വിലാപത്തിന്‍ നീര്‍കണം മേഘത്തില്‍ ലയിച്ചു.
പണമരത്തില്‍ ചാടിക്കയറിയ കുരങ്ങന്‍ പിടി വിട്ടു.
വന്നു പതിച്ചതോ ആ അമ്മത്തൊട്ടിലില്‍.
ആടിയുലഞ്ഞ തൊട്ടിലിനേക്കാള്‍ നല്ലത്
ആടിയുലയുന്ന പണമരത്തിന്‍ ചില്ലയെന്നു തോന്നി.
വിലകുറഞ്ഞ തെരുവുകള്‍ ചില്ലറകള്‍ വിശാലമാക്കി.
വിശപ്പ് നാണത്തെ മറച്ചപ്പോള്‍ കയ്യില്‍ കഠാര.
കഠാര കയ്കള്‍ നനച്ചപ്പോള്‍ കമ്പിയഴികള്‍ കൂട്ടുകാരായി.
പണമരത്തിന്റെ അവശ്യമോ, അതോ പേടിയൊ?
കറുത്തകോട്ടിട്ട വാചാലന്‍ പണമരത്തിനു തണലായി.
കൂട്ടിലെ പാപത്തിന്‍ കിളി പറന്നുതുടങ്ങി.
പണമരം കുലുങ്ങി. ചില്ലറകളുടെ ഭാരം കുറഞ്ഞു.
പണമരം വീണ്ടും കുലുങ്ങി.
പച്ച നോട്ടുകള്‍ പഴുത്തു തുടങ്ങി.
കണ്ടവരില്ല. കമ്പിയഴികള്‍ അന്യമായി.
കാക്കികള്‍ കദറിനു കഞ്ഞിപ്പശയായി.
വെളുത്ത കദറിനു പിന്നില്‍ കറുപ്പ് നിഴലിച്ചു.
കറുപ്പ്, കദറു ധരിച്ചുതുടങ്ങി. കറുപ്പ് വെളുപ്പായോ?
പണമരം പൂത്തു കായ്പൊഴിച്ചു.
കറുത്തുരുണ്ട് കുരങ്ങന്‍ വീണ്ടും ജെനിച്ചു.
കാശിന്റെ കയ്കള്‍ വിലപേശി.
കറുത്ത വെളുത്ത, കദറിനു പിന്നില്‍ കറുപ്പ് നിഴലിച്ചു.
വെളുത്ത? കദറില്‍ ചുടു ചോര ഉറഞ്ഞു.
കുരങ്ങന്റെ കയ്യില്‍ വീണ്ടും കഠാര.
മറ്റൊരു പണമരം കുലുങ്ങിച്ചിരിച്ചു.

31 Mar 2009

വിരഹം അറിയുമ്പോള്‍.നിന്നുടെ ഓര്‍മതന്‍ വീണാ തന്ത്രികള്‍ ,
എന്‍ മനസ്സിലെങ്ങോ ശ്രുതിമീട്ടിയോ?

ഒരുപാടുനാളായ് നിന്‍ മനസ്സില്‍ ഞാന്‍,
വെണ്‍ ചിരിയായുറങ്ങിയതറിഞ്ഞില്ലല്ലോ?

എന്‍ നോട്ടം കവരുവാനായാ വീഥിയില്‍ നിന്നിട്ടും,
നിന്നെ തൊടാതെയെന്‍ ദ്രിഷ്ടി മറഞ്ഞപ്പോള്‍.

ഉണരുന്നൊരാ വിരഹ ദു:ഖത്തില്‍ ഉടഞ്ഞൊരാ,
ഹൃദയത്തിന്‍ വ്യധ ഞാനറിഞ്ഞില്ലല്ലൊ?

പ്രേമത്തിന്‍ ശോഭയില്‍ ആകൃഷ്ടയാക്കുവാന്‍ ന്‍ല്‍കിയ,
ആ പനിനീര്‍പ്പൂവിനോടെന്തേ പിണങ്ങിയതപ്പോള്‍.

പിണങ്ങിയതേതോ ആ സന്ധ്യയാം നിമിഷം,
എന്നിലെ പ്രണയം
വിരിയുവതറിഞ്ഞില്ലല്ലോ?

ഉണര്‍ത്തിയോരാ പ്രണയം ഈ നീണ്ട രാവില്‍,
നിറച്ചു നിന്നോര്‍മ ഈ പ്രണയ പൂര്‍ണിമ.

ഞാനറിയുന്നുവോ നിന്നിലെ സ്നേഹത്തിന്‍,
മിഴിനീരിലലിയുന്നൊരാ വിരഹനൊമ്പരം.

പകര്‍ത്തി നല്‍കിയോ നിന്‍ വിരഹദു:ഖം,
പങ്കുവെച്ചുവോ നിന്‍
ഹൃദയ വേദന .

നിന്‍ വിരഹം എന്നിലും വിരഹമായ് പടര്‍ന്നപ്പോള്‍,
നീ അടുത്തുണ്ടെങ്കില്‍ എന്നു ഞാന്‍ ആശിച്ചു.

കവിളില്‍ പൊഴിയുമാ മിഴി നീരിലെന്‍ ‍,
മിഴിനീരലിയിക്കാന്‍ ആഗ്രഹിച്ചു.

എവിടെ നീ പ്രിയതമാ? അറിയില്ലല്ലോ!
എവിടെ എന്‍ തോഴാ? അറിയില്ലല്ലോ!

25 Mar 2009

ഹൃദയം കവര്‍ന്നോരാ ദര്‍ശന നിമിഷം.

ഇടം കയ്യാല്‍ ‍ഉയര്‍ത്തിയോരുടയാടയും,
ഉടഞ്ഞൊരാ മൃദു കരലാളനത്തില്‍.
കനക‍ക്കൊലുസ്സു നിഴലായൊരാ പാദമോ,
നാണം നിറച്ചുവാ പടിവാതിലില്‍.
അനുവദിച്ചാനയച്ചൊരാ പുല്‍ക്കൊടി,
പുണ്യമാം പാദസ്പര്‍ശമേല്‍ക്കുവാനായ്.

കരിവളകള്‍ കൊഞ്ചിയോരാ ദളമോരോന്നും,
കമലദള ശോഭയാര്‍ന്നോരധരത്തില്‍ അര്‍പ്പിച്ചു.
നനുചന്ദനം നെറ്റിയിലലിഞ്ഞപ്പോള്‍,
തുളസിക്കതിര്‍ തോഴിയായ് ആ കാര്‍കൂന്തലിന്‍.
കരിമഷിക്കണ്ണിമകള്‍ നടന ചുവടെഴുതുമ്പോള്‍,
ഹൃദയതാളം ശ്രുതിമീട്ടി നിന്നഴകില്‍ ദേവീ.

നമ്രശിരസ്സായ്, കയ്കൂപ്പി നിന്നവള്‍ നിന്‍ തിരുനടയില്‍,
കണ്ണാ, നിന്‍ ഓര്‍മ നഷ്ടമായ് ആ നിര്‍മല വേളയില്‍.
കണ്ണാ, ആ പൊന്മുളം തണ്ടിന്‍ ശ്രുതി മാഞ്ഞുപോയി.


ഭക്തിയിലലിഞ്ഞവള്‍ മമ ചാരെ അണഞ്ഞപ്പോള്‍,
ഏകി എനിക്കവള്‍ മൃദുമന്ദഹാസം.
നിറ ശോഭയാം ആ സുസ്മിതം,
പുല്‍കിയുണര്‍ത്തിയെന്‍ അന്തരാത്മാവിനെ.
അചലമായെന്‍ അനുരാഗ തന്ത്രികള്‍,
മീട്ടുവനറിയാതെയായ് ആ ഹൃദയ തംമ്പുരുവും.

മൂകയായ്, നീ ആ ബ്രഹ്മജീവനില്‍ മറഞ്ഞപ്പോള്‍,
ഹൃദയം കവര്‍ന്നതറിഞ്ഞില്ല ഞാന്‍......
അവളെന്‍
ഹൃദയാങ്കിയായതറിഞ്ഞില്ല.......

19 Mar 2009

copyright & licence


Creative Commons License
എഴുത്തുകാരി by സുന്ദരിക്കുട്ടി(തൂലികാനാമം) is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at ezhuttukari.blogspot.com.
Permissions beyond the scope of this license may be available at ezhuttukari@gmail.com


Copyright Given For Use Of The Original Work.
(to copy, distribute and transmit the work)

Disclaimer: The content of this page may not be registered to any authority of copyright provider and can only licensed to the above mentioned authority. And the license may not be displayed to any copyright authority and supporting website and the author will not be liable for any kind of law and quires. And symbol of copyright is used without any permission.

ഏകാന്തമോ

ഏകാന്തമായ മനസ്സോ....?
ഇല്ല ഒരിക്കലും ഇല്ല.........

ഓര്‍മ്മകള്‍ വിരിവെച്ചുറങ്ങുന്ന, ഓര്‍ക്കരുത് എന്ന് കരുതുന്ന ഓര്‍മ്മകള്‍ ഉണര്‍ന്നിരുന്ന ആ ഏകാന്തരാവുകള്‍.....

ഉണര്‍ന്നിരുന്ന ആ മനസ്സു നിനക്കു പറിച്ചു തരുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, അറിയുമായിരുന്നു ഏകാന്തമായിരുന്നില്ല അതെന്ന്, നിന്റെ ഓര്‍മ്മകള്‍ മാത്രമല്ല, നീ കൂടെയുള്ള ഒരു ജീവിതമായിരുന്നു നിറയെ...

ആ മനക്കണ്ണു പൊഴിച്ച പനിനീര്‍ ഇന്നും ഹൃദയത്തില്‍ തളം കെട്ടി നില്‍ക്കുന്നതാര്‍ക്കുവേണ്ടി...? അതില്‍ തോണിയെന്നപോല്‍ നീ തുഴഞ്ഞു നീങ്ങുമ്പോള്‍..! മറുകരയിലെത്തിയിട്ടും അതു ഞാ‍നെന്ന ഓര്‍മ്മയാണെന്നു തിരിച്ചറിഞ്ഞ നീ വീണ്ടും തുഴഞ്ഞകന്നു....

പക്ഷെ തുഴ നല്‍കിയ ആ ഓളങ്ങള്‍ തിരമാലകളായിന്നും എന്റെ മനസ്സില്‍ ഇരമ്പുന്നു....ഏകാന്തമായ ആ ഓര്‍മകള്‍, എന്റെ, നിറഞ്ഞുനിന്ന ഏകാന്തമല്ലാത്ത മനസ്സില്‍ ഉണര്‍ന്നിരുന്നോട്ടെ.....ഞാന്‍ ഉറങ്ങുമ്പോള്‍ പോലും അതെന്നില്‍ ഉണര്‍ന്നിരുന്നോട്ടെ.....


17 Mar 2009

ഭൂമിക്കൊരു പ്രെണയലേഖനം


പ്രഭാതകിരണങ്ങള്‍ നിന്നിലലിയുമ്പോള്‍,
നിര്‍മല നീലിമ കണ്ടിരുന്നു...
നിശയുടെ കറുപ്പില്‍ നിലാവിനു വഴിമാറി,
വടിവൊത്ത നിന്നഴകാസ്വദിച്ചു...
ഇങ്കിതം അറിയിക്കാ‍ന്‍ മഞ്ഞായ് പെയ്തപ്പോള്‍..
ഉറഞ്ഞു പോയി ഞാന്‍ അറിയാതെ അറിയാതെ ..
നിന്നെ പൊതിഞ്ഞു ഞാന്‍ ആ ധൂമകേതുക്കളേല്‍ക്കാതെ,
നിനക്കായ് വിരിച്ചു ഞാന്‍ നക്ഷത്ര പൊന്നാട.
അര്‍ക്ക ക്രോധത്തില്‍ കുടയായ് ഞാന്‍.അറിഞ്ഞില്ലേ എന്‍ ഹൃദയ വേദന മഴയായ് പൊഴിച്ചപ്പോള്‍?
ദേവീ അത് നീരായൊഴുക്കി നീ നിന്‍ മാറില്‍.
എന്‍ അനുരാഗം ധൂളിയായ് അലയുമ്പോള്‍,
അറിയാതെ ക്രോധം കൊടുങ്കാറ്റായിമാറി..
പരിഭവം നിറയും നിന്നുള്ളം,
കൊടുമ്പിരികൊണ്ടത് ഞാനറിഞ്ഞു..
ഒടുങ്ങാത്ത നിന്‍ കോപം,
അഗ്നിപര്‍വതമായത് ഞാനറിഞ്ഞു..

അറിയൂ ഇനിയെങ്കിലും..
മൂലക മാഹാത്മ്യം ചാലിച്ചെഴുതും
അന്തരീക്ഷം ഞാന്‍...
അനുവദിക്കൂ നിന്‍ പ്രേമ ഭാജനമാകാന്‍,
അനുവദിക്കൂ
നിന്നിലലിഞ്ഞു ചേരാന്‍....
അനുവദിക്കൂ എന്നെ അനുവദിക്കൂ
നിന്‍ പ്രേമ ഭാജനമാകാന്‍, നിന്നിലലിഞ്ഞു ചേരാന്‍....

15 Mar 2009

Cant read the text

This blog is in Malayalam. To display the text correctly, proceed as follows:
  • Download the malayalm font from HERE.Copy - Paste the font to your Windows\Fonts directory (default: C:\Windows\Fonts). (If you have an older version installed in the machine, delete the old one and copy - paste the new one.)