26 May 2009

ഉറങ്ങുമീ, നിമിഷവും.

ഒരു മഴമുകില്‍ പക്ഷി പാടിയ പാട്ടിന്റെ
ഈണത്തില്‍ കാതോര്‍ത്തു ഞാനിരുന്നൂ...

പ്രിയമാം, പ്രീതമാം അനുരാഗരാഗങ്ങള്‍
ആദി താളമായി പെയ്തിറങ്ങീ...

മൊഴിമാനം തെളിഞ്ഞൊരാ സായന്തനത്തിന്‍
ശ്രുതിതന്‍ യവ്വന നാണത്തിലും..


ചെറുതായ, ഹൃദയത്തിന്‍ സുന്ദര ശൈലിയും
പ്രണയോന്നതമായി ഇമകളടച്ചുവോ...?

നീട്ടിയ കൈകളില്‍, ഇറ്റിട്ട് വീണുവോ
പൊഴിയും സന്ത്യയും, യവന തീര്‍ത്ഥമായി..?

തീര്‍ത്ഥമായി തൂകിയ ജലബിന്ദുവെന്നപോല്‍
പുണ്യപ്രവാളത്തില്‍ ഞാന്‍ ലയിച്ചലിഞ്ഞു...

പ്രഭയേകി നില്‍ക്കുമാ അമ്പിളിക്കല പോലെ
നിശയെ, ശ്രുതി മീട്ടി ആനയിച്ചു...

അറിയാതെ മിഴിയോ, മൊഴിയാം മൂകത
മറയാതെ മാറോടണച്ചുവെന്നോ...?

ഇനിയും ഉറങ്ങാതെന്‍ മനമാം താരകം
അഴകേകി ആ മാനമാം ഹൃദയത്തിലും..

ഒരു പാതി ചാരിയാ‍, പ്രകൃതിതന്‍ വാതിലില്‍
കുളിര്‍കാറ്റായ്, തഴുകി തണുത്തതെന്തേ..?

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

ഉറങ്ങുമീ നിമിഷവും കനവുകളില്ലാതെ
ഉണരുന്നതിനായാ, സുന്ദര സുപ്രഭാതത്തില്‍...

25 May 2009

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍

പാഥേയം|ലക്കം 6| ജൂണ്‍ 2009| ഇടവം-മിഥുനം 1184 - ല്‍ വായിക്കൂ.


നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.

ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”
“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)
ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.
‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’ ഞാന്‍ മനസ്സിലോര്‍ത്തു.
“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .

പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍ #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!


തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത് ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.

കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!

ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....
“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”
അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.

അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍ അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.

കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!

പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?

അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”

അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.
ശുഭം.



Creative Commons License

21 May 2009

നാളെ

അഴുക്കിന്‍ ഭാണ്ഡങ്ങള്‍ ചുമന്നുകൊണ്ടാ
സൂര്യകിരണങ്ങള്‍ വീണ്ടും കിഴക്കുകേറും.
നിലകളുടെ നിഴലുകള്‍ മരിക്കും മരങ്ങള്‍ക്ക്
തണലേകി തഴച്ചുവളര്‍ന്നുകൊണ്ടേയിരിക്കും.
അമ്മയില്ലാതെ ജനിക്കും
ആ പിഞ്ചുകുഞ്ഞുങ്ങള്‍, അനാഥമായി
രണ്ടുജെന്മങ്ങളെ ദത്തെടുക്കും.
മലിനമാം മുലപ്പാലിന്‍ മധുരമിറക്കുവാന്‍
മരണത്തില്‍ പോലും കഴിയില്ലവര്‍ക്കിനി.
വിഷസൂചി കുത്തികയറിയിറങ്ങിയ
അജഡ ശോഭ കറുത്തുകരുവാളിക്കും.
വെളുപ്പിന്‍ പുറം ചട്ട ധരിച്ചു
കറുപ്പിന്‍ കരിവിഷം നിറച്ചു
ഘന വര്‍ഷം തിളപ്പിക്കും ഭൂരക്തം
കുത്തിക്കിഴിച്ചുകൊണ്ടിറങ്ങിയതങ്ങനെ.
കൊള്ളിയാന്‍ കോലങ്ങള്‍ വരക്കും തലം,
താപത്തില്‍ കൊടുമ്പിരി കൊള്ളും ദിവസവും.


പൊരിയും പരല്‍മണല്‍ മരുവിലും,
ദാ‍ഹംശമിക്കും ദഹിപ്പിച്ചുനില്‍ക്കും
അര്‍ക്ക പ്രതിബിബം പ്രാണനില്‍.
വീണ്ടും ശ്രമിക്കും കരുത്തോടെ അവന്‍
വലിച്ചു വലിച്ചു കുടിക്കുവാനായി.
രൂപത്തിന്‍ അന്തരം കഴുത്തുഞെരിക്കും
സ്നേഹബന്ദത്തിന്‍ നിര്‍മലഭാവങ്ങളത്രയും.
സൂര്യന്‍ ഉണരുമ്പോള്‍
ഉറങ്ങും ജീവനാംശങ്ങള്‍.
കുടിക്കും കരിജലം കറപിടിച്ചിരുന്നാലും.
ചിത്രത്തില്‍ മാത്രമാകും കാടുകള്‍ പിന്നെയോ
ചരിത്രമാകും, പഴമ്പുരാണമാകും.
പകുക്കും മൂലകക്കൂട്ടുകള്‍ മുടങ്ങാതെ,
മനുഷ്യ ജീവിതം മുതലെടുക്കും മൂലകസങ്കരങ്ങള്‍.
പണിയും പുതിയ കത്തുന്ന തോക്കിന്‍ കുഴലുകള്‍,
കൈവശമാക്കുവാന്‍ ഈ
പടു രസതന്ത്ര സൂത്രങ്ങളത്രയും.
തന്ത്രങ്ങള്‍ മെനയും പുതു സങ്കരജാ‍തിയുടെ
ജീവാംശ രഹസ്യത്തെ ജന്മം കൊടുക്കുവാന്‍.
ബ്രഹ്മനും പഴിക്കും, പിന്നെ പിഴക്കും,
പുതിയ പിഞ്ചുകള്‍ പിറക്കും
പ്രക്രിയാ പ്രാകൃതമായി.
ശാസ്ത്രങ്ങള്‍ ശാപങ്ങളായി ചതിക്കും
ചരാചര പ്രഭ പൊലിക്കും
പഴുതുകള്‍ അടച്ചുകൊണ്ടിങ്ങനെ.
വെറുക്കും, പിന്നെ മടുക്കും
മാനുഷജന്മത്തിനത്രയും
ഈ യുഗം മുടിക്കും, പ്രളയമിതടുക്കും
ഭൂമിയെ ചുട്ടുതിന്നുവാനായി.
ധൃതിയില്‍ തിമിര്‍ക്കും ഉതിരം മണക്കും,
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.
മരുശാല മാത്രമാകും ഈ ഭൂമിയിതത്രയും.

20 May 2009

കരയുന്ന കാത്തിരിപ്പ്

ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്ന ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍ ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും നീ കരുതിയിരിക്കുന്നു...


തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച് നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ, അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...

19 May 2009

ഓര്‍മകളെ നിന്‍ താപം

ആകാശ അനന്ദതയില്‍ നോക്കി.. ഇടതൂര്‍ന്ന മേഘങ്ങളെ നോക്കി...
നിറകണ്ണില്‍ നിറയുന്ന നിമിഷങ്ങള്‍ പോല്‍....!
നിറയുന്നു നീലിമപോല്‍ ഗതകാലങ്ങള്‍....!
നിറയുന്നു രശ്മികള്‍ പോല്‍ നിന്നോര്‍മകള്‍...!


അറിയുന്നു ഞാനിന്ന്, ആര്‍ദ്രമാം ഓര്‍മകള്‍...
അറിയുന്നു ഞാനിന്ന്, അടരുന്ന ഓര്‍മകള്‍....
മറയാതെ എരിയുന്നു സൂര്യനെപ്പോല്‍.
അത് മനതാരിലെരിയുന്നു സൂര്യനെപ്പോല്‍.

ഓര്‍മകളെ നിന്‍ താപം ആറാതെരിഞ്ഞപ്പോള്‍..
ഉരുകിയൊലിച്ചു ഞാന്‍ മെഴുകിന്‍ പ്രതിമപോല്‍.
അറിയാതെ, ഉലയിലെ തരിയായ തനുവായി..
തളരുന്നു ഞാനിന്നും, നിന്നോര്‍മയില്‍.

ആ പ്രിയമാനസ യെമുനയും വറ്റിവരണ്ടുവോ...?
ആ സ്വരരാഗ ഗംഗയും വറ്റിവരണ്ടുവോ..?
നിന്‍ സ്മൃതിതന്‍ രോദന രാഗത്തിലും....?
നിന്‍ സ്മൃതിയില്‍ തകര്‍ന്നൊരാ താളത്തിലും...?

മായാത്ത മരീചികപോല്‍, മറയുന്നു
നിന്‍ ചിരി, മൃതിയാം, മരുവാം മനസ്സിലിന്നും....
എന്നിട്ടും കനലായി, കാഞ്ചന കാന്തിപോല്‍..
വിങ്ങി വിളങ്ങി നീയെന്‍ കനവുകളില്‍...

ഓര്‍മകളെ നിന്‍ താപം ആറാതെരിയെട്ടെ..
മനസ്സിലെ മരുവിലും വാടാതെ വളരട്ടെ...
ഇരുട്ടിലും വെളിച്ചമായ് വഴികള്‍ തെളിച്ചു നീ..
മിഴികളില്‍ നിറഞ്ഞു, വേര്‍പെടും തുള്ളിപോല്‍..

അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?
നീ അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?

9 May 2009

ഇന്നലെ പെയ്തൊരാ മഴയത്..

ഇന്നലെ പെയ്തൊരാ മഴയത്..
മിഴിയിലലിഞ്ഞൊരു ഹിമകണമോ...?

നിറഞ്ഞുപെയ്തുവാ പ്രാണനാം മേഘവും,
വേഴാമ്പലതു കാത്തിരുന്ന പോല്‍...


കരിമഷിപടര്‍ത്തിയാ, കറുപ്പിന്‍ വിഷാദം,
വിഹീനമാക്കി പ്രണയമാം പ്രഭാതവും..

നേത്രത്തിന്‍ ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.

കിളിര്‍ത്തുവോ ഓര്‍മതന്‍ വിത്തുകള്‍..?
വേരുകള്‍ പടര്‍ത്തിയോ ആഴത്തിലത്രയും...

ആടിയുലഞ്ഞോരാലിലയെന്ന പോല്‍..
അര്‍ഥ ശൂന്യമായി ജെന്മമിതെന്നോ..?

പടരുന്നുവോ ഹൃദയ പ്രതിബിംബമത്രയും...
പ്രളയത്തിലെ പ്രകാശമെന്നപോല്‍..?

പ്രണയിച്ചിരുന്നു ഞാന്‍ ഈ പ്രപഞ്ച മിഥ്യയെ..........
പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........

7 May 2009

ആത്മഹിതം

എന്തിനെന്‍ രൂപത്തിലടച്ചുവീ ആത്മാവിനെ,
അകലെയെങ്ങോ പോകേണ്ടതുണ്ടെങ്കിലോ...?

എന്തിനെന്‍ രൂപത്തിലലിഞ്ഞു നീ...?
നിന്നിലെ ആത്മാവകലെയാകുമ്പോളെപ്പോഴും..

വിളങ്ങിയതെന്തിന്, ഇന്ദ്രിയാതീതമേ..?
തുടിച്ചുകൊണ്ടെവിടെയോ പോകേണ്ടതുള്ളപോല്‍..

വിളിച്ചുവോ നീ, പ്രാപ്യമാക്കുവാനെന്നപോല്‍..?
തുടിച്ചുവോ ആ വിളികേള്‍ക്കുവാനായ്...?

പിണങ്ങിനിന്നുവോ, പ്രണയാതുരമായ്...?
വശ്യമാം ആ നാദം കേള്‍ക്കുവാനായ്...

മടിയിലുറങ്ങുമൊരു ചെറു പൈതലായ്..
ചിണുങ്ങിനിന്നുവോ പ്രപഞ്ച നിത്യമേ...?

പ്രഭയിലും, പ്രദോഷമുള്ളപോല്‍ പ്രേമിച്ചുവോ..
ഈ നിത്യ ചൈതന്യ ഭാണ്ഡത്തെ..?

ഞൊറിഞ്ഞുടുത്തപോല്‍ എന്‍ ക്ഷണകായത്തില്‍..
ഉദിച്ചൊരാ അദ്രിശ്യ ദൈവീകമൂലമേ..

വിതുമ്പി വിടവാ‍ങ്ങുവാനായീ ജന്മമത്രയും..
നിന്നെയും പേറി അലഞ്ഞുവോ ഞാന്‍..?

പോയ്മറഞ്ഞൊരാ നിന്‍ ഹൃദയപ്രകാശത്തെ..
തേടിയലഞ്ഞുവോ ഈ
ജന്മമത്രയും..

എന്തിനെന്‍ രൂപത്തിലടച്ചുവീ ആത്മാവിനെ,
അകലെയെങ്ങോ പോകേണ്ടതുണ്ടെങ്കിലോ...?

6 May 2009

ആ തണല്‍ തേടുമ്പോള്‍.

ഇന്നു, വീണ്ടും ആ വിജനമാം വഴിയിലൂടെ നടന്നു...
നീ എന്നെ കാണുന്നുവോ....?
ആ വേരില്‍ വീണ്ടും കാലുടക്കി....! രക്തത്തിന്റെ നിറം കടുത്തിരുന്നു..
വേദന തരുവാന്‍ ആ മുറിവ് പ്രാപ്തമായിരുന്നില്ല..
വേദനയുടെ ആവനാഴിയില്‍ ഒരു ചെറിയ അമ്പിന് എന്ത് വില........?
നിന്റെ ധനുസ്സില്‍ മന്‍സ്സു മുറിക്കുന്ന, ഓര്‍മയുടെ അസ്ത്രങ്ങള്‍ ഒഴിയാറില്ലേ..?

ഓര്‍മ്മകള്‍, ഉറക്കത്തില്‍ മാത്രമല്ല, പകലിന്റെ വെളിച്ചത്തിലും നീയെന്ന വേടന്റെ പ്രിയമുള്ള ഇരയാകുന്നു....

ആ തണല്‍ തേടി വീണ്ടും കുറച്ചു ദൂരം...!
പ്രതീക്ഷയോടെ....! തിരിഞ്ഞുനോക്കി...
“ഇല്ല....!” വന്നിരുന്നില്ല. ഓര്‍മകള്‍ മാത്രം....!

പ്രാണന്റെ വിലകൊടുത്ത വാങ്ങിയ പളുങ്കുപാത്രമായി നീ എന്‍ മനസ്സില്‍......
ചേമ്പിലയിലെ നീര്‍ത്തുള്ളിയെന്നപോല്‍ ഒരു തുള്ളി നിറഞ്ഞു....
ഇമകള്‍ക്കു താളം തെറ്റിയപ്പോള്‍ പൊഴിഞ്ഞു ആ തുള്ളി.. പലതുള്ളിയായി.....

ആ തണല്‍ തേടി വീണ്ടും...
പൂവാക പൂര്‍ണ്ണമല്ലാത്ത എന്നെ നോക്കി... എനിക്കു വേണ്ടി നിറയെ പൊഴിച്ചിരുന്നു അന്ന്.
പക്ഷെ ഇന്ന് ചുവപ്പിന് മങ്ങല്‍, പൂര്‍ണ്ണമല്ലാത്തതുപോലെ...


ഒരു ചുവന്ന, ആ പൂവെന്റെ കണ്ണിലുടക്കി , എന്റെ രക്തത്തിന്റെ നിറം.. അല്ല, നീ നിറഞ്ഞ എന്റെ ഹൃദയത്തിന്റെ നിറം. കണ്ണിനു കുളിരേകി...
ബാഷ്പ ബിന്ദുപോലെ ഒരു തുള്ളി എനിക്കേകി ആ വാക.
നീ സ്പര്‍ശിക്കും പോലെ............
അതെ നീ തന്നെ...

ഞാന്‍ തിരിച്ചറിഞ്ഞു ,
ആ പാതയോരത്ത് നോവുമോരാത്മാവായ് എന്‍ വ്യഥ കണ്ട് നീയും....
അതെ എന്‍ വ്യഥ കണ്ട് നീയും, ബാഷ്പ ബിന്ദുവായി, ഓര്‍മകളായി ഉലാത്തുകയായിരുന്നു....

5 May 2009

നിശയിലെ നീ..

അണയുന്ന വികാരങ്ങളെയും, വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന ആ അര്‍ഥപ്രഞ്ജയെ മുറുകെപിടിച്ചിരിക്കുവാന്‍ വെമ്പുന്ന മനസ്സിനെ...
പാതിയുണര്‍ന്ന്, ഇന്നും എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ...
താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍......


വീണ്ടും ഒരു തീരാ നിശ, നീ ഉറങ്ങുമ്പോഴും, എന്നെ ഉണര്‍ത്തിയിരുന്ന അതേ വികാരങ്ങള്‍ നിന്നെ കാണുവാനായി ആ കാര്‍മേഘങ്ങള്‍ പാതി മറച്ച വിണ്ണിനെ നോക്കി കേണിരുന്നു...
എന്തോ അറിയാവുന്നതു പോലെ കാര്‍മേഘം കറുത്ത് ഘനം കൂട്ടി ആ വെള്ളിക്കണ്ണാടിയിലെ നിന്റെ മുഖം മറച്ചു....

കണ്ണിലെ കണികകള്‍, എത്തിനോക്കിയ നിലാവെളിച്ചത്തില്‍ മുത്തുപൊഴിച്ചുകൊണ്ടേയിരുന്നു... ഘനം കൂടിയ ആ വികാരധാരയില്‍ അലിഞ്ഞുവോ ആ ഓര്‍മ്മകള്‍.. എന്തോ അറിയില്ല, ആ ഓര്‍മ്മകള്‍ അലിഞ്ഞുരുകി കടല്‍ ചേര്‍ന്നാലും, നീരാവിയായി, വെള്ളിമേഘങ്ങളായി, വീണ്ടും എന്നിലേക്കു പെയ്തിറങ്ങും, ഭൂമി എന്നപോലെ നിശ്ശബ്ദമായി ഞാനതേറ്റുവാങ്ങും...

നിന്റെ ഉറക്കം, ഉണര്‍ത്തിയ എന്നെ, ആ നിശയില്‍ നിര്‍വികാരമായി അലഞ്ഞലിഞ്ഞുരുകാന്‍ ഓര്‍മ്മയിലേക്കിറക്കിവിട്ടു...
നിന്റെ ഉറക്കം, ഉണര്‍ത്തിയിരുന്നു എന്നെ...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...

2 May 2009

ക്ഷണ ബ്രാഹ്മണന്‍

മിത്രത്തിന്റെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്തത്..... അനുവാദമില്ലാതെ, ചോദിച്ചറിഞ്ഞതും, സംഭാഷണശകലങ്ങള്‍ അവന്റെ കണ്ണുകള്‍ നിറച്ചപ്പോള്‍ എഴുതിയത്.

നാ‍ലു ദിവസത്തെ ഒന്നിച്ചവുധിയിട്ടതിന്റെ സന്തോഷം, രാത്രി സുഹൃത്തുക്കളുമൊത്തവന്‍ ഉറ്റ കൂട്ടുകാരന്റെ വീട്ടിലേക്കൊരു യാത്രയുടെ വക്കില്‍..... ബസ്റ്റാന്റില്‍ തമിഴക്ഷരങ്ങള്‍ കൂട്ടിവായിക്കും മിടുക്കില്‍, ആഥിധേയനാകുന്ന സുഹൃത്തിനെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ബസ്സിന്റെ തലപ്പ് വായിച്ചവന്‍ പറഞ്ഞു “അതെ അങ്ങോട്ടു തന്നെ” എട്ടുപേരും ചാടിക്കയറി. സീറ്റുകള്‍ കുറവ്, ആറുമണിക്കൂര്‍ യാത്രയുള്ളതുകൊണ്ട് എല്ലാവരും തിരിച്ചിറങ്ങി... മുറുക്കിയ വായിലെ കറപുരണ്ട പല്ലിളിച്ചു കാട്ടിയ “പാട്ടിയെ” മറന്നു പൊയിട്ടില്ല.. അവര്‍ക്കു സീറ്റുകിട്ടി. വീട്ടിലെത്താന്‍ എല്ലാവര്‍ക്കും തിരക്കുള്ളതു പോലെ ആ ബസ്സ് നിറഞ്ഞു പോയി. ഒരുവന്റെ കുശാഗ്രബുദ്ധി തെളിഞ്ഞു, എല്ലാവരും ബസ്സു കയറിവരുന്ന ഭാഗത്തേക്ക് നടന്നു, “അതാ വണ്ടി!”. “ ഓടുന്ന വണ്ടിയില്‍ ചാടിക്കയറരുത് ” മനസ്സിലെ മുന്നറിയിപ്പവഗണിച്ചവര്‍ ചാടിക്കയറി. സീറ്റ് കിട്ടി.

ആദ്യത്തെ ഫോണ്‍ കോള്‍...
Mummy Calling... സ്ക്രീനില്‍ തെളിഞ്ഞുവന്നു...
“അമ്മേ....! എന്തു പറ്റി രാത്രിയില്‍?”
“നീ എവിടാ ?”
“ഞാന്‍ പറഞ്ഞിരുന്നില്ലേ.. കൂട്ടുകാരന്റെ വീട്ടില്‍......”
“മോനേ......! മാ‍മാ ആശുപത്രിയിലാടാ....”
“എന്താ?....”
“അതെ ആറ്റിലിറങ്ങിയതാ രണ്ടുപേരും.... അനിമാമായെ കാണുന്നില്ല....! ഞാന്‍ അങ്ങോട്ട് പോകുന്നേ ഉള്ളൂ..... ഞാന്‍.... ഞാന്‍ പിന്നെ വിളിക്കാം....”

വാക്കുകളിലെ വിങ്ങലുകള്‍ തിരിച്ചറിഞ്ഞിരുന്നു അവന്‍.....
ഉടന്‍ തന്നെ കുഞ്ഞമ്മയെ അവന്‍ വിളിച്ചു.. ഫോണെടുത്തില്ല. വീണ്ടും അവന്റെ ഫോണ്‍ ശബ്ദിച്ചു.. അനുജത്തി..
“വാവേ, എന്താ മാമന്... എന്താ നിധീ, വല്യമാമനെന്താ ?”
“മാമന് കുഴപ്പമൊന്നുമില്ല... ”
ഏങ്ങലുകള്‍ കടിച്ചമര്‍ത്തിയ സ്വരം മങ്ങി...
“അനിമാമയോ... ? ”
കടിച്ചമര്‍ത്തിയ ഏങ്ങലുകള്‍ വിങ്ങിപ്പൊട്ടി....
“വാവേ... എന്താ ഇത്.. ഫോണ്‍ വെച്ചോ... ഞാന്‍.. പിന്നെ വിളിക്കാം...”
കൂടെയിരുന്ന കൂട്ടുകാരന്‍മാര്‍ കാര്യം തിരക്കി............
മറുപടി ഒരുതുള്ളി കണ്ണുനീര്‍.. (ഇതുവരെ അവനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല....)
“എന്താടാ...?”
“എനിക്ക് വീട് വരെ ഒന്നു പോകണം......”
ബസ്സ് റോഡുകള്‍ പിന്നിട്ടുകൊണ്ടിരുന്നു.....
അവന്‍ ചേട്ടത്തിയമ്മയെ വിളിച്ചു......
“ഹലോ ഭാബീ..... വെയര്‍ ഈസ് ഭയ്യാ.....”
“ഹീ ഈസ് ഹിയര്‍.. ജെസ്റ്റ് എ സെക്കണ്ട്... ”
“ഹലോ.... അണ്ണാ..അനിമാമനെന്താ............?”
“ടാ മാമന്‍............... ആറ്റില്‍ മുങ്ങി മരിച്ചു...”
ഉരുക്കിഉറപ്പിച്ച ശബ്ദം, പക്ഷെ അതിനുശേഷനുള്ള നിശബ്ദത, വേദനയുടെ ആഴം അളന്നിരുന്നു അവന്‍...
(“ഏയ് വാട്ട് ഈസ് ദിസ്.....” ഭാബിയുടെ സ്വാന്തനിപ്പിക്കലുകളും ഇടറി.....(കരയുന്നത് ആദ്യമായിട്ടണ്.....)........)
“പക്ഷെ മാമനു നല്ലവണ്ണം നീന്തറിയാമല്ലോ.....”
കൂട്ടുകാര്‍ ഇറങ്ങി.... അവന്‍ ഒറ്റക്കായതറിഞ്ഞില്ല.....


“നീ എവിടാ........”
“ഞാന്‍ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുവാ.....”
“ങാ രാവിലെ ഞങ്ങളങ്ങെത്തും........ മമ്മിയേം കുഞ്ഞമ്മയേം നോക്കിയേക്കണേ...”
വണ്ടികള്‍ മാറിക്കയറിയതും സൂര്യന്‍ ഉദിച്ചതും, കലങ്ങിയ കണ്ണുകള്‍ തെളിയാന്‍ വഴികൊടുത്തില്ല...
അതിരാവിലെ വീട്ടിലെത്തി.. വീട് പൂട്ടിയിരുന്നു..
അളിയന്റെ കാറ് വന്ന് മുന്‍പില്‍ നിന്നു... വാ കണ്ണാ....
ഡോര്‍ തുറന്നടഞ്ഞു........
കാറുകള്‍ നിരന്നുകിടക്കുന്നു......
ആസ്ബറ്റോസുകൊണ്ടുള്ള താത്കാലിക പന്തല്‍.... അടുക്കുതെറ്റിക്കിടക്കുന്ന കസേരകള്‍ മുറ്റത്ത്...
കുഞ്ഞമ്മയുടെ മകള്‍ വാവ ഓടിവന്നു, കരഞ്ഞു.... വലിയമാമ കരയുന്നു... “അവന്‍ എന്റെ കൂടൊണ്ടാരുന്നതാ..”
എല്ലാവരേയും കണ്ടു.............. ഒരക്ഷരം ആരോടും മിണ്ടുന്നില്ല...
അളിയന്‍ വന്നു വിളിച്ചു...... അവന്‍ അനിമാമിയുടെ മുറിയിലേക്ക് ചെന്നു.... അമ്മൂസ് (നാലു വയസ്സ്) ഒന്നുമറിയാതെ ഓടിവന്ന് സ്ഥിരം ചോദികാറുള്ള കമ്പുമുട്ടായി ചോദിച്ചു.... ഇതുവരെ പിടിച്ചുനിന്ന അവന്‍... അവളെ കോരിയെടുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞു.... അളിയന്‍ വീ‍ണ്ടും വന്നു വിളിച്ചു, “വാ നമുക്ക് മോര്‍ച്ചറിയിലേക്കു പോകാം.. എടുക്കാനുള്ള സമയമായി...”
കാറില്‍ പോയി തിരിച്ച് ആമ്പുലന്‍സില്‍ ആത്മാവു നഷ്ടപ്പെട്ട അമ്മാവന്റെ കൂടെ........
ഇറക്കി പന്തലില്‍ വച്ചു വെള്ള പുതച്ച്................
രണ്ടു മണിക്കൂര്‍ രണ്ട് വര്‍ഷം എന്നപോലെ ഇഴഞ്ഞുനീങ്ങി... ഇതിനിടയില്‍ അണ്ണന്‍ വന്നു കൂടെ ചേട്ടത്തിയമ്മയും ഉണ്ട്...
കര്‍മ്മങ്ങള്‍ ആരു ചെയ്യുമെന്ന ചോദ്യവുമായ് ഒരാള്‍ പാഞ്ഞു നടക്കുന്നു... പുത്രസമാനനായ ആരെങ്കിലും...
കുടുമ്പത്തിലെ ഇളയ ആണ്‍തരിയായ അവന്റെ അടുത്തുതന്നെ അതെത്തി. കുറിയാണ്ടുടുത്ത് കുളിച്ചുവരുവാന്‍ ആരോ ഉപദേശിച്ചു...
നനഞ്ഞു നിന്നിരുന്ന അവനെ കണ്ണുനീര്‍ വീണ്ടും നനച്ചു..... ഇടത്തോട്ടിട്ട ഒരു പൂണൂല്‍ ധരിച്ചു.. കറുക മോതിരത്തിന്റെ കയ്യുകള്‍ യാത്രയപ്പിന്റെ മന്ത്രങ്ങള്‍ക്കനുസരിച്ച് അഗ്നിയില്‍ ഹോമിച്ചു.... ഒറ്റ പാളച്ചെരുപ്പ് ധരിച്ച് ജലധാരയൂറുന്ന കുടവുമായി മൂന്ന് വലംവെയ്ച്ചു പിറകിലേക്കിട്ടു..... പിന്നെയും കുറെക്കഴിഞ്ഞ് അവന്റെ അമ്മാവന്‍ അഗ്നിശുദ്ധി വരുത്തി പഞ്ചഭൂതമായി അലിഞ്ഞു...
അവന്‍ ഒരു ക്ഷണബ്രാഹ്മണനായി...

1 May 2009

ഹൃദയത്തിന്‍ ഓര്‍മ്മ...!

വെളുത്ത ഒരു പക്ഷി, തൂവെള്ള നനുത്ത കണ്ണും... നല്ല ഭംഗി, ഒരു പകുതി പഴുത്ത ഞാറക്ക കൊത്തിയെടുത്ത് ജനാലക്കല്‍ വന്നിരുന്നു. എന്നെ നോക്കിയിരുന്ന ആ പക്ഷിക്ക് ആ ഞാറക്കായെനിക്ക് തരണമെന്നുള്ളതുള്ളതുപോലെ തോന്നി.. പക്ഷെ തരുന്നതിനു മുന്‍പ് തട്ടിപ്പറിക്കാനെനിക്കു തോന്നിയത്, എന്തോ ഹൃദയമനുവദിച്ചില്ല. പെട്ടെന്നോര്‍മ്മവന്നു, അടുത്തെങ്ങും തൊടിയില്‍ ഞാറ മരം ഇല്ല. പിന്നെ ഇതെങ്ങനെ?
വീണ്ടും നോക്കിയപ്പോള്‍ അത് കൊത്തിയെടുത്ത എന്റെ ഹൃദയമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. ദൈവമേ! ഇത്ര ചെറുതായിപ്പോയോ എന്റെ ഹൃദയം.



പെട്ടന്നാണതു
സംഭവിച്ചത് എന്നെനോക്കി ആ പക്ഷി ചോദിച്ചു
........!

“എന്നെ തിരിച്ചറിഞ്ഞോ...? ”
വേദനിപ്പിക്കാതെ ആ ഹൃദയം താഴെ വീണു.
“ഇല്ല അറിയില്ല... ? ”
“ഇത്രവേഗം മറന്നോ എന്നെ...? ”
ഓര്‍മകളിലൂടെ ഊളിയിട്ടു... പക്ഷ..
ഇല്ല അറിയില്ല...

“ആ തണുപ്പില്‍ നിന്‍ തനുവിന്‍ ചൂട് എന്റേതാക്കിമാറ്റിയപ്പോള്‍, ഈ ഹൃദയത്തിന്റെ ഇടിപ്പ് ഞാനറിഞ്ഞിരുന്നു....! ആ വിരലുകള്‍ എന്റെ വിരലുകളെ തഴുകി, ആ വീഥി അത്രയും തീര്‍ത്തപ്പോള്‍, നീ അറിയാതെ വിയര്‍പ്പ് പൊട്ട് കുത്തുന്നതും ഞാന്‍ കണ്ടിരുന്നു. പൂവുകള്‍ ഇമകളടച്ചപ്പോള്‍ നിന്നില്‍ തെന്നി വന്ന തെന്നല്‍ സുഗന്ദം നിറച്ചതും, ആ നീല മിഴികള്‍ നിലാവിനെ നോക്കാതെ എന്‍ മുഖം പ്രതിഭലിപ്പിച്ചതും.. ഈ നിമിഷമെന്നപോല്‍ ഞാന്‍ ഓര്‍ക്കുന്നു... അകാശത്തില്‍ നക്ഷത്രങ്ങളെന്നപോല്‍ നിന്റെ ഓര്‍മ്മ ഈ ചെറിയ പകലില്‍ മാഞ്ഞുപോയോ....?”

പറയുന്ന ഓരോ വാക്കും ഏറെ അടുപ്പിക്കുന്നു..... ഞാന്‍ എന്തെക്കിലും പറഞ്ഞല്‍ ആ വാക്കുകള്‍ വീണ്ടും എന്നിലെ ഓര്‍മകളെ വ്രണപ്പെടുത്തും എന്ന് തോന്നി.

താഴവീണതിന്റെ വേദന തോന്നിത്തുടങ്ങിയിരിക്കുന്നു...... വല്ലാതെ കൂടിവന്നപ്പോള്‍, ഉറക്കം ഉപേക്ഷിച്ചുണരേണ്ടിവന്നു...

പക്ഷെ ഒരു പിടി ഓര്‍മകള്‍ അവശേഷിപ്പിച്ചിട്ട്, ആ കിളി പറന്നു പോയിരുന്നു.....
ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ഹൃദയത്തിനു വലിപ്പം കുറഞ്ഞിരുന്നില്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞു....