25 Jan 2010

ഇറ്റുവീഴുന്ന ജീവിതം

ഇന്നലെ ഹൃദയം തല്ലിത്തകര്‍ത്തവന്‍,
കൊണ്ടുപോയിരുന്നു ഈ ജീവനേയും.
പിന്നെയെന്തിനീ ജീവശ്ചവം പോലെ,
ഭാരമായ് ഭൂമിയില്‍, പിന്നെ ഏകയായ്.

ആഴത്തിലാ മൂര്‍ഛ ഇറങ്ങി,
കൈത്തണ്ടില്‍ ചീറ്റിയൊഴുകി വിഷാദം
രക്തക്കൊഴുപ്പില്‍ വറ്റിത്തുടങ്ങിയോ..
ആ ഹൃദയത്തിന്‍ മുറിപ്പാടുകള്‍..?

ചോര്‍ന്നുവോ കൊടും കൊഴുപ്പില്‍,
അലിഞ്ഞുവീ ജീവിത വേദനകള്‍?
കൊട്ടിക്കൊഴിഞ്ഞു, നിമിഷം നിലത്തില്‍,
നെഞ്ചിടിപ്പിന്‍ താളം തകിടം മറിഞ്ഞു.

ഇരുട്ടിന്റെ മൂടാപ്പ് കണ്ണില്‍ പൊതിഞ്ഞു,
വീണുവാ ചേതന രക്തക്കളത്തില്‍.
വെള്ളയാം പട്ടില്‍ സ്നേഹത്തിന്‍ കറയായി,
ജീവനോ എണ്ണിത്തുടങ്ങി വേര്‍പാടിനായ്.

അലറിക്കരഞ്ഞുകൊണ്ടാ കരങ്ങള്‍,
കോരിയെടുത്തു, നെഞ്ചോടടിപ്പിച്ചു.
പൊന്നഛന്റെ കണ്ണിലും ചുവപ്പു പടര്‍ന്നു,
നാലു ചക്രങ്ങള്‍ ചുമന്നു പാതി ശവങ്ങളെ.

ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,
ജീവന്റെ രക്ഷകര്‍ പലവിധം.
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.

ഓര്‍ത്തില്ലയോ, കത്തി കയ്യിലേടുത്തപ്പോള്‍
നോവുമിവര്‍ മുറിവിനേക്കള്‍ ആഴത്തിലെന്ന്.
സ്വയം വെറുത്ത ഹൃദയത്തിലെവിടെയോ,
വെറുപ്പിന്റെ, ഭ്രാന്തിന്റെ ചേഷ്ടകളിതത്രയും.

മേല്‍ച്ചുവരുകള്‍ നോക്കി തുറന്നു,
പുതു ജീവിതം പതുക്കെ പതുക്കെ.
ജീവനും തോല്പിച്ച, മടുപ്പില്‍, മുഷുപ്പില്‍,
കരഞ്ഞു അവള്‍, ഏങ്ങിക്കരഞ്ഞു.

കരമ്പിടിച്ചരികിലിരിക്കുവാന്‍,
അവന്‍ വരുകയില്ലെങ്കിലും,
കരങ്ങള്‍ പിടിച്ചുകൊണ്ടു രണ്ടുപേര്‍,
കരഞ്ഞുകൊണ്ടവളുടെ കണ്ണീരൊപ്പുന്നു.

ഹേ! ജീവനേ..! രക്തമിറ്റിടുമ്പോള്‍,
ഓര്‍ത്തുവോ നിന്റെ മാതാപിതാക്കളെ ?
വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?
അതോ രക്തബന്ധത്തിന്‍ വാത്സല്യത്തിനോ..?


Creative Commons License

4 comments:

നന്ദന said...

വെറും കപടമാം സ്നേഹ നാട്യത്തിലോ വില..?
അതോ രക്തബന്ധത്തിന്‍ വാത്സല്യത്തിനോ?
എന്താണ് ഇങ്ങനെ പറയാൻ കാരണം
എന്തെങ്കിലും പ്രത്യേകിച്ച്??
രണ്ടിനും വിലയില്ലേ?
ഒന്ന് മറ്റൊന്നിന് ശക്തിയല്ലേ?

Unknown said...

ജീവനെ തിരികെപ്പിടിക്കുവാന്‍, വിയര്‍ത്തുവാ,
ജീവന്റെ രക്ഷകര്‍ പലവിധം.
ഉറ്റുനോക്കിയിരുന്നു, നടന്നു, നീരോടെ,
പല കണ്ണുകള്‍, കണ്ണാടിച്ചില്ലിനുമപ്പുറം.

ഏ.ആര്‍. നജീം said...

ചില രചനകള്‍ നമ്മള്‍ ഒരുപാട് ഇഷ്ടപ്പെട്ടുപോകും...

പക്ഷേ, എന്താ പറയേണ്ടതെന്ന്‍ അറിയാതെ സ്തംഭിച്ച് പോകുകയും ചെയ്യും..

ഇവിടെയും അതാ.. ചില വരികള്‍ ശരിക്കും മനസ്സില്‍ തറയ്ക്കുന്നു..

പാവപ്പെട്ടവൻ said...

ഇവിടെയും വില്ലന്‍ തിരിച്ചറിവ് തന്നെ ................വാക്കുകള്‍ കവരുന്ന ജീവിതങ്ങള്‍
ഈ ചൊല്ലുന്ന കവിതയില്‍ ചിലതൊന്നും കേള്‍ക്കാന്‍ കഴിയില്ല മ്യൂസിക്കിന്‍റെ അതിപ്രസരം