14 Jun 2010

മറയില്ലാക്കാഴ്ചകള്‍ കാണാം

പുതു മണ്ണുപുതയ്ക്കും പുതുപാ‍ടങ്ങള്‍-
കൊടിനാട്ടികള്‍ ഉഴുതുമറിപ്പതു കാണാം.
അഞ്ചരസെന്റില്‍ കടമേറിക്കെഞ്ചും-
കണ്ണീര്‍ വാര്‍ക്കും കര്‍ഷകനെക്കാണാം.

പൊട്ടിയൊലിക്കും ഓടക്കരികില്‍-
കരിക്കലം കഴുകും കൈകള്‍ കാണാം.
ഇലയില്ലാത്തൊരു മരത്തിലാടും തൊട്ടിലില്‍-
റൊട്ടിപ്പൊടികള്‍ പറുക്കും കാക്കകള്‍ കാണാം.

നാളെ ജനിക്കേണ്ട ആ കുരുന്നിനെ-
ഇന്നു ജനിപ്പിക്കും കാഴ്ചകള്‍ കാണാം.
ഇന്നു ജനിച്ചുടന്‍ കരിഞ്ചന്തയില്‍-
ഗാന്ധിത്തലകളില്‍ തൂക്കം വെയ്പതുകാണാം.

ചുമടുചുമന്നു നടന്നകലുന്ന കുരുന്നിന്‍-
പാദം കൊണ്ടമരും പാതകള്‍ കാണാം.
പാതയിലെക്കുഴിയില്‍ വാഴനടും-
വിപ്ലവത്തിന്‍ വെളിപാടിനെക്കാണാം.

വീതിപെരുത്തൊരു റോഡിന്നരുകില്‍-
പാതിപൊളിഞ്ഞ പല നിര്‍മ്മിതി കാണാം.
കെട്ടിമറച്ചൊരു കൊച്ചുകടയില്‍-
മദ്യക്കുപ്പികള്‍ അടുങ്ങിയിരുപ്പതുകാണാം.

അമ്പലമുക്കില്‍ അരയാല്‍ത്തറയില്‍-
കഴുത്തറത്ത പല കുപ്പികള്‍ കാണാം.
ഉടുതുണിയില്ലാതിഴയും കൂലിപ്പടതന്‍ കുടുംബം‍-
പെരുവെയിലില്‍ പെട്ടുഴലുന്നതുകാണാം.

കുത്തിനിറച്ചോരാ ലോറികളില്‍ പല-
പല മൂലകളില്‍ മൂക്കയറുകള്‍ കാണാം.
വരിവരി നിരയായ് അറവിന്‍ ശാലയില്‍-
ഊഴം കാത്തുകിടക്കും മാടുകളെക്കാണാം.

സമയം തെറ്റിയതോടും ബസ്സില്‍ കാശിനു-
വളയം പിടിക്കും മരണപ്പാച്ചിലുകാണാം.
നിലയില്ലാത്താ നിയന്ത്രണമോ ഒടുവില്‍-
തറയില്‍ രക്തം ചീറ്റി ചിതറിപ്പതുകാണാം.

പ്രതിഫലനങ്ങള്‍ നിലച്ചോരാറിനു കുറുകെ-
കൈവരിയില്ലാത്തൊരു പാലം കാണാം.
കട്ടുമുടിച്ചിട്ടാ കൊടികെട്ടിയകാറില്‍-
കാട്ടാളന്മാര്‍ കാട്ടും ഗോഷ്ടികള്‍ കാണാം.

മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.
മറയില്ലാതെ കിടക്കും ഈ കാഴ്ചകള്‍ കാണാന്‍-
പലരും കണ്ണില്‍ കറുത്തചില്ലുകള്‍ വെയ്പതുകാണാം.

7 comments:

Unknown said...

കവിതയുടെ ആശയം ഗംഭീരം. എങ്കിലും , താളഭംഗിയില്‍ ശ്രദ്ധിക്കുന്ന കവി ചില വാക്കുകളുടെ അതി പ്രസരത്തില്‍ വിഷമിക്കുന്നോ എന്ന് സംശയിക്കേണ്ടി വരുന്നു. എഴുതുക, വീണ്ടും........വീണ്ടും.

വീകെ said...

ഓട്ടം തുള്ളൽ ആണൊ....?

ആശംസകൾ....

ഉപാസന || Upasana said...

ഇത്രയൊക്കെ കണ്ടുകൊണ്ടൂ ഒരു ജീവിതം എന്തിനാണല്ലേ
:-(

.. said...

..
ഒരു “കണ്ണട” ശൈലി യാദൃശ്ചികമാണൊ?

കാഴ്ച്ചകള്‍ “നല്ലതല്ലെ”ങ്കിലും
ഇനിയും കാണുക
അവയെ രചിക്കുക

ആശംസകള്‍
..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കാട്ടാക്കട ശൈലി ഫീൽ ചെയ്തു...

നന്നായിട്ടുണ്ട്ട്ടോ

സുന്ദരിക്കുട്ടി said...

ശരിയാണ്, കാട്ടാക്കടയുടെ കണ്ണട എന്നതിനോട് വളരെ സാമ്യമുണ്ട്.. പക്ഷെ അത് യാദൃശ്ചികമാണ്. അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി...

joshy pulikkootil said...

naayittundu