2 May 2009

ക്ഷണ ബ്രാഹ്മണന്‍

മിത്രത്തിന്റെ ജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്തത്..... അനുവാദമില്ലാതെ, ചോദിച്ചറിഞ്ഞതും, സംഭാഷണശകലങ്ങള്‍ അവന്റെ കണ്ണുകള്‍ നിറച്ചപ്പോള്‍ എഴുതിയത്.

നാ‍ലു ദിവസത്തെ ഒന്നിച്ചവുധിയിട്ടതിന്റെ സന്തോഷം, രാത്രി സുഹൃത്തുക്കളുമൊത്തവന്‍ ഉറ്റ കൂട്ടുകാരന്റെ വീട്ടിലേക്കൊരു യാത്രയുടെ വക്കില്‍..... ബസ്റ്റാന്റില്‍ തമിഴക്ഷരങ്ങള്‍ കൂട്ടിവായിക്കും മിടുക്കില്‍, ആഥിധേയനാകുന്ന സുഹൃത്തിനെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ബസ്സിന്റെ തലപ്പ് വായിച്ചവന്‍ പറഞ്ഞു “അതെ അങ്ങോട്ടു തന്നെ” എട്ടുപേരും ചാടിക്കയറി. സീറ്റുകള്‍ കുറവ്, ആറുമണിക്കൂര്‍ യാത്രയുള്ളതുകൊണ്ട് എല്ലാവരും തിരിച്ചിറങ്ങി... മുറുക്കിയ വായിലെ കറപുരണ്ട പല്ലിളിച്ചു കാട്ടിയ “പാട്ടിയെ” മറന്നു പൊയിട്ടില്ല.. അവര്‍ക്കു സീറ്റുകിട്ടി. വീട്ടിലെത്താന്‍ എല്ലാവര്‍ക്കും തിരക്കുള്ളതു പോലെ ആ ബസ്സ് നിറഞ്ഞു പോയി. ഒരുവന്റെ കുശാഗ്രബുദ്ധി തെളിഞ്ഞു, എല്ലാവരും ബസ്സു കയറിവരുന്ന ഭാഗത്തേക്ക് നടന്നു, “അതാ വണ്ടി!”. “ ഓടുന്ന വണ്ടിയില്‍ ചാടിക്കയറരുത് ” മനസ്സിലെ മുന്നറിയിപ്പവഗണിച്ചവര്‍ ചാടിക്കയറി. സീറ്റ് കിട്ടി.

ആദ്യത്തെ ഫോണ്‍ കോള്‍...
Mummy Calling... സ്ക്രീനില്‍ തെളിഞ്ഞുവന്നു...
“അമ്മേ....! എന്തു പറ്റി രാത്രിയില്‍?”
“നീ എവിടാ ?”
“ഞാന്‍ പറഞ്ഞിരുന്നില്ലേ.. കൂട്ടുകാരന്റെ വീട്ടില്‍......”
“മോനേ......! മാ‍മാ ആശുപത്രിയിലാടാ....”
“എന്താ?....”
“അതെ ആറ്റിലിറങ്ങിയതാ രണ്ടുപേരും.... അനിമാമായെ കാണുന്നില്ല....! ഞാന്‍ അങ്ങോട്ട് പോകുന്നേ ഉള്ളൂ..... ഞാന്‍.... ഞാന്‍ പിന്നെ വിളിക്കാം....”

വാക്കുകളിലെ വിങ്ങലുകള്‍ തിരിച്ചറിഞ്ഞിരുന്നു അവന്‍.....
ഉടന്‍ തന്നെ കുഞ്ഞമ്മയെ അവന്‍ വിളിച്ചു.. ഫോണെടുത്തില്ല. വീണ്ടും അവന്റെ ഫോണ്‍ ശബ്ദിച്ചു.. അനുജത്തി..
“വാവേ, എന്താ മാമന്... എന്താ നിധീ, വല്യമാമനെന്താ ?”
“മാമന് കുഴപ്പമൊന്നുമില്ല... ”
ഏങ്ങലുകള്‍ കടിച്ചമര്‍ത്തിയ സ്വരം മങ്ങി...
“അനിമാമയോ... ? ”
കടിച്ചമര്‍ത്തിയ ഏങ്ങലുകള്‍ വിങ്ങിപ്പൊട്ടി....
“വാവേ... എന്താ ഇത്.. ഫോണ്‍ വെച്ചോ... ഞാന്‍.. പിന്നെ വിളിക്കാം...”
കൂടെയിരുന്ന കൂട്ടുകാരന്‍മാര്‍ കാര്യം തിരക്കി............
മറുപടി ഒരുതുള്ളി കണ്ണുനീര്‍.. (ഇതുവരെ അവനെ ഞാന്‍ കരഞ്ഞു കണ്ടിട്ടില്ല....)
“എന്താടാ...?”
“എനിക്ക് വീട് വരെ ഒന്നു പോകണം......”
ബസ്സ് റോഡുകള്‍ പിന്നിട്ടുകൊണ്ടിരുന്നു.....
അവന്‍ ചേട്ടത്തിയമ്മയെ വിളിച്ചു......
“ഹലോ ഭാബീ..... വെയര്‍ ഈസ് ഭയ്യാ.....”
“ഹീ ഈസ് ഹിയര്‍.. ജെസ്റ്റ് എ സെക്കണ്ട്... ”
“ഹലോ.... അണ്ണാ..അനിമാമനെന്താ............?”
“ടാ മാമന്‍............... ആറ്റില്‍ മുങ്ങി മരിച്ചു...”
ഉരുക്കിഉറപ്പിച്ച ശബ്ദം, പക്ഷെ അതിനുശേഷനുള്ള നിശബ്ദത, വേദനയുടെ ആഴം അളന്നിരുന്നു അവന്‍...
(“ഏയ് വാട്ട് ഈസ് ദിസ്.....” ഭാബിയുടെ സ്വാന്തനിപ്പിക്കലുകളും ഇടറി.....(കരയുന്നത് ആദ്യമായിട്ടണ്.....)........)
“പക്ഷെ മാമനു നല്ലവണ്ണം നീന്തറിയാമല്ലോ.....”
കൂട്ടുകാര്‍ ഇറങ്ങി.... അവന്‍ ഒറ്റക്കായതറിഞ്ഞില്ല.....


“നീ എവിടാ........”
“ഞാന്‍ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുവാ.....”
“ങാ രാവിലെ ഞങ്ങളങ്ങെത്തും........ മമ്മിയേം കുഞ്ഞമ്മയേം നോക്കിയേക്കണേ...”
വണ്ടികള്‍ മാറിക്കയറിയതും സൂര്യന്‍ ഉദിച്ചതും, കലങ്ങിയ കണ്ണുകള്‍ തെളിയാന്‍ വഴികൊടുത്തില്ല...
അതിരാവിലെ വീട്ടിലെത്തി.. വീട് പൂട്ടിയിരുന്നു..
അളിയന്റെ കാറ് വന്ന് മുന്‍പില്‍ നിന്നു... വാ കണ്ണാ....
ഡോര്‍ തുറന്നടഞ്ഞു........
കാറുകള്‍ നിരന്നുകിടക്കുന്നു......
ആസ്ബറ്റോസുകൊണ്ടുള്ള താത്കാലിക പന്തല്‍.... അടുക്കുതെറ്റിക്കിടക്കുന്ന കസേരകള്‍ മുറ്റത്ത്...
കുഞ്ഞമ്മയുടെ മകള്‍ വാവ ഓടിവന്നു, കരഞ്ഞു.... വലിയമാമ കരയുന്നു... “അവന്‍ എന്റെ കൂടൊണ്ടാരുന്നതാ..”
എല്ലാവരേയും കണ്ടു.............. ഒരക്ഷരം ആരോടും മിണ്ടുന്നില്ല...
അളിയന്‍ വന്നു വിളിച്ചു...... അവന്‍ അനിമാമിയുടെ മുറിയിലേക്ക് ചെന്നു.... അമ്മൂസ് (നാലു വയസ്സ്) ഒന്നുമറിയാതെ ഓടിവന്ന് സ്ഥിരം ചോദികാറുള്ള കമ്പുമുട്ടായി ചോദിച്ചു.... ഇതുവരെ പിടിച്ചുനിന്ന അവന്‍... അവളെ കോരിയെടുത്ത് കെട്ടിപ്പിടിച്ച് കരഞ്ഞു.... അളിയന്‍ വീ‍ണ്ടും വന്നു വിളിച്ചു, “വാ നമുക്ക് മോര്‍ച്ചറിയിലേക്കു പോകാം.. എടുക്കാനുള്ള സമയമായി...”
കാറില്‍ പോയി തിരിച്ച് ആമ്പുലന്‍സില്‍ ആത്മാവു നഷ്ടപ്പെട്ട അമ്മാവന്റെ കൂടെ........
ഇറക്കി പന്തലില്‍ വച്ചു വെള്ള പുതച്ച്................
രണ്ടു മണിക്കൂര്‍ രണ്ട് വര്‍ഷം എന്നപോലെ ഇഴഞ്ഞുനീങ്ങി... ഇതിനിടയില്‍ അണ്ണന്‍ വന്നു കൂടെ ചേട്ടത്തിയമ്മയും ഉണ്ട്...
കര്‍മ്മങ്ങള്‍ ആരു ചെയ്യുമെന്ന ചോദ്യവുമായ് ഒരാള്‍ പാഞ്ഞു നടക്കുന്നു... പുത്രസമാനനായ ആരെങ്കിലും...
കുടുമ്പത്തിലെ ഇളയ ആണ്‍തരിയായ അവന്റെ അടുത്തുതന്നെ അതെത്തി. കുറിയാണ്ടുടുത്ത് കുളിച്ചുവരുവാന്‍ ആരോ ഉപദേശിച്ചു...
നനഞ്ഞു നിന്നിരുന്ന അവനെ കണ്ണുനീര്‍ വീണ്ടും നനച്ചു..... ഇടത്തോട്ടിട്ട ഒരു പൂണൂല്‍ ധരിച്ചു.. കറുക മോതിരത്തിന്റെ കയ്യുകള്‍ യാത്രയപ്പിന്റെ മന്ത്രങ്ങള്‍ക്കനുസരിച്ച് അഗ്നിയില്‍ ഹോമിച്ചു.... ഒറ്റ പാളച്ചെരുപ്പ് ധരിച്ച് ജലധാരയൂറുന്ന കുടവുമായി മൂന്ന് വലംവെയ്ച്ചു പിറകിലേക്കിട്ടു..... പിന്നെയും കുറെക്കഴിഞ്ഞ് അവന്റെ അമ്മാവന്‍ അഗ്നിശുദ്ധി വരുത്തി പഞ്ചഭൂതമായി അലിഞ്ഞു...
അവന്‍ ഒരു ക്ഷണബ്രാഹ്മണനായി...

5 comments:

വികടശിരോമണി said...

മരണം പോലെ,സ്വാഭാവികവും അസ്വാഭാവികവുമായി മറ്റൊന്നില്ല.നാമറിയാത്ത നിമിഷങ്ങളിൽ അതു പ്രവർത്തിക്കും.
അനുഭവങ്ങളുടെ പാഠം വൈകാരികതക്കു പുറത്തും പ്രസക്തമാണ്.

ramanika said...

nalla post
kannukal niranju!

Anonymous said...

:(

Sureshkumar Punjhayil said...

Anubhavippichllo Molu. Ashamsakal...!

Muneerinny- ഇരുമ്പുഴി said...

hridhaythil kondu.... wishes!!